ചരിത്രഭൂമിയിലൂടെ...
text_fieldsഈജിപ്തിലെ പിരമിഡുകൾ കണ്ടറിഞ്ഞ ശേഷമായിരുന്നു ആ നാടിന്റെ ഉൾകാഴ്ചകളിലേക്ക് ഇറങ്ങിയത്. നമ്മൾ ഇന്നുപയോഗിക്കുന്ന പേപ്പറിന്റെ പ്രാചീന രൂപം ഉണ്ടാക്കുന്ന മ്യൂസിയത്തിലേക്കായിരുന്നു അടുത്ത ദിവസങ്ങളിലെ യാത്ര. നൈലിന്റെ തീരത്തു കാണുന്ന പാപ്പിറസ് ചെടിയിൽ നിന്നാണ് പേപ്പർ ഉണ്ടായതെന്നു കൊച്ചു ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ടെങ്കിലും കണ്ടു കഴിഞ്ഞപ്പോഴാണ് എങ്ങനെയെന്ന് ബോധ്യമായത്.
ചെടിയുടെ തണ്ട് ഇഴകീറി, കൊട്ടുവടിപോലുള്ളൊരു ഉപകരണം വെച്ച് ചതച്ചു അടിച്ചു പരത്തി ഏതോക്കെയോ ലായനികളിൽ മുക്കി വെച്ച് ലംബമായും തിരിച്ചും അടുക്കിയടുക്കി പിന്നീടത് പ്രസ് ചെയ്ത് പേപ്പർ ഉണ്ടാക്കുന്നു. മുഴുവൻ പ്രോസ്സസും ഞങ്ങളെ വിശദമായി കാണിച്ചു തന്നു.... വലിയ പണിയാണത്!!
കോപ്റ്റിക് കെയ്റോ കാണാൻ പോയത് നല്ലൊരു അനുഭവമായിരുന്നു. ബാബിലോൺ കോട്ട, കോപ്റ്റിക് മ്യൂസിയം, ഹാങ്ങിങ്ങ് ചർച്ച്, ഗ്രീക്ക് ചർച്ച് ഓഫ് സെന്റ് ജോർജ് തുടങ്ങി നിരവധി കോപ്റ്റിക് പള്ളികളും ചരിത്ര സ്ഥലങ്ങളും ഉൾക്കൊള്ളുന്ന പഴയ കെയ്റോയുടെ ഭാഗമാണ് കോപ്റ്റിക് കെയ്റോ.
യേശുവും കുടുംബവും ഈ പ്രദേശത്തു സന്ദർശിക്കുകയും സെന്റ് സെർജിയസിന്റെയും ബച്ചസ് അബു സെർഗ പള്ളിയുടേയും സ്ഥലത്ത് താമസിക്കുകയും ചെയ്തതായി വിശ്വാസികൾ കരുതുന്നു. മിക്കവാറും ഉച്ചക്കൊക്കെ കിടിലൻ ഈജിപ്ത്യൻ തനതു ഭക്ഷണമായ ‘കോഷാരി’ ആസ്വദിച്ചു. ഒരു കിടിലോസ്കി വിഭവമാണത്.
പാസ്തയും നൂഡിൽസും കടലയും ഗാർലിക് സോസും ഉള്ളിവറത്തതും എല്ലാം ചേർത്തൊരു സ്വദിഷ്ടമായ ഐറ്റം!!. ലോകത്തിലെ ഏറ്റവും അമൂല്യമായ പുരാവസ്തുക്കൾ ശേഖിച്ച മ്യൂസിയം കാണാൻ പോയത് അസുലഭ അവസരമായിരുന്നു. പലതും അത്ഭുതം കൊണ്ട് കണ്ണ് തള്ളുന്ന ശേഖരങ്ങൾ. ധാരാളം മമ്മികളെയും അവിടെ കണ്ടു. 4000-5000 വർഷം പഴക്കമുള്ള ശേഖരങ്ങൾ കാണുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടാവുന്നു.
