100 കോടി ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചു
text_fieldsദുബൈ: കഴിഞ്ഞമാസങ്ങളിൽ 100 കോടി ദിർഹം വിലവരുന്ന 1,041 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തതായി അബൂദബി പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കടത്ത്, വിതരണവുമായി ബന്ധപ്പെട്ട വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ 22 പേരെ അറസ്റ്റ് ചെയ്തതായും അബൂദബി പൊലീസ് സമൂഹമാധ്യമ അക്കൗണ്ടിൽ വെളിപ്പെടുത്തി. അറസ്റ്റിലായവരിൽ എട്ടുപേർ മയക്കുമരുന്ന് കടത്തിലൂടെ കള്ളപ്പണം വെളുപ്പിക്കലിൽ ഏർപ്പെട്ടവരാണ്. അബൂദബി പൊലീസിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റാണ് 2020 അവസാന പാദത്തിലെ കേസുകളുടെ കണക്ക് പുറത്തുവിട്ടത്.
സൂചനകൾ പിന്തുടർന്ന് മയക്കുമരുന്ന് വിതരണ ശൃംഖല തകർക്കാനും എല്ലാ അളവിലുള്ള മയക്കുമരുന്ന് വസ്തുക്കളും പിടിച്ചെടുക്കാനും പൊലീസിന് കഴിഞ്ഞു. സുരക്ഷ പദ്ധതികൾ ആവിഷ്കരിച്ചാണ് സംഘങ്ങളെ നേരിട്ടത്. രാജ്യത്തേക്ക് ലഹരി വസ്തുക്കൾ കടത്തുന്നവർക്ക് പങ്കാളികളുണ്ടെന്നും വിദേശത്തുനിന്ന് അവർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കണ്ടെത്തി. വിവിധ എമിറേറ്റുകളിൽ അവരുടെ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയതായും മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ താഹർ ഗാരിബ് അൽ ദഹേരി പറഞ്ഞു. മയക്കുമരുന്ന് കടത്ത് പ്രോത്സാഹിപ്പിക്കുന്നതിൽ ഓരോ സംഘത്തിനും പ്രത്യേക പങ്കുണ്ടെന്നും പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചാണ് രാജ്യത്തേക്ക് ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്നും ദഹേരി കൂട്ടിച്ചേർത്തു.
മയക്കുമരുന്ന് വിൽപനയിലൂടെയും നിയമവിരുദ്ധ മാർഗങ്ങൾ ഉപയോഗിച്ചും കള്ളപ്പണം വെളുപ്പിക്കുന്നതിലും ഈ സംഘത്തിലെ ചിലർ വ്യാപൃതരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും തലസ്ഥാന പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.