അധ്യയന വർഷാരംഭം; 36 സ്കൂളുകൾ സന്ദർശിച്ച് ദുബൈ പൊലീസ്
text_fieldsദുബൈ: അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് 36 സ്കൂളുകൾ സന്ദർശിച്ച് വിദ്യാർഥികളെ സ്വാഗതം ചെയ്ത് ദുബൈ പൊലീസ്. ഹിമായ ട്രസ്റ്റീസ് കൗൺസിൽ വഴിയാണ് സന്ദർശനം നടത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും ജീവനക്കാർക്കും വിജയാശംസകൾ അറിയിച്ചത്.
എമിറേറ്റിലെ പൊതു, സ്വകാര്യ സ്കൂളുകളുമായി ശക്തമായ ബന്ധം സൂക്ഷിക്കാൻ പൊലീസ് സേന പ്രതിജ്ഞാബദ്ധമാണെന്ന് ഹിമായ കൗൺസിൽ സെക്രട്ടറി ജനറൽ ബ്രി. സുൽത്താൻ അബ്ദുൽ ഹമീദ് അൽ ജമാൽ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ജീവനക്കാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിങ്ങനെ എല്ലാവരുമായും ബന്ധപ്പെടുകയും, വിദ്യാഭ്യാസ അന്തരീക്ഷം സുരക്ഷിതമാക്കാൻ ദുബൈ പൊലീസിന്റെ സഹായം ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി നടപ്പാക്കിയത്. സ്കൂൾ സന്ദർശനങ്ങൾ വഴി വൈവിധ്യമാർന്ന സമൂഹങ്ങളുമായി ബന്ധപ്പെടാനും ബോധവത്കരിക്കാനുമാണ് ലക്ഷ്യമിട്ടത്.
സ്കൂളുകളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് ഹിമായ ട്രസ്റ്റീസ് കൗൺസിൽ വ്യത്യസ്തമായ സംരംഭങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നുണ്ട്. ഇന്റർനാഷനൽ പ്രെട്ടക്ഷൻ സെന്റർ, പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ, സ്കൂൾ സേഫ്റ്റി സംരംഭം, സേഫ്റ്റി അംബാസഡർസ് പ്രോഗ്രാം, നസീജ് സംരംഭം എന്നിവ ഇതിലുൾപ്പെടും. വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം ശക്തമാക്കുകയും പൊലീസുമായി കാര്യക്ഷമമായ ആശയവിനിമയ സംവിധാനം രൂപപ്പെടുത്തുകയുമാണ് പദ്ധതികളുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.