വിനിമയനിരക്ക് വീണ്ടും ഉയർന്നു; പ്രവാസിക്ക് നല്ലകാലം
text_fieldsദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഓരോ ദിവസവും പുതിയ റെക്കോഡ് കുറിച്ച് യു.എ.ഇ ദിർഹത്തിന്‍റെ വിനിമയനിരക്ക്. ദിർഹമിന് വ്യാഴാഴ്ച 21.76 രൂപ വരെ ലഭിച്ചു. ഇന്ത്യൻ രൂപക്കെതിരെ ദിർഹമിന്‍റെ റെക്കോഡ് നിരക്കാണിത്.
മികച്ച വിനിമയനിരക്ക് ലഭ്യമായതോടെ ഗൾഫിൽനിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് മികച്ച അവസരമാണ് വന്നെത്തിയിരിക്കുന്നത്. പണമയക്കുന്നവരുടെ എണ്ണം വർധിച്ചതായി എക്സ്ചേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. എന്നാൽ, നിരക്ക് വരുംദിവസങ്ങളിൽ വീണ്ടും വർധിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരും ഏറെയുണ്ട്. നിലവിൽ മണി എക്സ്ചേഞ്ചുകളിൽ വലിയ തിരക്കില്ല. ബലിപെരുന്നാളിനു മുമ്പായി നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളർ ശക്തിപ്പെട്ടതും ഉയരുന്ന എണ്ണവിലയുമാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തിന് തിരിച്ചടിയായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ വിറ്റഴിക്കൽ പ്രവണത തുടരുന്നത് ഇതിന് ആക്കംകൂട്ടി. യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം വിനിമയനിരക്കിൽ വലിയ കുറവ് ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ല. യു.എസിൽ പലിശനിരക്ക് ഉയരുന്നതിനാൽ ഓഹരിവിപണിയിൽനിന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ വൻതോതിലെ പണം പിൻവലിക്കലും രൂപക്ക് തിരിച്ചടിയാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.