ദുബൈ എക്‌സ്‌പോ കേരള പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsദുബൈ: എക്‌സ്‌പോ 2020 ദുബൈയിലെ കേരള പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 4 വെള്ളിയാഴ്ച വൈകുന്നേരം 5ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന നിയമ^വ്യവസായ മന്ത്രി പി. രാജീവ്, യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കേരള ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി (വ്യവസായം) എ.പി.എം മുഹമ്മദ് ഹനീഷ്, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി, വ്യവസായ പ്രമുഖര്‍ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ത്യൻ പവലിയനില്‍ ഫെബ്രുവരി 4 മുതല്‍ 10 വരെ നടക്കുന്ന 'കേരള വീക്കി'ല്‍ വ്യത്യസ്ത പദ്ധതികള്‍, നിക്ഷേപ മാര്‍ഗങ്ങള്‍, ടൂറിസം, ഐടി, സ്റ്റാര്‍ട്ടപ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങളുണ്ടാകും. രാജ്യാന്തര ബിസിനസ് സമൂഹത്തില്‍ നിന്നും കേരളത്തിലേക്ക് നിക്ഷേപമാകര്‍ഷിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ കലാ-സാംസ്‌കാരിക പൈതൃകം തനത് പരമ്പരാഗത ശൈലിയില്‍ കേരള പവലിയനില്‍ അവതരിപ്പിക്കുന്നതാണ്.
സുപ്രധാന മേഖലകളിലെ നിക്ഷേപത്തിനുള്ള ബിസിനസ് സാധ്യതകളും ഈസ് ഓഫ് ഡൂയിങ്സ് ബിസിനസ്, കെ സ്വിഫ്റ്റ് പോര്‍ട്ടല്‍, എം.എസ്.എം.ഇ ഫെസിലിറ്റേഷന്‍ ആക്റ്റ് തുടങ്ങിയവയിലെ സമീപകാല മാറ്റങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ വ്യവസായ വകുപ്പ് പ്രദര്‍ശിപ്പിക്കുന്നതാണ്. പ്രവാസികളുടെ ക്ഷേമ-സാമൂഹികാനുകൂല്യങ്ങളും ബിസിനസ് അവസരങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ നോര്‍ക വകുപ്പ് നല്‍കും. കാരവന്‍ ടൂറിസം, എക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതികളെയും ടൂറിസവുമായി ബന്ധപ്പെട്ട നിക്ഷേപ-ബിസിനസ് അവസരങ്ങളെയും ടൂറിസം വകുപ്പ് അവതരിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.