നൃത്ത വൈവിധ്യങ്ങളുടെ സംഗമ വേദി 'ഡാൻസിങ് എക്സ്പോ'
text_fieldsബ്രസീലിലെ സാംബ, സ്പെയിനിലെ ഫ്ലെമൻകോ, ചൈനയുടെ ഡ്രാഗൺ, യുക്രൈയിനിന്‍റെ ഹോപക്-കീവ്, ഇമാറാത്തികളുടെ അയ്യാല തുടങ്ങി നമ്മുടെ കേരളത്തിന്‍റെ തനത് കഥകളിയും ഒപ്പനയും വരെ നീളുന്ന നൃത്ത വൈവിധ്യങ്ങളുടെ സംഗമ വേദിയാണ് എക്സ്പോ 2020ദുബൈ. ഓരോ ദിവസവും വിവിധ വേദികളിലായി ഹിപ്ഹോപ് മുതൽ ക്ലാസിക്കൽ, ആധുനിക കലാവിഷ്കാരങ്ങളുടെ ഭാഗമായ നിരവധിയായ ഡാൻസുകളാണ് വ്യത്യസ്ത വേദികളിൽ അരങ്ങേറുന്നത്.
ആംഫി തിയേറ്ററിലും ജൂബിലി പാർക്കിലും അൽ വസ്ൽ പ്ലാസയിലും തുടങ്ങി വിവിധ രാജ്യങ്ങളുടെ പവലിയനുകളിലും ആയിരങ്ങളെ ആവേശം കൊള്ളിച്ച് ലോകോത്തര നർത്തകരാണ് പങ്കാളികളാകുന്നത്. കുട്ടികൾക്ക് പ്രത്യേകമായുള്ള ഡാൻസ് പരിപാടികൾ, ക്ലാസിക്കൽ ഇഷ്ടപ്പെടുന്നവർക്കായി അത്തരം നൃത്തങ്ങൾ, യുവാക്കൾക്കും പാശ്ചാത്യൻ സംഗീതത്തെ ഇഷ്ടപ്പെടുന്നവർക്കും വേണ്ടിയുള്ള ഹിപ് ഹോപ്പും ഡി.ജെ നൃത്ത സദസുകളും എന്നിങ്ങനെ വിവിധ ദിവസങ്ങളിലായി അരങ്ങേറിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അവരവരുടെ രാജ്യങ്ങളിലെ പ്രധാന നൃത്താവിഷ്കാരങ്ങൾ എല്ലാ ദിവസവും അവതരിപ്പിക്കപ്പെടുന്നുണ്ട്. യു.എ.ഇയിലെ സദസിന് മുമ്പൊന്നും പരിചയപ്പെടാൻ അവസരം ലഭിക്കിച്ചിട്ടില്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിലെ പരമ്പരാഗത നൃത്തങ്ങൾ ഇത്തരത്തിൽ വേദികളിലെത്തിയിട്ടുണ്ട്. കെടെ എന്നറിയപ്പെടുന്ന ഘാനൻ നൃത്തം, കകിലാംബെ എന്ന മാലിയിലെ നൃത്തം, കോംഗോയിലെ ക്വാസക്വാസ, സെനഗലിലെ ലംബാൻ എന്നിവ ഇക്കൂട്ടത്തിൽ എക്സ്പോ വേദികളിലെത്തി.
യൂറോപ്പിൽ നിന്ന് സ്പെയിനിലെ ഫ്ലെമൻകോ മുതൽ തുർക്കിയിലെ ബെല്ലി ഡാൻസ് വരെ വേദികളെ ഇളക്കി മറിച്ചു. ലാറ്റിനമേരിക്കയിലെ ഹിസ്പാനോ സാംസ്കാരിക പശ്ചാത്തലത്തിലെ നൃത്തങ്ങൾ പലതും എക്സ്പോ സന്ദർശകർ ഇതുവരെ പേരുപോലും കേൾക്കാത്തതായിരുന്നു. ഫിഫ ലോകകപ്പ് ഫുട്ബാൾ കാലത്തും ഒളിമ്പിക്സ് കാലത്തും ലോക്കത്തിന് സുപരിചിതമായ സാംബ നൃത്തം ഒഴിച്ചു നിർത്തിയാൽ ചാചാ, ബോസ നോവ, ടാൻഗോ, സൽസ എന്നിവയെല്ലാം മിക്കവർക്കും പുത്തൻ അനുഭവം തന്നെയായിരുന്നു. ഭരതനാട്യം മുതൽ കോൽക്കളി വരെ ഇന്ത്യയിൽ നിന്നുള്ള നൃത്ത വിഭവങ്ങൾ മിക്കതും അവതരിപ്പിക്കപ്പെട്ടത് ഇന്ത്യൻ പവലിയനിന് സമീപത്തെ സ്റ്റേജിൽ തന്നെയായിരുന്നു. ഓരോ സംസ്ഥാനങ്ങൾക്കും പ്രത്യേകം നൽകിയ വാരാചരണങ്ങളുടെ ഭാഗമായാണ് പലതും വേദികളിലെത്തിയത്. വരും ദിവസങ്ങളിലും പലതും വേദിയിലെത്താൻ തയ്യാറായി നിൽക്കുന്നുമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗ നൃത്തങ്ങൾ, ജമ്മു കശ്മീരിലെ തനത് നൃത്തകലകൾ തുടങ്ങി കേരളത്തിലെ നാടോടി നൃത്തവും കോൽക്കളിയും വരെ ഇക്കൂട്ടത്തിലുണ്ട്. ഭരതനാട്യം, മണിപ്പൂരി ഡാനസ്, കഥക്, കഥകളി, മോഹനിയാട്ടം, കുച്ചുപ്പുടി എന്നിങ്ങനെ ഇന്ത്യൻ നൃത്ത വിഭവങ്ങളുടെ പട്ടിക നീണ്ടതാണ്.
ഗൾഫിന്‍റെ തനത് നൃത്തങ്ങൾ ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നൂറ്റാണ്ടുകളായി ആഘോഷവേളകളിലും മറ്റും നടത്തപ്പെടുന്ന പരമ്പരാഗത നൃത്തങ്ങൾ എക്സ്പോ വേദികളിൽ ഓരോദിവസവും അവതരിപ്പിക്കുന്നുണ്ട്. എക്സ്പോ ഉദ്ഘാടന ദിവസം അഥിതികളെ സ്വാഗതം ചെയ്തും തുടർന്ന് ഓരോ വിശേഷ സന്ദർഭങ്ങളിൽ സാന്നിധ്യമായും മേളയിൽ അറബ് നൃത്തങ്ങൾ കാണാത്തവർ കുറവായിരിക്കും. അൽ അയ്യാല എന്നും അൽ അയാല എന്നും അറിയപ്പെടുന്ന വടി കയ്യിൽ പിടിച്ചുള്ള ഡാൻസ്, ദുബൈയുടെ നൃത്തം എന്നറിയപ്പെടുന്ന യോല, കല്യാണ സന്ദർഭങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന ലിവ എന്നിവയെല്ലാം വേദികളിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.