പൊലീസിന്റെ ഫീൽഡ് ഓപറേഷൻ പരിശീലനവും ഇനി വെർച്വൽ
text_fieldsദുബൈ: പുതിയ ആശയങ്ങളും രീതികളും സ്വീകരിക്കുന്നതിലെ ദുബൈയുടെ വേഗതക്ക് ഒരു തെളിവുകൂടി. പൊലീസിന്റെ ഫീൽഡ് ഓപറേഷൻ പരിശീലനമാണ് പുതുതായി ഓൺലൈനായി സജ്ജീകരിച്ചിരിക്കുന്നത്. ദുബൈ പൊലീസ് അക്കാദമി ആരംഭിച്ച 'വെർച്വൽ ഫീൽഡ് ഓപറേഷൻസ്' ഗൾഫ് മേഖലയിലെതന്നെ ഇത്തരത്തിലെ ആദ്യ സംരംഭമാണ്. 365 സാഹചര്യങ്ങളിൽ പൊലീസ് നടത്തേണ്ട ഇടപെടലുകൾ പരിശീലിപ്പിക്കാൻ സംവിധാനത്തിലൂടെ സാധ്യമാകും.
ദുബൈ പൊലീസ് അക്കാദമിക് അഫയേഴ്സ് ആൻഡ് ട്രെയിനിങ് ആക്ടിങ് അസി. കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഡോ. ഗൈസ് ഗാനിം അൽ സുവൈദി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതനായി. അക്കാദമിയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി വിദ്യാഭ്യാസ-പരിശീലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ ഓൺലൈൻ സംവിധാനം രൂപപ്പെടുത്തിയതെന്ന് അൽ സുവൈദി പറഞ്ഞു.
പരിശീലനത്തിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യയും നിർമിത ബുദ്ധിയും ഉപയോഗപ്പെടുത്തുന്ന സംവിധാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരാഗത പരിശീലനങ്ങളിൽനിന്ന് സ്മാർട്ട് രീതിയിലേക്ക് മാറുന്നതിന്റെ ഭാഗമാണിത്.
തടസ്സമില്ലാതെ പരിശീലകനും പരിശീലിക്കപ്പെടുന്നവർക്കും സംവദിക്കാനും ഇടപെടാനും പുതിയ സംവിധാനം വഴി കഴിയും -അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് സേനയുടെ കാര്യക്ഷമത വർധിപ്പിക്കാനും സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ കൂടുതൽ സംഭാവനകളർപ്പിക്കാനും പുതിയരീതിയിലെ പരിശീലനത്തിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൊലീസ് അംഗങ്ങൾക്കും സുരക്ഷാ കാഡറ്റുകൾക്കും വളരെ സുരക്ഷിതമായ അന്തരീക്ഷത്തിൽ പരിശീലനം നേടാൻ കഴിയുമെന്നതും പുതിയ സംവിധാനത്തിന്റെ മെച്ചമാണ്. പരീക്ഷണാർഥം ആരംഭിച്ചിട്ടുള്ള പദ്ധതി പരിപൂർണമായ രീതിയിൽ പൊലീസ് അക്കാദമി വരുംകാലത്ത് നടപ്പിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.