ലുലുവിൽ നിന്ന് രണ്ട് കോടിയുടെ ക്രമക്കേട് നടത്തി ജീവനക്കാരൻ മുങ്ങി
text_fieldsഅബൂദബി: തുർക്കി ഇസ്താംബൂളിലെ ലുലു ഗ്രൂപ്പ് ഓഫിസിൽ രണ്ട് കോടി രൂപയുടെ ക്രമക്കേട് നടത്തി മലയാളി ജീവനക്കാരൻ നാട്ടിലേക്ക് മുങ്ങിയതായി പരാതി. തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷിനെതിരെയാണ് ലുലു ഗ്രൂപ്പ് അധികൃതർ പരാതി നൽകിയത്. പത്ത് വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്.
ലുലു ഇസ്താംബുൾ ഓഫിസിലെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം ഡോളറിന്‍റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ കമ്പനിയറിയാതെ നടത്തിയത്. വാർഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് ഇയാളുടെ ഇടപാടുകളെപ്പറ്റി ലുലു അധികൃതർക്ക് വ്യക്തമായ വിവരം ലഭിക്കുന്നത്.
അവധി കഴിഞ്ഞ് തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബൂദബിയിലെ ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിന് വിധേയനാകാൻ ആവശ്യപ്പെട്ടിരുന്നു. അബൂദബിയിലേക്ക് പോകുന്നുവെന്ന പറഞ്ഞ ഇയാൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അനീഷിനെതിരെ ഇസ്താംബുൾ പൊലീസ്, ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.