ഗസ്സ യുദ്ധം; ചർച്ചകൾക്ക് ആൻറണി ബ്ലിങ്കൻ അബൂദബിയിൽ
text_fieldsദുബൈ: ഗസ്സ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യൻ സന്ദർശനം നടത്തുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അബൂദബിയിലെത്തി.
ശനിയാഴ്ച രാത്രി അബൂദബിയിലെത്തിയ അദ്ദേഹം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അടക്കം പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. സൗദി സന്ദർശനം കഴിഞ്ഞാണ് യു.എ.ഇയിൽ എത്തിയിരിക്കുന്നത്. സംഘർഷം പടരുന്നത് തടയാനും ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കാനും സിവിലിയന്മാരുടെ സംരക്ഷണത്തിനുള്ള വഴികൾ സാധ്യമാക്കാനുമാണ് ബ്ലിങ്കൻ ലക്ഷ്യംവെക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രായേലിൽ നിന്നാണ് സന്ദർശനം തുടങ്ങിയത്. പിന്നീട് ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനുമായും ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ആൻറണി ബ്ലിങ്കൻ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. പിന്നീട് ഖത്തറിലെത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും ചർച്ച നടത്തിയ ശേഷമാണ് റിയാദിലെത്തിയത്. അവിടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായടക്കം കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.