എയർപോർട്ട്- ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജങ്ഷൻ സൗന്ദര്യവത്കരണം പൂർത്തിയായി; സന്ദർശകർക്ക് സ്വാഗതമോദി‘വെൽകം ടു ദുബൈ’
text_fieldsദുബൈ: എമിറേറ്റിലെത്തുന്ന വിമാനയാത്രക്കാർക്കും സന്ദർശകർക്കും പുൽത്തകിടിയിൽ വേറിട്ട രീതിയിൽ സ്വാഗതമൊരുക്കി ദുബൈ മുനിസിപ്പാലിറ്റി. എയർപോർട്ട്- ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജങ്ഷനിലാണ് സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഭാഗമായി പുൽത്തകിടിയിൽ ‘വെൽകം ടു ദുബൈ’ എന്ന പേരിൽ ഇംഗ്ലീഷിലും അറബിക്കിലും ദീപാലങ്കാരമൊരുക്കിയിരിക്കുന്നത്.
ദുബൈയിലേക്ക് സ്വാഗതമോദി രാത്രിയിൽ ‘വെൽകം ടു ദുബൈ’ ദീപാലങ്കാരങ്ങൾ വെട്ടിത്തിളങ്ങും. വിമാനത്തിന്റെ ലാൻഡിങ് വേളയിൽ യാത്രക്കാർക്ക് മനോഹരമായ കാഴ്ചയായിരിക്കും സമ്മാനിക്കുക.
ഇരു റോഡുകളിലുമായി 3.6 ലക്ഷം ചതുശ്ര മീറ്ററിലാണ് ലാൻഡ്സ്കേപ്പിങ് പ്രവൃത്തികൾ ഉൾപ്പെടെ സൗന്ദര്യവത്കരണ പദ്ധതി പൂർത്തിയായത്. 2.6 കോടി ദിർഹമാണ് ഇതിനായുള്ള ചെലവ്. എമിറേറ്റിലെ ഏറ്റവും വലിയ സൗന്ദര്യവത്കരണ പ്രവൃത്തിയാണ് പൂർത്തിയായതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 50,000 വ്യത്യസ്തങ്ങളായ സസ്യങ്ങളും കുറ്റിച്ചെടികളും റോഡിന്റെ ഇരുവശങ്ങളിലുമായി വെച്ചുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഭൂപ്രകൃതിയുടെ സൗന്ദര്യാത്മക ആകർഷണം വർധിപ്പിക്കുന്നതിനായി വിവിധയിനം സസ്യജാലങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ചെടികളുടെ പച്ചപ്പ് നിലനിർത്താനായി ആധുനിക ജലസേചന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ചെടികളുടെ സൗന്ദര്യം ചോർന്നുപോകാത്ത രീതിയിൽ അവക്ക് സംരക്ഷണമേകാനായി നൂതനമായ ഇരുമ്പ് വേലികൾ സ്ഥാപിച്ചിരിക്കുകയാണ്. നഗരത്തിന്റെ വൈവിധ്യമാർന്ന ഭംഗി വർധിപ്പിക്കുന്നതിനായി കൂടുതൽ ഹരിതവത്കരണ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
മനുഷ്യർക്ക് അധിവസിക്കാൻ കഴിയുന്ന ലോകത്തെ ഏറ്റവും മികച്ച നഗരമായി ദുബൈയെ മാറ്റുകയെന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് പദ്ധതികൾ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്രതലത്തിൽ സുസ്ഥിരത നിലവാരം അനുസരിച്ചാണ് നഗരത്തിലെ എല്ലാ സൗന്ദര്യവത്കരണ പ്രവൃത്തികളും നടത്തുന്നത്. താമസക്കാർക്കും സന്ദർശകർക്കും ആകർഷകമായ പരിസ്ഥിതി ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.