വിസ്മയ നഗരം തുറക്കുന്നു; എക്സ്പോ സിറ്റി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: മഹാമേളക്ക് അരങ്ങൊരുക്കിയ എക്സ്പോ 2020യുടെ സൈറ്റ് എക്സ്പോ സിറ്റിയായി മാറുന്നത് പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. നഗരം ഒക്ടോബറിൽ യാഥാർഥ്യമാകും. ലോകത്തിലെ ഏറ്റവും വലിയ 360 ഡിഗ്രി താഴികക്കുടമായ അൽ വസ്ൽ ഡോമിൽ എക്സ്പോ സിറ്റിയുടെ പേര് തെളിയുന്ന വിഡിയോ ഉൾപ്പെടെയാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തിയത്.
ലോകത്തെ വിസ്മയിപ്പിച്ച എക്സ്പോ 2020 മഹാമേളക്കുശേഷം മറ്റൊരു വിസ്മയമായിരിക്കും എക്സ്പോ സിറ്റി. പരിസ്ഥിതിക്ക് ഏറെ പ്രാധാന്യം നൽകുന്ന നഗരത്തിലേക്ക് കാറുകൾക്കും വലിയ വാഹനങ്ങൾക്കും പ്രവേശനം ഉണ്ടാകില്ല. പകരം, കാൽനടക്കാർക്കും ഇ-സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കും ബഗികൾക്കും പ്രാധാന്യം നൽകും. പ്രധാന സ്ഥാപനങ്ങളുടെ ഹെഡ് ക്വാർട്ടേഴ്സുകളും കേന്ദ്രങ്ങളും ഇവിടെ സ്ഥാപിക്കും. ദുബൈ വേൾഡ് സെൻട്രൽ എയർപോർട്ട്, മെട്രോ എന്നിവയുമായി ബന്ധപ്പെടുത്തും. പുതിയ മ്യൂസിയം, ലോകോത്തര എക്സിബിഷൻ സെന്റർ, അത്യാധുനികവും അതിവേഗം വളരുന്നതുമായ കമ്പനികളുടെ ആസ്ഥാനം എന്നിവ കൂടാതെ, ചില പവിലിയനുകളും ഉൾപ്പെടുന്നു.
ദുബൈ എക്സ്പോയിലേക്ക് സന്ദർശകരെ ആകർഷിച്ച പലതും ഈ നഗരത്തിൽ നിലനിൽത്തും. അൽവാസൽ പ്ലാസ, വാട്ടർഫീച്ചർ തുടങ്ങിയവക്ക് പുറമെ അലിഫ്, ടെറ പവിലിയനുകളും എക്സ്പോ നഗരത്തിലുണ്ടാകും. ഓപ്പർച്യൂണിറ്റി പവിലിയിൻ എക്സ്പോ 2020 ദുബൈ മ്യൂസിയമായി മാറ്റും. യു.എ.ഇ, സൗദി, മൊറോക്കോ പവിലിയനുകൾ അതേപടി നിലനിർത്തും. ഇന്ത്യ, പാകിസ്താൻ, ലക്സംബർഗ്, ആസ്ട്രേലിയ, ഈജിപ്ത് തുടങ്ങിയ പവിലിയനുകൾ ചില മാറ്റങ്ങളോടെ എക്സ്പോ സിറ്റിയിലുണ്ടാകും. ഒറ്റതവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിന് നഗരത്തിൽ വിലക്കുണ്ടാകും. എക്സ്പോ വേദിയിലെ 80 ശതമാനം പരിസ്ഥിതിസൗഹൃദ കെട്ടിടങ്ങളും അതേപോലെ നിലനിർത്തും. ഷോപ്പിങ്മാൾ, ഭക്ഷണകേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ലോകോത്തര പ്രദർശനങ്ങൾ നടക്കുന്ന ദുബൈ എക്സിബിഷൻ സെന്ററർ, ഡി.പി വേൾഡിന്റെ പുതിയ ആസ്ഥാനം, സീമെൻസ് ആസ്ഥാനം എന്നിവ ഈ നഗരത്തിലായിരിക്കും. നിരവധി സ്റ്റാർട്ട്അപ്പ് കമ്പനികൾക്കും ഇവിടെ ഓഫിസുണ്ടാകും. എക്സ്പോ സിറ്റിയായി എക്സ്പോ സൈറ്റ് മാറുമെന്നും ഉടൻതന്നെ ആയിരക്കണക്കിന് താമസക്കാരെയും സംരംഭകരെയും സ്വാഗതം ചെയ്യുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഇത് സാമ്പത്തിക ഇടപാടുകളുടെ ഹബായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഒക്ടോബർ മുതൽ മാർച്ച് 31വരെയായിരുന്നു ദുബൈ എക്സ്പോ നടന്നത്. 2.40 കോടിയോളം സന്ദർശകരാണ് ആറുമാസത്തെ മഹാമേളയുടെ ഭാഗമായത്. എക്സ്പോക്കായി ഇവിടേക്ക് മെട്രോയും റോഡുകളും നിർമിച്ചിരുന്നു. ഇതെല്ലാം പുതിയ നഗരത്തിന് ഉപകാരപ്പെടും. താമസക്കാരും സ്ഥാപനങ്ങളും കളിക്കളങ്ങളുമെല്ലാം ഉൾപ്പെടുന്നതായിരിക്കും ഈ നഗരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.