‘ബിഗ്, ബാഡ്, വോൾഫ്’ പുസ്തകോത്സവത്തിന് തുടക്കം
text_fieldsഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച ‘ബിഗ്, ബാഡ്, വോൾഫ്’ പുസ്തകോത്സവം ശൈഖ ബുദൂർ ബിൻത് അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: 85 ശതമാനം വരെ നിരക്കിളവുമായി ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച ‘ബിഗ്, ബാഡ്, വോൾഫ്’ പുസ്തകപ്രദർശനവും വിൽപനയും ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) ചെയർപേഴ്സൻ ശൈഖ ബുദൂർ ബിൻത് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ലോകത്തെതന്നെ ഏറ്റവും വലിയ പുസ്തകവിൽപന സംരംഭമായ ‘ബിഗ്, ബാഡ്, വോൾഫ്’ പുസ്തകോത്സവം ജനുവരി ഏഴുവരെ നീണ്ടുനിൽക്കും. 4000 ചതുരശ്ര മീറ്റർ ഏരിയയിൽ ഒരുക്കിയിട്ടുള്ള മേളയിൽ ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച് തുടങ്ങി നിരവധി ഭാഷകളിലും വിഭാഗങ്ങളിലുമായി 10 ലക്ഷത്തിലധികം വ്യത്യസ്ത പുസ്തകങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
ജീവചരിത്രങ്ങൾ, നോൺ-ഫിക്ഷൻ, ചരിത്രം, സയൻസ് ഫിക്ഷൻ തുടങ്ങി വിവിധ മേഖലകളിലെ പുസ്തകങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയതെന്നും സംഘാടകർ പറഞ്ഞു. രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. മേളയുടെ എല്ലാ ദിവസങ്ങളിലും വിലക്കിഴിവ് ലഭ്യവുമാണ്.
2009ൽ മലേഷ്യയിലാണ് ബിഗ്, ബാഡ്, വോൾഫ് ബുക്സ് സ്ഥാപിതമായത്. ഇതിനകം പാകിസ്താൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങി 12 രാജ്യങ്ങൾ സന്ദർശിച്ച് പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. റമദാൻ മാസത്തിൽ ദുബൈയിലും മേള സംഘടിപ്പിക്കാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.