ചെലവ് താങ്ങുന്നില്ല; ബജറ്റ് ചുരുക്കാൻ വഴി തേടി പ്രവാസികൾ
text_fieldsഅബൂദബി: എണ്ണ വിലവര്‍ധന, അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം തുടങ്ങിയവ വിലക്കയറ്റത്തിലൂടെ പ്രതിഫലിക്കാന്‍ തുടങ്ങിയതോടെ പ്രവാസികളുടെ ജീവിതച്ചെലവേറി. ഇതോടെ, പിടിച്ചുനില്ക്കാന് ബദല്‍ സംവിധാനങ്ങള്‍ തേടുകയാണ് പ്രവാസികൾ. എണ്ണവില ഇരട്ടിയിലേറെ വര്‍ധിച്ചത് ആനുപാതികമായി നിത്യോപയോഗ സാധനങ്ങളുടെ വിലയിലും പ്രതിഫലിച്ചിട്ടുണ്ട്. ഹോട്ടലുകള്‍ മുമ്പേ തന്നെ വില വര്‍ധിപ്പിച്ചു തുടങ്ങിയിരുന്നു. ബാച്ചിലര്‍ താമസക്കാരുടെ മെസ്സുകളും നിരക്ക് കൂട്ടിയിട്ടുണ്ട്. അതേസമയം, വില്ലകളും അപ്പാർട്മെന്റുകളും ഫ്ലാറ്റുകളുമെല്ലാം പുതുക്കിയ നിരക്കിലാണ് ഇപ്പോള്‍ വിറ്റഴിക്കുന്നത്.
ജീവിത ചെലവ് നിയന്ത്രിക്കാന്‍ നഗര സൗകര്യങ്ങള്‍ വിട്ട് ഉള്‍മേഖലകളിലേക്ക് ചേക്കേറുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ചെലവിനനുസരിച്ചു വരുമാനത്തില്‍ വര്‍ധന ഉണ്ടാവാത്തത് കുടുംബമായി താമസിക്കുന്ന കുറഞ്ഞ വരുമാനക്കാരുടെ ബജറ്റില്‍ താളപ്പിഴ ഉണ്ടാക്കിയിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം, നിത്യചെലവ് എന്നിവ കഴിഞ്ഞാല്‍ മിച്ചം പിടിക്കാനില്ലാത്ത അവസ്ഥയാണ് പലര്‍ക്കും. ചെലവ് കുറക്കാനുള്ള മറ്റൊരു മാര്‍ഗം കുറഞ്ഞ കാശുമുടക്കില് താമസസൗകര്യം ലഭിക്കുക എന്നതാണ്. ഇതാണ് ഉള്‍പ്രദേശങ്ങളിലേക്കുള്ള കൂടുമാറ്റത്തിനു കാരണം. സ്വന്തമായി വാഹന സൗകര്യമുള്ളവര്‍ക്ക് ഇത് ഗുണകരമാവുന്നുമുണ്ട്. ബാച്ചിലര്‍ റൂമുകളില്‍ കഴിയുന്നവർക്കാകട്ടെ, ബെഡ് സ്പേസിന് നിരക്ക് കൂട്ടിനല്‍കാതെ മറ്റു മാര്‍ഗങ്ങളുമില്ല.
കുടുംബങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന മുസഫ മേഖലയില്‍, നിലവില്‍ താമസിക്കുന്നവര്‍ക്ക് കരാര്‍ പുതുക്കുമ്പോള്‍ വാടക കുറച്ചുനല്‍കാന്‍ ഫ്ലാറ്റ് ഉടമകള്‍ തയാറാവാത്തതും പ്രതിസന്ധിയായിട്ടുണ്ട്. കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ ഏറക്കുറെ മാറിയതോടെ കുടുംബങ്ങളുടെ വരവ് കൂടിയത് ഫ്ലാറ്റ് ആവശ്യക്കാരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. നേരത്തെ അബൂദബി മേഖലയില്‍ വാടകയിനത്തില്‍ പത്തുമുതല്‍ പതിനഞ്ച് ശതമാനം വരെ കുറവ് വന്നിരുന്നു. ഡിമാൻഡ് കൂടിയതോടെ വാടകയും വര്‍ധിപ്പിച്ചു. ഇത് വിദൂര സ്ഥലങ്ങളിലെ വില്ലകളിലേക്ക് മാറാന്‍ പ്രവാസികളെ പ്രേരിപ്പിക്കുകയാണ്.
അബൂദബിയില്‍ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ഖലീഫ സിറ്റി, ഷഹാമ, ബനിയാസ്, അല്‍ വത്ത്ബ, ഷംഖ തുടങ്ങിയ മേഖലകളിലെ ഫ്ലാറ്റുകളിലേക്കാണ് നിരവധി കുടുംബങ്ങള്‍ മാറുന്നത്. ഇവരില്‍ പലരും മുസഫയിലെ ഫ്ലാറ്റുകളില്‍ താമസിച്ചുവന്നവരാണ്. ഫ്ലാറ്റുകള്‍ വിട്ട് വില്ലകളിലേക്ക് മാറുമ്പോള്‍ വര്‍ഷത്തില്‍ പതിനായിരം ദിര്‍ഹം വരെ ലാഭിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വാഹന സൗകര്യമുള്ളവര്‍ ഈ ആനുകൂല്യം ഉപയോഗിക്കുമ്പോള്‍, ഫ്ലാറ്റുകളില്‍ കഴിയുന്നവര്‍ റൂമുകള്‍ വിഭജിച്ച് രണ്ടും മൂന്നും ഫാമിലികളായി വാടകച്ചെലവില്‍ ആശ്വാസം കണ്ടെത്തുകയാണ്. സ്റ്റുഡിയോ ഫ്ലാറ്റ്, സിംഗിള്‍ ബെഡ് റൂം, ഡബിള്‍ ബെഡ്റൂം എന്നിങ്ങനെയാണ് ഫ്ലാറ്റുകളില്‍ റൂമുകള്‍ ക്രമീകരിച്ചിരിക്കുന്നത്. യഥാക്രമം, 35000, 42000, 55000 ദിര്‍ഹമാണ് വാര്‍ഷിക വാടകയായി കൊടുക്കേണ്ടിവരുന്നത്. വൈദ്യുതി, ജലം, ഡെപ്പോസിറ്റ്, നികുതി തുടങ്ങിയ ഇനങ്ങളിലായി അധികതുക വേറെയും ചെലവഴിക്കേണ്ടിവരുന്നുണ്ട്. വില്ലകളിലേക്ക് താമസം മാറുമ്പോള്‍ വാടകയിലും അധികച്ചെലവുകളിലും കുറവുണ്ടാവും എന്നു മാത്രമല്ല, താമസിക്കാനുള്ള സൗകര്യങ്ങളിലും മാറ്റങ്ങൾ വരും. വലുപ്പുമുള്ള മുറികളും കുട്ടികള്‍ക്ക് കളിസ്ഥലങ്ങളും വാഹന പാര്‍ക്കിങ്ങുമെല്ലാം വില്ലകളിലേക്ക് മാറുമ്പോള്‍ ലഭിക്കാവുന്ന സൗകര്യങ്ങളാണ്. എന്നിരുന്നാലും ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്കുള്ള സൗകര്യമാണ് പലരെയും ഫ്ലാറ്റുകളില്‍തന്നെ ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.