മഹാമേളക്ക് വഴിയൊരുക്കാൻ ചെലവ് 30,200 കോടി രൂപ
text_fieldsദുബൈ: മഹാമേളയിലെത്തുന്നവർക്ക് യാത്ര സൗകര്യമൊരുക്കാൻ യു.എ.ഇ ചെലവഴിച്ചത് 1500 കോടി ദിർഹം. ഏതാണ്ട് 30239.53 കോടി ഇന്ത്യൻ രൂപക്ക് തുല്യമാണിത്. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ മെട്രോ ലൈൻ, സ്റ്റേഷനുകൾ, പുതിയ ട്രെയിനുകൾ, റോഡ് വികസനം, ബസ്, ടാക്സി, പാർക്കിങ് ഏരിയ, സ്മാർട്ട് സാങ്കേതിക വിദ്യകൾ എന്നിവയെല്ലാം ആർ.ടി.എയുടെ നേതൃത്വത്തിൽ എക്സ്പോക്കായി ഒരുക്കി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ നിർദേശപ്രകാരം 15 പദ്ധതികളാണ് നടപ്പാക്കിയതെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു.
നീണ്ടു നിവർന്ന് മെട്രോ:
എക്സ്പോ വേദിയിലേക്കെത്താൻ റൂട്ട് 2020 എന്ന പേരിൽ 15 കിലോമീറ്ററാണ് മെട്രോ ലൈൻ ദീർഘിപ്പിച്ചത്. ജബൽ അലി സ്റ്റേഷനിലെ റെഡ്ലൈനിൽ നിന്ന് 'എക്സ്പോ 2020 സ്റ്റേഷൻ' വരെ നീളുന്ന ഏഴ് സ്റ്റേഷനുകൾ ഇതിലുൾപ്പെടുന്നു. ഗാർഡൻസ്, ഡിസ്കവറി ഗാർഡൻസ്, അൽ ഫുർജാൻ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ഡി.ഐ.പി, എക്സ്പോ എന്നീ സ്റ്റേഷനുകൾ ഇതിൽപെടും. 2.70 ലക്ഷം പേർക്ക് ഇത് ഉപകാരപ്പെടും.
മണിക്കൂറിൽ 46,000 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയും. ദുബൈയിലെ ഏറ്റവും വലിയ അണ്ടർ ഗ്രൗണ്ട് സ്റ്റേഷനാണ് ജുമൈറ. സ്റ്റൈലൻ ഇൻറീരിയറുമായി 50 പുതിയ ട്രെയിനുകളും ഇറക്കി. ദിവസവും 35,000 പേർ മെട്രോ വഴി എക്സ്പോ സ്റ്റേഷനിൽ എത്തുമെന്നാണ് പ്രതീക്ഷ. അവധി ദിനങ്ങളിൽ ഇത് 47,000 ആയി ഉയരും. ദിവസവും എക്സ്പോയിലെത്തുന്നവരിൽ 29 ശതമാനവും ഇതുവഴിയായിരിക്കുമെന്നാണ് പ്രതീക്ഷ. പുലർച്ചെ അഞ്ചു മുതൽ തുടങ്ങുന്ന മെട്രോ സർവിസ് അവധി ദിവസങ്ങളിൽ പുലർച്ച 2.15 വരെ നീളും.
203 ബസുകൾ:
എല്ലാ എമിറേറ്റുകളിൽ നിന്നും എക്സ്പോ വേദിയിലേക്ക് ബസ് ഉണ്ടാകും. 203 ബസുകളാണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. 18 ബസ് സ്റ്റേഷനുകൾ ഇതിന് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒമ്പതു സ്റ്റേഷനുകളും ദുബൈയിലാണ്. മറ്റ് എമിറേറ്റിലും ഒമ്പതു സ്റ്റേഷനുണ്ട്. ദുബൈയിലെ സ്റ്റേഷനുകളിൽ നിന്ന് യാത്ര സൗജന്യമാണ്. ഹോട്ടലുകളിൽ നിന്ന് യാത്രക്കാരെ എത്തിക്കാൻ രണ്ട് റൂട്ടുകൾ വേറെയുമുണ്ട്.
126 ബസുകളും ദുബൈയിൽ നിന്നായിരിക്കും സർവിസ് നടത്തുക. പാം ജുമൈറ, അൽ ബറാഹ, അൽ ഗുബൈബ, ഇത്തിസലാത്ത്, േഗ്ലാബൽ വില്ലേജ്, ഇൻറർനാഷനൽ സിറ്റി, സിലിക്കൺ ഒയാസിസ്, ദുബൈ മാൾ, ദുബൈ എയർപോർട്ട് ടെർമിനൽ മൂന്ന് എന്നിവിടങ്ങളിൽ നിന്നാണ് ബസ് സർവിസ് നടത്തുക.
