ബഹുസ്വരതയുടെ സൗന്ദര്യം ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം-സമദാനി
text_fieldsഅബൂദബി: ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠവുമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. അബൂദബി മലയാളി സമാജം സംഘടിപ്പിച്ച 'ബഹുസ്വരതയുടെ ലോകത്തെ ഇന്ത്യ' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സമദാനി. സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ ബഹുസ്വരത കൂടിയേ തീരൂ. മതം, ഭാഷ ആഹാരത്തിന്‍റെയും വസ്ത്രധാരണത്തിന്‍റെയും രീതികള്‍ എന്നിവയിലെല്ലാം മനുഷ്യരാശിക്ക് പലതരത്തിലുള്ള വ്യത്യാസങ്ങളുണ്ട്. സംസ്‌കാരമെന്നത് ബഹുത്വത്തിലാണ് സ്ഥാപിതമായിട്ടുള്ളത്.
വിവിധ ധാരകള്‍ ചേര്‍ന്ന് രൂപപ്പെട്ട സമ്മിശ്ര സംസ്‌കൃതിയാണ് ഇന്ത്യയുടെ ശക്തി. ആധുനിക കാലത്ത് അത് ഏറ്റവും പൂര്‍ണമായി ഉള്‍ക്കൊണ്ടത് മഹാത്മാഗാന്ധിയാണ്. ബഹുസ്വരതക്ക് പേരുകേട്ട യു.എ.ഇ.യുമായി ഇന്ത്യക്കുള്ള ഉറ്റ സൗഹൃദത്തിന് സാംസ്‌കാരികമായ മാനങ്ങള്‍ ഏറെയുണ്ട്. അറബികള്‍ ചരിത്രത്തില്‍ എക്കാലത്തും ഇന്ത്യക്കാരുമായി ഗാഢമായ മൈത്രീ ബന്ധമാണ് പുലര്‍ത്തിയത്. ഇന്ത്യന്‍ സംസ്‌കാരത്തിലും ഭാഷയിലും അറബി ഭാഷയുടെ സ്വാധീനം സുന്ദരമായി പ്രതിഫലിച്ചുകിടപ്പുണ്ട്. ഗാന്ധിജിയും ശൈഖ് സായിദും മഹാന്മാരായ രാഷ്ട്ര ശില്‍പികള്‍ മാത്രമായിരുന്നില്ല, അടങ്ങാത്ത മനുഷ്യത്വം ഉള്ളില്‍ സൂക്ഷിക്കുകയും പ്രവര്‍ത്തിയില്‍ കൊണ്ടുവരുകയും ചെയ്ത മഹത്തുക്കളായ നേതാക്കള്‍ കൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അബൂദബി മലയാളി സമാജം ആക്ടിങ് പ്രസിഡന്‍റ് രേഖിന്‍ സോമന്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്തു. സമാജം ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, കെ.എസ്.സി പ്രസിഡന്‍റ് കൃഷ്ണകുമാര്‍, ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈ.എ. റഹീം, അബ്ദുല്ല ഫാറൂഖി, ശുക്കൂര്‍ കല്ലിങ്ങല്‍, ഡോ. ജോസ് ജോണ്‍, യേശുശീലന്‍, കെ.എച്ച്. താഹിര്‍, ജോണ്‍ സാമുവല്‍, സലിം ചിറക്കല്‍, പി.ടി. റഫീക്ക്, അജാസ് അപ്പാടത്ത്, ജോ. സെക്രട്ടറി മനു കൈനകരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.