വിസ്മയം പകർന്ന് ദുബൈ എയർഷോ സമാപിച്ചു
text_fieldsദുബൈ: അൽഭുതപ്പെടുത്തുന്ന ആകാശക്കാഴ്ചകളും നൂതന സാേങ്കതിക വിദ്യകളും പരിചയപ്പെടുത്തിയ ദുബൈ എയർഷോക്ക് പരിസമാപ്തി. കോവിഡാനന്തരം ലോകത്ത് നടന്ന ഏറ്റവും വലിയ വ്യോമയാന പ്രദർശനം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരങ്ങളെ ആകർഷിച്ചു. ദുബൈ വേൾഡ് സെൻട്രലിലെ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആഗോള പ്രദർശനത്തിൽ യു.എ.ഇയിലെയും മറ്റു രാജ്യങ്ങളിലെയും വിവിധ കമ്പനികളും സർക്കാർ^അർധസർക്കാർ സ്ഥാപനങ്ങളും ശതകോടികളുടെ കരാറുകളിൽ ഒപ്പിട്ടു. 148രാജ്യങ്ങളിൽ നിന്നായി 1200ലേറെ പ്രദർശകർ എത്തിച്ചേർന്ന മേളയിൽ 160ലേറെ പുത്തൻ വിമാനങ്ങൾ എത്തിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിരോധ മന്ത്രിമാർ, ചീഫ് ഓഫ് സ്റ്റാഫ് തുടങ്ങിയവർ ഷോയിൽ പങ്കാളികളായി.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് 17ാമത് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. വിവിധ ദിവസങ്ങളിലായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രദർശനം കാണാനെത്തി.
ലോകത്തെ ഏറ്റവും മികച്ച പോർവിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനീക വിമാനങ്ങളും അടുത്ത് കാണാനും പ്രകടനങ്ങൾ ആസ്വദിക്കാനും നേരത്തെ രജിസ്റ്റർ ചെയ്ത 83,000പേരാണ് എത്തിയത്. വ്യോമാഭ്യാസങ്ങളിൽ യു.എ.ഇ വ്യോമസേനയുടെ ഫുർസാൻ, റഷ്യൻ നൈറ്റ്സ്,സൗദി ഹോക്സ്, ഇന്ത്യയുടെ സൂര്യകിരണും വ്യോമസേനയുടെ സാരംഗും പങ്കാളിത്തം വഹിച്ചു. അടുത്ത തലമുറയിലെ സുഖോയ് യുദ്ധവിമാനങ്ങളുടെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റവും ദുബൈ എയർ ഷോയിൽ നടന്നു. ബോയിങ് 777X, ലിയോനാഡോ എ.ഡബ്ല്യൂ609 എന്നിവയുടെ അരങ്ങേറ്റത്തിനും വേദിയായി. ദിവസവുമുള്ള വ്യേമാഭ്യാസങ്ങൾ വീക്ഷിക്കാൻ പൊതുജനങ്ങൾക്കായി ഒരുക്കിയ സൗകര്യമായ സ്കൈവ്യൂ ഗ്രാൻഡ്സ്റ്റാൻഡിൽ നിരവധി പേരാണ് എത്തിയത്.
1989ലാണ് ദുബൈ എയർഷോയുടെ ആദ്യ എഡിഷൻ നടന്നത്. രണ്ട് വർഷത്തിലൊരിക്കലാണ് മേള നടക്കുന്നത്. ഓരോവർഷവും 100 ബില്യൺ ഡോളറിലേറെ മൂല്യമുള്ള കരാറുകൾ ഒപ്പുവെക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.