കുട്ടി കഥകളുടെ ബെല്ല ബെല്ല ബെല്ലാഹേ...
text_fieldsഷാർജ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എഴുത്തുകാരി ബെല്ല ജേ ഡാർക് ഷാർജ വായനോത്സവത്തിൽ. അഞ്ചാം വയസിൽ പുസ്തകം പ്രസിദ്ധീകരിച്ച് ലോകത്തെ ഞെട്ടിച്ച ബ്രിട്ടീഷ് പെൺകുട്ടി ആദ്യമായാണ് യു.കെയുടെ പുറത്ത് പുസ്തകോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്. ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ ബെല്ല ഷാർജയിലെ കുട്ടികളുമായി അനുഭവങ്ങൾ പങ്കുവെച്ചു. പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ബെല്ല.
ബ്രിട്ടനിലെ തീരനഗരമായ വേയ്മൗത്തിൽ താമസിക്കുന്ന ബെല്ല ആദ്യമായാണ് വിമാനത്തിൽ കയറുന്നത്. പിതാവ് മെയ്ൽസിനും മാതാവ് ചെൽസിക്കുമൊപ്പമാണ് ഷാർജയിൽ എത്തിയത്. ഒരുവർഷം മുൻപ് സ്വന്തം ജീവിതാനുഭവത്തിൽ നിന്ന് പകർത്തിയെഴുതിയ ‘ദ ലോസ്റ്റ് കാറ്റാ’ണ് അവളുടെ ആദ്യ പുസ്തകം. പൂച്ചകുഞ്ഞിനെ നഷ്ടപ്പെട്ട അമ്മപ്പൂച്ചയുടെ കഥയാണ് ഈ പുസ്തകത്തിൽ. ഈ കഥ രസകരമായി വിവരിക്കുന്നതിനൊപ്പം കുട്ടികൾക്കുള്ള സുരക്ഷ സന്ദേശങ്ങളും വായിച്ചെടുക്കാം. 2000ഓളം കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകത്തിന് ശേഷം രണ്ടാം ഭാഗം പുറത്തിറക്കിയിരുന്നു. ഈ പുസ്തകത്തിന്‍റെ 1000 കോപ്പികൾ വിറ്റഴിയുന്നതോടെ പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയെന്ന ഗിന്നസ് റെക്കോഡും ബെല്ലയുടെ പേരിലാവും. ഇതിനകം 600 കോപ്പികൾ വിറ്റഴിഞ്ഞു. ജൂലൈയിൽ ഏഴ് വയസ് പിന്നിടുന്നതിന് മുൻപ് അവൾ റെക്കോഡ് സ്വന്തമാക്കുമെന്നാണ് പിതാവ് മെയ്ൽസ് ഡാർക്കിന്‍റെ പ്രതീക്ഷ.
ഉത്തർപ്രദേശ് ഗാസിയബാദിലെ ഏഴ് വയസുകാരി അഭിജിത ഗുപ്തയായിരുന്നു നേരത്തെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി. 2021ൽ പുറത്തിറക്കിയ ‘ഹാപ്പിനസ് ഓൾ എറൗണ്ട്’ എന്ന പുസ്തകമാണ് അഭിജിതക്ക് റെക്കോഡ് നേടിക്കൊടുത്തത്. മൂന്ന് മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് ഗിന്നസ് റെക്കോഡ് നൽകുന്നത്. ഔദ്യോഗിക അംഗീകാരമുള്ള സ്ഥാപനങ്ങൾ വഴി പുസ്തകം പ്രസിദ്ധീകരിക്കണം, 1000 കോപ്പി വിറ്റഴിക്കണം, ഏഴ് വയസിൽ താഴെയായിരിക്കണം എന്നിവയാണ് നിബന്ധന. മൂന്നാമത്തെ പുസ്തകമായ സ്നോവി ആൻഡ് ദ ലിലി പാഡ് ഫ്രോഗ് ഈ വർഷം തന്നെ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.