ഇഫ്താർ സുപ്രകളെ മടക്കിവെച്ച കൊറോണക്കാലം
text_fieldsഓരോരുത്തരുടെയും ജീവിതത്തിലെ വേരറ്റ പ്രതീക്ഷകൾക്ക് പ്രവാസത്തിെൻറ വരണ്ട മണൽ ഭൂമിക നൽകിയത് പുത്തൻ ജീവിത പ്രതീക്ഷകളാണ്. ഉണങ്ങിക്കരിയുന്ന ചൂടിൽ പ്രവാസി വിയർത്തൊലിച്ചു പണിയെടുക്കുമ്പോഴും മനസ്സിൽ തണുപ്പിെൻറ കോരിത്തരിപ്പാണുണ്ടാവുന്നത്. ആ തണുപ്പിനു പിന്നിൽ നാട്ടിലെ വീട്ടുകാരുടെ സന്തോഷമുണ്ട്.ഉമ്മയുടെ പ്രതീക്ഷകളും ഭാര്യയുടെ സ്നേഹ വാക്കുകളും മക്കളുടെ പുഞ്ചിരിക്കുന്ന മുഖവുമുണ്ട്.
ഇതിനിടയിലും മനസ്സിെൻറ കോണിൽ സന്തോഷത്തിെൻറ തിരിതെളിച്ചാണ് ഓരോ റമദാനും എത്തിയിരുന്നത്. വിവിധ ദേശക്കാർ, ഭാഷക്കാർ, വർണ വർഗ വിവേചനമില്ലാതെ ആ ഇഫ്താർ സുപ്രകൾക്കും ബുഫകൾക്കും ചുറ്റും ഇരിക്കുമ്പോൾ മാനവികതയുടെ മാഹാത്മ്യം കൂടി വിളിച്ചോതുന്ന ഇഫ്താർ സംഗമങ്ങളായി മാറുമായിരുന്നു. ഇവിടേക്കാണ് എല്ലാം നിശ്ചലമാക്കി കഴിഞ്ഞ വർഷം കൊറോണ എത്തുന്നത്.
പള്ളിയും പരിസരവും ബുഫകളും ഇഫ്താർ ടെൻറുകളും ശ്മശാന പ്രതീതിയായി. പരസ്പരം പുഞ്ചിരിച്ചവരും റമദാൻ സന്ദേശം കൈമാറി ആനന്ദം കൊണ്ടവരും മുഖം മറച്ചു നടക്കാൻ തുടങ്ങി. ഹസ്തദാനം ചെയ്ത് സൗഹൃദം പുതുക്കിയിരുന്നവർ സാമൂഹിക അകലം പാലിക്കാൻ തുടങ്ങി. ദിവസങ്ങൾകൊണ്ട് ഒരു സ്വപ്നം പോലെ എല്ലാവരെയും ഏകാന്തതയിലേക്ക് തള്ളിവിട്ടു. എവിടെയും ഐസൊലേഷനും ക്വാറൻറീനും ഒരുക്കുന്ന തിരക്കുകൾ. മലയാളിയുടെ മഹിമ അറബ് നാട് ഏറെ അത്ഭുതത്തോടെ നോക്കിക്കണ്ട നിമിഷങ്ങൾ. കെ.എം.സി.സി അടക്കമുള്ളവരുടെ സന്നദ്ധ സേവനത്തിന് ജീവൻമറന്നു മുന്നോട്ടുവന്ന ഒരു കൂട്ടം യുവാക്കൾ. നാഇഫിെൻറ തെരുവുകളിൽ പൊലീസും സന്നദ്ധ സേവകരും ഓരോ വാതിലുകളും മുട്ടി വിളിച്ചു ഭക്ഷണമെത്തിച്ചു.
ഞാനടക്കം മരണത്തെ മുഖാമുഖം കണ്ടു. ശ്വാസനിശ്വാസങ്ങൾ നിലച്ചു പോകുമോ എന്നു ഭയന്ന് ഐസൊലേഷനിൽ കിടത്തപ്പെട്ടപ്പോൾ നടുക്കുന്ന വാർത്തകൾ നിരന്തരം കേൾക്കുമ്പോഴും ഒരുപാട് പേരുടെ ഉള്ളുരുകിയ പ്രാർഥനയിൽ മാത്രം അഭയം തേടി.ഉറ്റവർ, ഉടയവർ, പലരുടെയും കണ്ണ് കലങ്ങിയ വാക്കുകൾ ഇൻബോക്സിലേക്കെത്തുമ്പോൾ തിരിച്ചൊരു വാക്ക് പോലും പറയാൻ കഴിയാത്ത ഏകാന്തതയുടെ ജീവിതത്തിന് ഒരാണ്ട് തികയുകയാണ്. അറിയാൻ തുടങ്ങിയ കാലം മുതൽ ആദ്യമായി 30 നോമ്പും ഒഴിവാക്കേണ്ടിവന്ന നൊമ്പരങ്ങൾ നിറഞ്ഞ ജീവിതം. റമദാനിലെ ജുമുഅക്ക് അതിരാവിലെ പള്ളിയിൽ പോയിരുന്ന കാലം ഓർമകളിൽ മാത്രമായി. കാലചക്രം അങ്ങനെയാണെന്ന് ലോകം ഓരോരുത്തരെയും പഠിപ്പിച്ചുതന്നു.
ഇപ്പോൾ കഴിഞ്ഞ റമദാൻ കാലത്തെ അപേക്ഷിച്ച് നിയന്ത്രണങ്ങളും കോവിഡ് ഭീതിയും കുറഞ്ഞത് വിശ്വാസികൾക്ക് ആശ്വാസമേകുന്നുണ്ട്. എന്നാൽ, നാട്ടിൽ കോവിഡ് വ്യാപനം കൂടിയതിനാൽ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പോകണമോയെന്ന കാര്യത്തിൽ പ്രവാസികളിൽ ആശങ്കയുമുണ്ട്.
എല്ലാ ആശങ്കകളും അകലുമെന്ന പ്രതീക്ഷയോടെ, മഹാമാരിയിൽനിന്നുള്ള മോചനം സ്വപ്നം കണ്ട് പ്രാർഥനയോടെ ഓരോ ദിനരാത്രങ്ങളും കടന്ന് പെരുന്നാളിലേക്കുള്ള തീർഥയാത്രയിലാണ് ഓരോ വിശ്വാസിയും. സ്നേഹ സൗഹൃദത്തിെൻറ വിസ്മയം തീർത്തിരുന്ന ഇഫ്താർ സുപ്രകളെ മടക്കിവെച്ച കൊറോണയുടെ കുസൃതിയെ ഓരോ പ്രവാസിയും മനസ്സിൽ പേടിയോടെ കരുതിവെക്കും, തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.