കെടുതികൾ ഒഴിഞ്ഞു; രാജ്യം സാധാരണ നിലയിലേക്ക്
text_fieldsദുബൈ: രാജ്യത്തെ മഴക്കെടുതി ബാധിച്ച മേഖലകൾ പൂർണമായും സാധാരണ നിലയിലേക്ക്. ദുബൈ, ഷാർജ, അജ്മാൻ തുടങ്ങി എല്ലാ എമിറേറ്റുകളിലെയും വെള്ളക്കെട്ടുകൾ ബഹുഭൂരിപക്ഷവും നീക്കം ചെയ്യുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ചിലയിടങ്ങളിൽ ഇപ്പോൾ നിലവിലുള്ള വെള്ളക്കെട്ടുകൾ ഗതാഗതത്തെ വലിയ രീതിയിൽ തടസ്സപ്പെടുത്തുന്നതല്ല. ഈ വെള്ളക്കെട്ടുകളും അതിവേഗം ഒഴിവാക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരുകയാണ് അധികൃതർ. ആരോഗ്യ രംഗത്തും വലിയ വെല്ലുവിളികൾ നേരിടുന്നില്ല. സർക്കാർ സംവിധാനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സഹകരിച്ച് അടിയന്തര ചികിത്സക്കും പരിശോധനക്കും വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്കൂളുകൾ മിക്കതും സാധാരണ നിലയിലായി തുടങ്ങിയിട്ടുണ്ട്. എന്നാൽ, ചില സ്കൂളുകളിൽ ഓൺലൈൻ പഠനം തുടരുന്നുമുണ്ട്.
ദുരിത ബാധിതരെ സഹായിക്കാൻ സർക്കാർ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നഷ്ടം വിലയിരുത്തി പുനരധിവാസം ഉറപ്പാക്കാൻ അപേക്ഷ സ്വീകരിക്കാനും സഹായം സമാഹരിക്കാനും ദുബൈയിലും ഷാർജയിലും സംവിധാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. കനത്ത മഴമൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുകയും ഭാവിയിൽ അവ ഒഴിവാക്കുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുകയും ചെയ്യുക, ദുരിതബാധിതരെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുക എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി പ്രവർത്തനങ്ങൾ തുടരാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്.
ഷാർജയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ മുനിസിപ്പാലിറ്റിയുടെ ഊർജിത പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. വെള്ളം വലിച്ചെടുക്കാൻ ട്രക്കുകളും മറ്റു സംവിധാനങ്ങളും കൂടുതലായി തന്നെ എത്തിയിട്ടുണ്ട്. വെള്ളക്കെട്ട് ബാധിത മേഖലകളിൽ സഹായം ആവശ്യമുള്ളവർക്ക് സമീപിക്കാൻ സർക്കാറിന്റെ മേൽനോട്ടത്തിൽ പോയന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് 065015161 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാമെന്ന് ഷാർജ സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.