ഹരിതാഭമായി ദുബൈ നഗരം
text_fieldsദുബൈ: നഗരത്തിലെ രണ്ട് പ്രധാന ജങ്ഷനുകളും റോഡരികുകളും സൗന്ദര്യവത്കരിക്കുന്നതിനായി പ്രഖ്യാപിച്ച ഏഴ് പദ്ധതികൾ പൂർത്തീകരിച്ചതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.
ഏറ്റവും തിരക്കേറിയ ശൈഖ് സായിദ്, അൽ ഖൈൽ റോഡുകളുടെ ഇരുവശങ്ങളിലും പ്രധാന കവലകളിലും മരങ്ങളും പൂച്ചെടികളും വെച്ചുപിടിപ്പിക്കുന്നതുൾപ്പെടെയുള്ള ഹരിതവത്കരണ പ്രവൃത്തികളാണ് പൂർത്തിയായത്. 24.5 കോടി ദിർഹം ചെലവിട്ടാണ് 14 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സൗന്ദര്യവത്കരിച്ചത്.
പദ്ധതിയുടെ ഭാഗമായി 6500 മരങ്ങളും 25 ലക്ഷം പൂച്ചെടികളും അലങ്കാര സസ്യങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇവ പരിപാലിക്കുന്നതിനായി വിപുലവും കാര്യക്ഷമവുമായ ജലസേചന സംവിധാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
അൽ യലായിസ് സ്ട്രീറ്റ്, അൽ ജമീൽ സ്ട്രീറ്റ് എന്നീ ജങ്ഷനുകൾ ഉൾപ്പെടെ ശൈഖ് സായിദ് റോഡിൽ നാല് സൗന്ദര്യവത്കരണ പദ്ധതികളാണ് പൂർത്തീകരിച്ചത്. കൂടാതെ ഉമ്മു സുഖൈം സ്ട്രീറ്റ് മുതൽ അൽ യലായിസ് സ്ട്രീറ്റ് വരെയുള്ള ശൈഖ് സായിദ് റോഡിന്റെ വശങ്ങളും സൗന്ദര്യവത്കരിച്ചു.
8.43 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഏകദേശം 15 ലക്ഷം പൂച്ചെടികളും സസ്യ തൈകളും 3500 മരങ്ങളുമാണ് നട്ടുപിടിപ്പിച്ചത്. അൽ ഖൈൽ സ്ട്രീറ്റ് ജങ്ഷനിൽ 6.25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലായി 10 ലക്ഷം പൂച്ചെടികളും 3000 മരങ്ങളുമാണ് നട്ടുപിടിപ്പിച്ചത്.
എമിറേറ്റിൽ ഹരിത ഇടങ്ങൾ വ്യാപിക്കുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘ഹരിത ദുബൈ പദ്ധതി’യുടെ ഭാഗമായാണ് സൗന്ദര്യവത്കരണ പ്രവൃത്തികൾ നടപ്പിലാക്കിയതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി വ്യക്തമാക്കി.
ശീതകാലമായതോടെ തണുപ്പാസ്വദിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദുബൈയിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകുകയാണ്. ഇത് മുൻകൂട്ടി കണ്ടാണ് നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കാനുള്ള പദ്ധതികൾ മുനിസിപ്പാലിറ്റി നടപ്പിലാക്കിയത്.
മികച്ച ജലസേചന സംവിധാനങ്ങളിലൂടെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം ജല ഉപഭോഗം കാര്യക്ഷമമാക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ നിവാസികൾക്കും സന്ദർശകർക്കും മികച്ച നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുകയെന്നതാണ് ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിലൂടെ ലക്ഷ്യംവെക്കുന്നത്.
2023ൽ പദ്ധതിയുടെ ഭാഗമായി പ്രതിദിനം ശരാശരി 500 മരങ്ങൾ വീതം 1,85,000 മരങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നു. ഇതുവഴി എമിറേറ്റിലെ ഹരിത ഇടങ്ങൾ വ്യാപിപ്പിക്കാനും സാധിച്ചു. 2022ൽ 170 ഹെക്ടറായിരുന്ന ഹരിതയിടങ്ങൾ കഴിഞ്ഞ വർഷം 234 ഹെക്ടറായാണ് വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.