കമോൺ കേരളയിൽ കാണാം രുചിപ്പെരുമയുടെ ആഘോഷം
text_fieldsരുചിഭേദങ്ങളുടെ സംഗമഭൂമിയാണ് യു.എ.ഇ നാനാ ദേശങ്ങളിലെയും രുചികൾ ഒന്നുചേരുന്ന മണ്ണ്. കോഴിക്കോടങ്ങാടിയിലെ നാടൻപലഹാരം മുതൽ ഈജിപ്ഷ്യൻ കോശാരിവരെ ഇവിടെ സുലഭമാണ്. കൊടിയിറങ്ങിയ മഹാമേള എക്സ്പോ 2020ലും ഗ്ലോബൽ വില്ലേജിലുമെല്ലാം ലോകരുചി ഒഴുകിയെത്തി.
വിവിധ ദേശങ്ങളിലെ സ്വാദ് ആസ്വദിക്കാൻ ആഗ്രഹിക്കുന്ന രുചിപ്രേമികൾക്കായി ജൂൺ 24, 25, 26 തീയതികളിൽ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന 'ഗൾഫ് മാധ്യമം കമോൺ കേരള'യിൽ പ്രത്യേക ഏരിയതന്നെ ഒരുക്കുന്നുണ്ട്. ടേസ്റ്റി ഇന്ത്യ എന്നപേരിൽ ഒരുക്കുന്ന രുചിമേളയിൽ കേരളത്തിലെ നാടൻ രുചികളും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യങ്ങളും ആസ്വദിക്കാം.
പുതിയ രുചികൾ പിറവിയെടുക്കുന്ന മേളകൂടിയാണ് കമോൺ കേരള. കേരളത്തിൽനിന്ന് കുടുംബശ്രീയടക്കം വിവിധ സംഘങ്ങൾ കഴിഞ്ഞ സീസണുകളിൽ എത്തിയിരുന്നു. നാടൻ തട്ടുകടകൾ, ലൈവ് കിച്ചൺ, കുട്ടികളുടെ അടുക്കള, സ്ട്രീറ്റ് ഫുഡുകൾ, ഭക്ഷണത്തിന്‍റെ വെറൈറ്റികൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവ ടേസ്റ്റി ഇന്ത്യയിലുണ്ടാവും. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച്, വിനോദപരിപാടികൾ ആസ്വദിച്ച്, മനസ്സും വയറും നിറച്ച് കൈനിറയെ സമ്മാനവുമായി മടങ്ങാനുള്ള അവസരമാണ് കമോൺ കേരള ഒരുക്കുന്നത്.
ഇന്ത്യൻ രുചിവൈവിധ്യങ്ങളുടെ ജുഗൽബന്ദിയാണ് കമോൺ കേരളയിലെ ടേസ്റ്റി ഫുഡ്. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിൽ ലോകരുചികളെ വെല്ലുന്ന സ്വാദുകളുണ്ട്. ഇവയെല്ലാം ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ടേസ്റ്റി ഇന്ത്യ. 20ഓളം ഭക്ഷണ ഔട്ട്ലെറ്റുകൾ ഇക്കുറിയുണ്ടാവും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനും പ്രിയതാരങ്ങളെ കാണാനുമെല്ലാം മഹാമേള വേദിയൊരുക്കും. മുളയും ഓലയും കൊണ്ട് നിർമിച്ച കടകളും മലയാളത്തിന്‍റെ സൗന്ദര്യം പ്രതിഫലിക്കുന്ന കവാടങ്ങളുമെല്ലാം നാടിന്‍റെ നൊസ്റ്റാൾജിയയിലേക്ക് കൂട്ടിക്കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.