ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ ഇന്ന് തുറക്കും
text_fieldsദുബൈ: വെറുംവാക്ക് പറയുന്നവരല്ല യു.എ.ഇ ഭരണാധികാരികൾ. ചെയ്യാമെന്നുറപ്പുള്ള കാര്യങ്ങൾ മാത്രമേ അവർ പറയൂ. അതുകൊണ്ടുതന്നെ, അവരുടെ വാക്കുകൾക്ക് വിശ്വാസ്യതയേറെയാണ്. ദുബൈ ഫ്യൂച്ചർ മ്യൂസിയത്തെ 'ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം' എന്ന് വിശേഷിപ്പിച്ചത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ്. ആ വാക്കുകൾ വിശ്വാസത്തിലെടുത്താൽ യു.എ.ഇ ഇന്ന് ലോകത്തിനു മുന്നിൽ സമർപ്പിക്കുന്നത് വിസ്മയച്ചെപ്പായിരിക്കും. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ദുബൈയുടെ അഭിമാന സ്തംഭമായ മ്യൂസിയം ഓഫ് ഫ്യൂച്ചർ ഇന്ന് നാടിനായി തുറക്കും. 09.09.09 എന്ന അപൂർവം ദിനത്തിൽ ദുബൈ മെട്രോ തുറന്നുകൊടുത്ത ഭരണാധികാരികൾ 22.02.2022നാണ് മ്യൂസിയം ഓഫ് ഫ്യൂച്ചറും ലോകത്തിന് സമർപ്പിക്കുന്നത്. പുതിയ 'സുഹൃത്തിന്' വരവേൽപൊരുക്കി യു.എ.ഇയിലെ അഭിമാനസ്തംഭങ്ങളായ കെട്ടിടങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വിളക്കണിഞ്ഞിരുന്നു.
എന്തൊക്കെ കാണാം
എക്സിബിഷൻ, ഇമ്മേഴ്സിവ് തിയറ്റർ തുടങ്ങിയവ സംയോജിപ്പിച്ച സംവിധാനമാണ് കെട്ടിടത്തിനകത്ത്. ഏഴു നിലകളുള്ള ഉൾഭാഗം സിനിമ സെറ്റ് പോലെ താമസിക്കാനും പങ്കുവെക്കാനും സംവദിക്കാനും കഴിയുന്ന സ്ഥലമായാണ് നിർമിച്ചിരിക്കുത്. ലോക പ്രശസ്ത ഡിസൈനർമാർ ചേർന്നാണ് കെട്ടിടത്തിന്റെ അകത്തെ സൗകര്യങ്ങളും രൂപകൽപന ചെയ്തിട്ടുള്ളത്. മൂന്ന് നിലകളിലെ എക്സിബിഷനിൽ ബഹിരാകാശ സഞ്ചാരം, എക്കോസിസ്റ്റം, ബയോ എൻജിനീയറിങ്, ആരോഗ്യം, ആത്മീയത എന്നീ കാര്യങ്ങൾ വിഷയമായിവരുന്നുണ്ട്. ഏത് കലാരൂപമാണ് പ്രദർശനത്തിൽ ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ സന്നാഹങ്ങളോടെയായിരിക്കുമിതെന്ന് ഉറപ്പാണ്. യു.എ.ഇയിലെതന്നെ ഏറ്റവും തിരക്കേറിയ ഹൈവേയായ ശൈഖ് സായിദ് റോഡിന് സമീപം, എമിറേറ്റ്സ് ടവറിന് അടുത്തായാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.
കെട്ടിടത്തിന്റെ പുറംഭാഗം പൂർണമായും മനോഹരമായ കലിഗ്രഫികളാലാണ് അലങ്കരിച്ചത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ദുബൈയുടെ ഭാവിയെ കുറിച്ച് രചിച്ച കവിതയാണ് കാലിഗ്രഫിയുടെ ഉള്ളടക്കം. 'വരുംകാലത്തെ സങ്കൽപ്പിക്കാനും രൂപകൽപന ചെയ്യാനും നടപ്പാക്കാനും കഴിയുന്നവരുടേതാണ് ഭാവി. അത് നിങ്ങൾ കാത്തിരിക്കേണ്ട ഒന്നല്ല, മറിച്ച് സൃഷ്ടിക്കേണ്ടതാണ്'എന്ന അർഥമാണ് എഴുത്തിലെ വരികൾക്കുള്ളത്.
വൃത്താകൃതിയിലുള്ള കെട്ടിടത്തിന്റെ രൂപം മനുഷ്യത്വത്തെയും താഴ്ഭാഗത്തെ പച്ച നിറത്തിലെ ഭാഗം ഭൂമിയെയും ഒഴിഞ്ഞഭാഗം വരാനിരിക്കുന്ന അജ്ഞാതമായ ഭാവിയെയും പ്രതിനിധീകരിക്കുന്നു. വൃത്താകൃതിയിലുള്ള ഇത്തരമൊരു കെട്ടിടം ലോകത്തുതന്നെ ആദ്യമാണെന്ന പ്രത്യേകത കൂടിയുണ്ട്.
