വിസ്മയക്കാഴ്ചയൊരുക്കി ത്വാഇഫിലെ ദക്കാ പർവതനിരകൾ
text_fieldsത്വാഇഫ്: ഗവർണറേറ്റിലെ വലിയ പർവതമായ ദക്കായിലെ മുകളിൽനിന്നുള്ള കാഴ്ച ഹൃദ്യമായ അനുഭൂതിയാണ് സന്ദർശകർക്ക് നൽകുന്നത്. പർവത മുകളിൽനിന്ന് പരന്നുകിടക്കുന്ന ഹരിതാഭമായ ഗിരിനിരകളും വർണാഭമായ പ്രകൃതിഭംഗിയും ആവോളം ആസ്വദിച്ചാണ് ഇവിടെയെത്തുന്ന സന്ദർശകർ മടങ്ങുന്നത്. ത്വാഇഫ് നഗരത്തിൽനിന്ന് 21 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഈ വൻ മലമ്പ്രദേശം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2900 മീറ്ററാണ് ഈ പർവത കൊടുമുടിയുടെ ഉയരം കണക്കാക്കുന്നത്. സന്ദർശകരെ ഏറെ ആകർഷിക്കുന്ന അൽശഫ പർവതമേഖലയിലുള്ള ദക്കാ പർവ തമുകളിലേക്ക് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.
ഹിജാസ് പർവതനിരകളുടെ കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന പർവതമാണിത്. ഉയർച്ചയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഈ പർവതമുകളിൽനിന്ന് റമദാൻ മാസപ്പിറവിയും അറബ് മാസങ്ങളുടെ ആരംഭ തീയതി നിർണയിക്കാനും പഴയകാലം മുതൽ ആളുകൾ ഇവിടെ എത്തിയിരുന്ന പതിവുണ്ടായിരുന്നതായി അറബ് ചരിത്രരേഖകൾ വെളിപ്പെടുത്തുന്നു. പർവത ഉച്ഛിയിൽനിന്ന് കാണാവുന്ന സൂര്യാസ്തമയക്കാഴ്ചക്ക് ഏറെ മനോഹരിത ഉള്ളതായി സന്ദർശകർ ബോധ്യപ്പെടുത്തുന്നു. ത്വാഇഫ് മേഖലയിൽ ഏറ്റവും അവസാനം സൂര്യൻ അസ്തമിക്കുന്ന സ്ഥലമായും ഈ പ്രദേശം കണക്കാക്കുന്നു. ഹരിതാഭമായ ഭൂപ്രകൃതിയിൽ വ്യത്യസ്ത മരങ്ങളുടെ നിബിഡമായ കാഴ്ചയും വൈവിധ്യമാർന്ന അഴകുകളോടെ പാറകളുടെ വ്യതിരിക്തമായ ദൃശ്യങ്ങളുംകൊണ്ട് പ്രകൃതിയൊരുക്കിയ കണ്ണഞ്ചിപ്പിക്കുന്ന സംഗമസ്ഥലമായി ഈ മേഖല മാറിയിരിക്കുന്നു ദക്കാ പർവതമേഖലയിലുള്ള ചൂരൽ ചെടികളുടെ വിശാലമായ സംഗമസ്ഥലങ്ങൾ പർവത താഴ്വരയിലെ വേറിട്ട കാഴ്ച്ചയാണ്. വിവിധ തരത്തിലുള്ള ഔഷധസസ്യങ്ങളുടെ വ്യാപനവും ഈ മേഖലയിലെ ധാരാളമായി കാണാം. മഞ്ഞുകാലത്ത് ദക്കാ പർവത മുകളിൽ താപനില പൂജ്യം സെൽഷ്യസിനു താഴെയാണ്. വർഷത്തിലെ മിക്ക സമയങ്ങളിലും തണുത്ത കാലാവസ്ഥയും മൂടൽമഞ്ഞും ഈ പ്രദേശങ്ങളിൽ പ്രകടമാകുന്നതും സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കുന്ന ഒരു ഘടകമാണ്. മലകയറ്റം, ട്രക്കിങ്, ക്യാമ്പിങ്, ബാർബിക്യൂ പാചകം തുടങ്ങിയവക്കായി സ്വദേശി യുവാക്കൾ ധാരാളമായി ദിനംതോറും ഇവിടെയെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.