കുവൈത്തും വാതിലടച്ചു; കുടുങ്ങിയത് നൂറുകണക്കിന് പ്രവാസികൾ
text_fieldsദുബൈ: സൗദി അറേബ്യക്ക് പിന്നാലെ കുവൈത്തും ആകാശവാതിൽ അടച്ചതോടെ യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ. ഇവരിൽ ഏറെയും മലയാളികളാണ്. ഇന്ത്യയിൽ നിന്ന് യാത്രാ വിലക്കുള്ളതിനാൽ യു.എ.ഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യാനെത്തിയവരാണ് ദുബൈയിലും ഷാർജയിലുമായി തങ്ങുന്നത്. കുവൈത്ത് 14 ദിവസത്തേക്കും സൗദി അനിശ്ചിതകാലത്തേക്കുമാണ് വിലക്കിയത്. കുടുങ്ങിയവരിൽ വനിതകളും ഉൾപ്പെടും.
വിസ കാലാവധി കഴിയാറായതോടെ പുതിയ വിസ എടുക്കേണ്ട അവസ്ഥയിലാണ്. കുവൈത്തിലേക്ക് പ്രവാസികൾക്ക് പ്രവേശിക്കാൻ അനുവദിച്ച സമയം ഇന്നലെ രാത്രിയാണ് അവസാനിച്ചത്. ഇന്നും നാളെയുമായി നിരവധിയാളുകളാണ് ടിക്കറ്റെടുത്ത് കുവൈത്തിലേക്ക് യാത്രചെയ്യാൻ ഒരുങ്ങിയത്. ഈ വിമാനങ്ങളെല്ലാം റദ്ദാക്കി. അവസാനദിനമായ ശനിയാഴ്ച ചിലർക്ക് യാത്രചെയ്യാൻ കഴിഞ്ഞതാണ് ഏക ആശ്വാസം. ഒമാൻ വഴി പോകുന്ന വിമാനത്തിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ ചിലർ ശ്രമിച്ചിരുന്നു. എന്നാൽ, സമയദൈർഘ്യം കൂടുതലായതിനാൽ നിശ്ചിത സമയത്തിനുള്ളിൽ കുവൈത്തിലെത്താൻ കഴിയില്ലെന്നുവന്നതോടെ ഇവർ പിന്മാറി. വിമാനത്തിലെ യാത്രക്കാരുടെ എണ്ണം വെട്ടിക്കുറച്ചതോടെ ഇന്നലെ പോകേണ്ടിയിരുന്ന പലർക്കും യാത്രചെയ്യാൻ കഴിഞ്ഞില്ല.
വേണം പ്രവാസി സംഘടനകളുടെ കൈത്താങ്ങ്
പ്രവാസികൾ എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ, അപ്പോഴെല്ലാം ഓടിയെത്തിയവരാണ് യു.എ.ഇയിലെ പ്രവാസി സംഘടനകൾ. കോവിഡ് മഹാമാരി ആശങ്കയുണർത്തിയ സമയത്ത് സ്വന്തം ജീവൻ പോലും വകവെക്കാതെ ഓടിയെത്തിയവരാണ് ഇവർ. അന്നംതേടി സൗദിയിലേക്കും കുവൈത്തിേലക്കും യാത്ര ചെയ്യാൻ കടംവാങ്ങിച്ച് നാട്ടിൽനിന്നെത്തിയ പ്രവാസികൾക്കും നിങ്ങളുടെ തുണ അത്യാവശ്യമാണ്. പ്രാദേശിക കൂട്ടായ്മകളും വ്യക്തികളും ഇപ്പോൾ സഹായം നൽകുന്നുണ്ടെങ്കിലും എല്ലാവരിലേക്കും എത്തുന്നില്ല. ജീവിതച്ചെലവ് ഏറെയുള്ള ദുബൈയിൽ ഒരു ദിവസം തങ്ങണമെങ്കിൽ നല്ലൊരു തുക വേണ്ടിവരും.
താമസത്തിനും ഭക്ഷണത്തിനും പുറമെ വിസ കാലാവധി കഴിയാറായവരുമുണ്ട്. എങ്ങനെയെങ്കിലും ലക്ഷ്യസ്ഥാനത്തെത്തണമെന്ന ആഗ്രഹത്താലാണ് അവർ ഇപ്പോഴും ഇവിടെ പിടിച്ചുനിൽക്കുന്നത്. നാട്ടിൽനിന്ന് കടം വാങ്ങി വന്നതിനാൽ തിരിച്ചുപോകുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല. ഈ സാഹചര്യത്തിൽ കൈത്താങ്ങാവാൻ യു.എ.ഇയിലെ പ്രവാസി സംഘടനകൾ കൂടുതൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് അവർ.
യാത്ര ഒമാൻ, ബഹ്റൈൻ വഴി
യു.എ.ഇയിൽ തങ്ങുന്ന യാത്രക്കാർ ഇപ്പോൾ സാധ്യത തേടുന്ന തിരക്കിലാണ്. ഒന്നുകിൽ നാട്ടിലേക്ക് മടങ്ങണം, അല്ലെങ്കിൽ കൂടുതൽ തുക മുടക്കി യു.എ.ഇയിൽ തങ്ങണം. മെറ്റാരു വഴിയുള്ളത് ഒമാൻ, ബഹ്റൈൻ വഴിയുള്ള യാത്രയാണ്. ഈ രണ്ട് രാജ്യങ്ങളിൽ എത്തിയാലും 14 ദിവസം ക്വാറൻറീൻ കഴിഞ്ഞാലേ സൗദിയിലേക്ക് പോകാൻ കഴിയൂ. ഈ സമയമാകുേമ്പാൾ ഈ രാജ്യങ്ങളിലേക്കും വിലക്ക് വരുമോ എന്ന ഭീതിയാണ് പലരെയും പിൻവലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.