സാഹസിക വിനോദ യാത്രികരെ... ഖോർഫക്കാൻ വാതിൽ തുറക്കുന്നു
text_fieldsഷാർജ: ഖോർഫക്കാന്റെ കിഴക്കൻ തീരത്തെ അൽ സുവൈഫ പർവതവും അൽ ലുലുയ്യ ബീച്ചും യു.എ.ഇയുടെ സാഹസിക വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിക്കാനൊരുങ്ങുന്നു.
സുവൈഫ പർവതത്തിൽനിന്ന് ലുലുയ്യ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുംവിധമുള്ള സാഹസിക വിനോദ പരിപാടികളാണ് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്) ആസൂത്രണം ചെയ്യുന്നതെന്ന് ആക്ടിങ് സി.ഇ.ഒ അഹമ്മദ് ഉബൈദ് അൽ ഖസീർ പറഞ്ഞു. സിപ്ലൈൻ, കൂറ്റൻ ഊഞ്ഞാൽ, ഡ്രൈ-സ്ലൈഡ് ട്രാക്ക്, ഹൈക്കിങ് ട്രാക്കുകൾ, മൗണ്ടൻ ബൈക്ക് ട്രാക്കുകൾ തുടങ്ങിയവയാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കുന്നത്. 2023 അവസാനത്തോടെ പൂർത്തിയാക്കും വിധമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുവൈഫ പർവതത്തിൽ സഞ്ചാരികൾക്ക് പ്രകൃതിസൗന്ദര്യവും സാഹസിക ട്രാക്ക് റൂട്ടുകളും ആസ്വദിക്കാൻ കഴിയുംവിധം ഒരു നിരീക്ഷണ ഡെക്കും ഒരു റസ്റ്റാറന്റും പദ്ധതിയുടെ ഭാഗമാണ്. ഖോർഫക്കാനെ മേഖലയിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഉയർത്തുകയെന്ന യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാട് അനുസരിച്ചാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അഹമ്മദ് ഉബൈദ് അൽ ഖസീർ വ്യക്തമാക്കി.
ഷാർജയിലും ഉപനഗരങ്ങളിലും വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശം നൽകിയതിനെ തുടർന്ന് ഖോർഫക്കാൻ ബീച്ച് വികസനം ശുറൂഖ് ഏറ്റെടുത്ത് നടപ്പാക്കിയിരുന്നു.
ഖോര്‍ഫക്കാനിലെ സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 600 മീറ്റര്‍ ഉയരത്തിലുള്ള ക്ലൗഡ് ലോഞ്ച് നിരീക്ഷണ കേന്ദ്രം ഏറെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
ഇവിടെനിന്ന് യു.എ.ഇയുടെ കിഴക്കന്‍ തീരത്തിന്റെയും ഒമാന്‍ ഉള്‍ക്കടലിന്റെയും വിശാലമായ കാഴ്ചകള്‍ കാണാനാവും. ആംഫി തിയറ്റര്‍, കൃത്രിമ വെള്ളച്ചാട്ടം, പുനര്‍നിര്‍മിച്ച റാഫിസ അണക്കെട്ടിലേക്ക് നയിക്കുന്ന മൂന്ന് കിലോമീറ്റര്‍ പര്‍വത പാത എന്നിവയെല്ലാം ഖോർഫക്കാനിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.