മോശയുടെ അംശവടിയും കൃഷ്ണന്റെ നെയ്പാത്രവും വരെ കാണിച്ചു പറ്റിക്കപ്പെട്ട ഒരു ശരാശരി മലയാളി ആണല്ലോ നമ്മൾ. ഒരു കാര്യം മനസിലായി. ഏതൊരു മ്യൂസിയം കാണാൻ പോകുമ്പോഴും അതിനെ കുറിച്ച് ഒന്ന് പഠിച്ചിട്ടു പോയാൽ നന്നായി ആസ്വദിക്കാൻ പറ്റും. അല്ലെങ്കിൽ അതൊക്കെ വെറും കല്ലുകളും പ്രതിമകളും മാത്രമായി മാറും.
ഇതിനിടയിൽ നിരവധി പ്രാദേശിക കാഴ്ചകളിലേക്ക് പോകാൻ സമയം കണ്ടെത്തി. പുതിയ വിഭവങ്ങൾ ആസ്വദിക്കാനും. താമസിക്കുന്ന ഹോട്ടിലിനു സമീപത്തെ തഹ്രീർ സ്ക്വയർ 2011 കാലത്തു സ്ഥിരം ടി.വിയിൽ കാണുമായിരുന്നു. ഈജിപ്ത്യൻ വിപ്ലവം അരങ്ങേറിയ നഗര ചത്വരം.
ഖാൻ-എൽ-ഖലീലി മാർക്കറ്റ് കണ്ടത് നല്ലൊരു അനുഭവമായിരുന്നു. അതിനുമുണ്ട് ചരിത്രം. 14ാം നൂറ്റാണ്ടു മുതൽ പ്രവർത്തിക്കുന്നതാണത്രേ അത്. ടൂറിസ്റ്റുകളെക്കാൾ കൂടുതൽ സ്വദേശികളും ധാരാളമായി അവിടെ എത്തുന്നു. അതുകൊണ്ടു തന്നെ സാധാരണക്കാരായ ഈജിപ്തിന്റെ ഒരു പരിച്ഛേദം നമുക്കവിടെ കിട്ടും. പിന്നീട് മദ്ധ്യധരണിയാഴിയുടെ സമീപത്തെ അലക്സാൺട്രിയ- ഒന്ന് ചുറ്റിക്കാനാണ് പോയത്.
കയ്റോയിൽ നിന്നും വടക്കോട്ടു 380 കിലോമീറ്ററുണ്ട്. അലക്സാണ്ടർ ചക്രവർത്തി സ്ഥാപിച്ച നഗരമാണ് അലക്സാൺട്രിയ. ഈജിപ്തിലെ ഏറ്റവും പ്രധാന തുറമുഖം. നിരവധി അത്ഭുതങ്ങൾ അവിടെയും ഉണ്ട്. 2000 വർഷം മുൻപുള്ള ശവ കുടീരങ്ങൾ, പോംപീസ് പില്ലർ, വിഖ്യാതമായ ബിബിലിയോത്തിക അലക്സാൺട്രിന അങ്ങനെ നിരവധി കാഴ്ചകൾ.
മെഡിറ്ററേനിയൻ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന 15ാം നൂറ്റാണ്ടിൽ പണിത പ്രതിരോധ കോട്ടയായ സിറ്റാഡൽ ഓഫ് ഖൈത്ബേയുടെ സമീപത്തെ ചായക്കടയിലിരുന്ന് അസ്തമയ സൂര്യനെയും കണ്ട് ഭക്ഷണം കഴിച്ചു. രാത്രി ഏറെ വൈകുന്നതിന് മുൻപ് നഗരത്തിൽ നിന്നും എയർപോർട്ടിലേക്ക് തിരിച്ചു.
നിരവധി രാജ്യങ്ങളിലെ പലവിധ കാഴ്ചകളിലൂടെ പോകുമ്പോഴും ഒരുകാര്യം പുടികിട്ടി...കണ്ടതൊന്നും അല്ല കാഴ്ചകൾ...ഇനിയും കാണാൻ ഇരിക്കുന്നതാണ്... ഈജിപ്തിനോട് വിടപറഞ്ഞു വിമാനം ചരിത്രം ഉറങ്ങുന്ന മണ്ണിൽ നിന്നുയർന്നുപൊങ്ങി. ഇനിയും കാണാത്ത കാഴ്ചകൾ കാണുവാൻ കുംബത്തോടൊപ്പം വരൻ പറ്റുമെന്ന പ്രതീക്ഷയോടെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.