കോടതി ഇടപെട്ടു; 5832 തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക കൈമാറി
text_fieldsഅബൂദബി: തൊഴില്‍ കോടതിയുടെ ഇടപെടലില്‍ 5832 തൊഴിലാളികള്‍ക്ക് കിട്ടാനുണ്ടായിരുന്ന 42.8 ദശലക്ഷം ദിര്‍ഹം വേതന കുടിശ്ശിക കൈമാറി.
രണ്ടു മാസത്തിനുള്ളിലാണ് കോടതി തൊഴിലാളികളുടെ പ്രശ്നം പരിഹരിച്ചത്. ശമ്പളകുടിശ്ശിക ലഭിക്കാതെ വന്നതോടെയാണ് തൊഴിലാളികള്‍ കോടതിയെ സമീപിച്ചത്. നിശ്ചിത തീയതി കഴിഞ്ഞ് 15 ദിവസം പിന്നിട്ടിട്ടും ശമ്പളം നല്‍കിയില്ലെങ്കില്‍ അത് കുടിശ്ശികയായാണ് കണക്കാക്കുകയെന്നാണ് തൊഴില്‍മന്ത്രാലയത്തിന്റെ വിശദീകരണം.
തൊഴില്‍ കരാര്‍ പ്രകാരമുള്ള ശമ്പളം നിശ്ചിത സമയത്തുതന്നെ തൊഴിലുടമകള്‍ നല്‍കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിലൂടെ തൊഴിലാളികളുടെ ഉൽപാദനക്ഷമത വര്‍ധിപ്പിക്കാനും ഇരുകക്ഷികളും തമ്മിലുള്ള ബന്ധത്തിന്റെ സ്ഥിരത ഉറപ്പാക്കാനും കഴിയും.
സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും നിയമലംഘനം നടത്തുന്നതിനുള്ള ശിക്ഷ കണക്കാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന യു.എ.ഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് നിയമവകുപ്പ് നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കുകയും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തത്.
തൊഴില്‍സ്ഥാപനം മാറാന്‍ ആഗ്രഹമുള്ള തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാൻ മാനുഷിക വിഭവമന്ത്രാലയം അടക്കമുള്ള അധികൃതര്‍ സ്വീകരിച്ച നടപടികളെ നിയമവകുപ്പ് അഭിനന്ദിക്കുകയും ചെയ്തു.
ഫെബ്രുവരി രണ്ടു മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എമിറേറ്റിലെ സ്വകാര്യ സ്ഥാപനങ്ങളിലെ മേധാവിമാര്‍ക്ക് അബൂദബി തൊഴില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. നിക്ഷേപകര്‍ക്കും നിപുണരായ തൊഴിലാളികള്‍ക്കും ആകര്‍ഷകമായ സാഹചര്യം സൃഷ്ടിക്കുന്നതിന് ഉപയുക്തമായതാണ് പുതിയ നിയമം. തൊഴിലുടമയുടെ സമ്മതത്തോടെ തൊഴിലാളികള്‍ക്ക് താല്ക്കാലികമായ ജോലിയോ ഫ്രീലാന്‍സ് ജോലിയോ തൊഴില്സമയമോ അടക്കമുള്ളവ തിരഞ്ഞെടുക്കാന്‍ അനുമതിനല്‍കുന്നതാണ് പുതിയ തൊഴില്‍നിയമം.
വംശത്തിന്റെയും നിറത്തിന്റെയും ലിംഗത്തിന്റെയും മതത്തിന്റെയും രാജ്യത്തിന്റെയും വൈകല്യത്തിന്റെയും പേരിലുള്ള വിവേചനങ്ങളെ നിയമം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
തൊഴിലാളികളുടെ പാസ്പോര്‍ട്ട് പോലുള്ള രേഖകള്‍ പിടിച്ചുവെക്കരുത്, ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് അവരില്‍നിന്ന് ഈടാക്കരുത്, മൂന്നുവര്‍ഷം വരെയെ തൊഴില്‍ക്കരാര്‍ പാടുള്ളൂ, അനിശ്ചിതകാല കരാറുകള്‍ നിശ്ചിതവര്ഷത്തിലേക്ക് പരിമിതപ്പെടുത്തണം, പ്രബേഷന്‍ കാലയളവ് ആറുമാസത്തില്‍ കൂടരുത്, പിരിച്ചുവിടുന്നതിന് രണ്ടാഴ്ച മുമ്പ് തൊഴിലാളിക്ക് നോട്ടീസ് നല്‍കണം, പ്രബേഷന്‍ കാലയളവിൽ ജോലി മാറാന്‍ ആഗ്രഹിക്കുന്ന തൊഴിലാളി ഒരുമാസം മുമ്പ് വിവരം ഉടമയെ നോട്ടീസ് നല്കി അറിയിക്കണം, രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അക്കാര്യം 14 ദിവസം മുമ്പ് അറിയിക്കണം തുടങ്ങിയവയും നിയമത്തിലെ വ്യവസ്ഥകളാണ്.
ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം അനുവദിക്കില്ല, കൂടുതല്‍ ഓവര്‍ടൈം അനിവാര്യമായ ജോലിയാണെങ്കില്‍ മണിക്കൂറിന് സാധാരണ നല്‍കുന്നതിന്റെ 25 ശതമാനം കൂടുതല്‍ വേതനം നല്‍കണം, ശമ്പളത്തോടുകൂടിയ ഒരു അവധി ദിവസം നല്‍കണം തുടങ്ങിയ നിരവധി നിയമങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.