വിസിറ്റിങ് വിസക്കാരുടെ കാലാവധി മാർച്ച് 31 വരെ നീട്ടിയെന്ന് റിപ്പോർട്ട്
text_fieldsദുബൈ: കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31 വരെ സൗജന്യമായി നീട്ടിയതായി റിപ്പോർട്ട്.
കാലാവധി കഴിഞ്ഞ വിസക്കാർ എമിഗ്രേഷെൻറ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്. ഡിസംബറിൽ വിസ തീർന്നവരുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയതായി കാണുന്നുണ്ട്. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.
കാലാവധി നീട്ടിയാൽ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് വലിയൊരു ആശ്വാസമാവും. പലരും വിസ കഴിഞ്ഞും ഇവിടെ തങ്ങുകയാണ്. അടുത്ത ദിവസങ്ങളിൽതന്നെ വിസ കാലാവധി കഴിയുന്നവരുമുണ്ട്. കാലാവധി കഴിഞ്ഞ് തങ്ങിയാൽ വൻ തുക പിഴ അടക്കേണ്ടിവരും.
സൗദി വിമാന വിലക്ക് അനിശ്ചിതമായി നീട്ടിയതുമൂലം എത്ര ദിവസം ഇവിടെ തങ്ങേണ്ടിവരുമെന്ന് അറിയാതെയാണ് പ്രവാസികൾ ഇവിടെ കഴിയുന്നത്. വിസ പുതുക്കണമെങ്കിൽ ഏകദേശം 1000 ദിർഹമെങ്കിലും വേണ്ടിവരും.
ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്തയാണ് വിസ കാലാവധി നീട്ടിയത്. അതേസമയം, ഔദ്യോഗിക സ്ഥിരീകരണമുണ്ടായാൽ മാത്രമേ പ്രവാസികൾക്ക് ഇക്കാര്യത്തിൽ ആശ്വസിക്കാൻ കഴിയൂ.
മുമ്പും ലോക്ഡൗണായപ്പോൾ യു.എ.ഇ സൗജന്യമായി വിസ കാലാവധി നീട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.