മനുഷ്യ നാഗരികതയുടെ ചരിത്രത്തിൽ അറബ് ലോകം നൽകിയ സംഭാവനകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നേരേത്ത ശൈഖ് മുഹമ്മദ് ബിൻ റാശിദ് പ്രഖ്യാപിച്ച പദ്ധതിയുടെ ആസ്ഥാനവും മ്യൂസിയമാണ്. 'ഗ്രേറ്റ് അറബ് മൈൻഡ്സ് ഫണ്ട്'നാമകരണം ചെയ്ത സംരംഭത്തിലൂടെ ഫിസിക്സ്, മാത്തമാറ്റിക്സ്, കോഡിങ്, ഗവേഷണം, സാമ്പത്തികശാസ്ത്രം തുടങ്ങിയ മേഖലകളിലെ ആയിരം അറബ് പ്രതിഭകളെ സഹായിക്കും. 10കോടി ദിർഹം വകയിരുത്തിയ പദ്ധതിയിൽ യു.എ.ഇക്ക് പുറമെ മറ്റു അറബ് രാജ്യങ്ങളിലുള്ള പ്രതിഭകളെയും പരിഗണിക്കുന്നുണ്ട്.
ഒറ്റനോട്ടത്തിൽ
പ്രഖ്യാപിച്ചത്: 2015
നിർമാണം തുടങ്ങിയത്: 2016
അറബിക് കാലിഗ്രഫിയുടെ നീളം: 14,000 മീറ്റർ
കെട്ടിടത്തിന്റെ ഉയരം: 77 മീറ്റർ
സ്റ്റീൽ കൊണ്ട് പൊതിഞ്ഞിരിക്കുന്ന ഭാഗം: 17,600 സ്ക്വയർ മീറ്റർ
നിലകൾ: ഏഴ്
കെട്ടിടത്തിലെ എൽ.ഇ.ഡി ലൈറ്റുകളുടെ നീളം: 14 കിലോമീറ്റർ
സോളാർ പവർ: 4000 മെഗാവാട്ട്സ്
മ്യൂസിയത്തിന് ചുറ്റുമുള്ള ചെടികൾ: 80 ഇനം ചെടികൾ
ടിക്കറ്റ് നിരക്ക്: 145 ദിർഹം
സൗജന്യം: നിശ്ചയദാർഡ്യ വിഭാഗം, മൂന്ന് വയസിൽ താഴെയുള്ളവർ, 60 പിന്നിട്ട ഇമാറാത്തി പൗരൻമാർ, അവരെ പരിചരിക്കുന്നവർ
തുറക്കുന്ന ദിവസം: എല്ലാ ദിവസവും
സമയം: രാവിലെ പത്ത് മുതൽ വൈകീട്ട്
ആറ് വരെ
ടിക്കറ്റ് ബുക്ക് ചെയ്യാൻ:
museumofthefuture.ae/en/book
ഇതാണ് ഫ്യൂച്ചർ മ്യുസിയംമെട്രോ സൗകര്യമുണ്ടോ ?
മെട്രോയിലെത്തുന്നവർ എമിറേറ്റ്സ് ടവർ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത് (റെഡ്ലൈൻ). മ്യൂസിയത്തിന് തൊട്ടുതാഴേക്കൂടിയാണ് മെട്രോ പോകുന്നത്.
പാർക്കിങ് ലഭ്യമാണോ ?
ടിക്കറ്റെടുത്ത് വരുന്നവർക്ക് മൂന്ന് മണിക്കൂർ വരെ പാർക്കിങ് സൗജന്യമാണ്. എന്നാൽ, പരിമിതമായ പാർക്കിങ് സൗകര്യമാണ് ഇവിടെയുള്ളത്. എല്ലാ സമയത്തും സൗജന്യ പാർക്കിങ് ലഭിക്കണമെന്നില്ല. വാലെ പാർക്കിങ് ലഭ്യമാണ്.
ഒരുതവണ കണ്ട് തീർക്കാൻ എത്ര സമയമെടുക്കും ?
രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് കണ്ടുതീർക്കാം
ഗൈഡുകൾ ഉണ്ടോ ?
ആളുകളോടൊപ്പം നടന്ന് സംശയനിവാരണം നടത്തുന്നതിന് ഗൈഡുകൾ ഇല്ല. എന്നാൽ, ഏത് സംശയത്തിനും മറുപടി നൽകാൻ ഇവിടെയുള്ള ജീവനക്കാർ സന്നദ്ധരാണെന്ന് അധികൃതർ അറിയിച്ചു.
എന്ന് മുതലാണ് പ്രവേശനം ?
ഇന്ന് ഔദ്യേഗിക ഉദ്ഘാടനമാണ്. ബുധനാഴ്ച മുതൽ പ്രവേശനം അനുവദിക്കും.
വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണോ ?
നിലവിൽ ആവശ്യമില്ല. യു.എ.ഇയിലെ കോവിഡ് നിബന്ധനകളിൽ മാറ്റം വരുന്നതനുസരിച്ച് ഇതും മാറിയേക്കാം.
ടിക്കറ്റിന് സമയപരിധിയുണ്ടോ ?
ഉണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ സമയവും ദിവസവും തെരഞ്ഞെടുക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.