ദിവസവും 455 മുതൽ 476 വരെ സർവസുണ്ടാകും. എക്സ്പോ വേദിയിലെ പാർക്കിങ് സ്ഥലത്ത് നിന്ന് ഗേറ്റിലേക്ക് എത്തിക്കാനും ബസ് ഉണ്ട്. മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബി സിറ്റി, അബൂദബി മെയിൻ ബസ് സ്റ്റേഷൻ, മറീന മാൾ, അൽ ഐൻ സിറ്റി, അൽ ഐൻ ബസ് സ്റ്റേഷൻ, ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷൻ, മുവൈല സ്റ്റേഷൻ, റാസൽഖൈമ ബസ് സ്റ്റേഷൻ, അജ്മാൻ ബസ് സ്റ്റേഷൻ, ഫുജൈറ സിറ്റി സെൻറർ എന്നിവ വഴി സർവിസുണ്ടാകും. ആഡംബര നിലവാരത്തിലുള്ള ബസുകളാണ് തയാറാക്കിയിരിക്കുന്നത്. സ്റ്റേഷനുകളും ഉന്നത നിലവാരം പുലർത്തുന്നവയാണ്.
റോഡുകളും പാലങ്ങളും:
ആരെയും വിസ്മയിപ്പിക്കുന്ന വേഗത്തിലായിരുന്നു എക്സ്പോ വേദിയിലേക്കുള്ള റോഡുകളുടെ നിർമാണം. ആറു ൈഫ്ല ഓവറുകൾ, 13 കിലോമീറ്റർ നീളത്തിൽ 64 പാലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അഞ്ചു തുരങ്കങ്ങളുടെ നീളം 450 മീറ്റർ വർധിപ്പിച്ചു. റോഡുകളിൽ 25 എൻട്രി ലൈനുകളും 21 എക്സിറ്റും സ്ഥാപിച്ചു. 30,000 പാർക്കിങ് േസ്ലാട്ടുകളാണ് എക്സ്പോയിലുള്ളത്. സ്മാർട്ട് സംവിധാനത്തിലൂടെയായിരിക്കും പാർക്കിങ് ഏരിയയുടെ പ്രവർത്തനം. പാർക്കിങ് േസ്ലാട്ട് നിറഞ്ഞാൽ റോഡിലെ പാർക്കിങ്ങുകളും ഉപയോഗിക്കാനുള്ള സംവിധാനമുണ്ട്.
ആറു ഘട്ടങ്ങളായിട്ടായിരുന്നു റോഡുകളുടെ നിർമാണം. ആദ്യ ഘട്ടത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും എക്സ്പോ റോഡിലും ജങ്ഷൻ നിർമിച്ചു. രണ്ടാം ഘട്ടത്തിൽ എക്സ്പോ സൈറ്റിൽ നിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് ൈഫ്ല ഓവറുകൾ നിർമിച്ചു.
ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റുമായി ബന്ധിപ്പിക്കലായിരുന്നു മൂന്നാം ഘട്ടം. ഈ സ്ട്രീറ്റിെൻറ വികസിപ്പിക്കൽ നാലാം ഘട്ടത്തിൽ നടന്നു. അഞ്ചാം ഘട്ടത്തിൽ എമിറേറ്റ്സ് റോഡിനെയും എക്സ്പോ റോഡിനെയും ബന്ധിപ്പിച്ചു. അവസാന ഘട്ടത്തിൽ എക്സ്പോ റോഡ് നിർമിച്ചു.
15,000 ടാക്സികളും ലിമോസും:
15,000 ടാക്സികളും ലിമോസിനുകളുമാണ് എക്സ്പോക്കായി ഒരുക്കിയിരിക്കുന്നത്. ഇതിൽ 9710 ടാക്സികളും 5681 ലിമോസിനുകളും ഉൾപ്പെടുന്നു. ഉബർ, കരീം പോലുള്ള ആപ്പുകൾ വഴി ഇത് ബുക്ക് ചെയ്യാൻ കഴിയും.
സുഗമമായ ഗതാഗതത്തിന് അൽ ബർഷയിൽ കൺട്രോൾ സെൻററുണ്ട്. സ്മാർട്ട് സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കൺട്രോൾ സെൻററുകളിൽ ഒന്നാണിത്. മെട്രോ, ട്രാം, ബസ്, ടാക്സി, ജലഗതാഗതം എന്നിവയെല്ലാം ഇവിടെ നിന്ന് നിയന്ത്രിക്കാം. ഗതാഗതനിയമം ലംഘിക്കുന്നവരെ കുടുക്കാനും സംവിധാനമുണ്ട്. 116 ട്രാഫിക് മോണിറ്ററിങ് കാമറ ഉൾപ്പെടെ 245 കാമറകൾ ഇവിടേക്കുള്ള വഴിയിൽ സ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.