Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആഘോഷത്തിമിർപ്പിൽ ആദ്യ...

ആഘോഷത്തിമിർപ്പിൽ ആദ്യ ദിനം

text_fields
bookmark_border
onam gulf madhyamam
cancel
camera_alt

ഷാർജ സഫീർ മാർക്കറ്റിൽ നടന്ന ‘ഓണോത്സവം’ ഉദ്ഘാടന ചടങ്ങിൽ ‘ഗൾഫ് മാധ്യമം’ മാർക്കറ്റിങ് മാനേജർ ഹാഷിം ജെ.ആർ, സഫീർ മാർക്കറ്റ് മാർക്കറ്റിങ് മാനേജർ ഓം പ്രകാശ്, അക്കാഫ് ഇവന്‍റ്സ് മുഖ്യരക്ഷാധികാരി ഐസക് ജോൺ പട്ടാണിപറമ്പിൽ, പ്രസിഡന്‍റ് ചാൾസ് പോൾ, രഞ്ജിത് കോടോത്ത്, മാവേലി ലിജിത് കുമാർ എന്നിവർ


ദുബൈ: ആവേശം കൊട്ടിക്കയറിയ ആഘോഷദിനത്തിൽ 'ഗൾഫ് മാധ്യമം ഒണോത്സവ'ത്തിന് ഷാർജ സഫീർ മാർക്കറ്റിൽ തുടക്കം. കേരളത്തിന്‍റെ ദേശീയാഘോഷത്തിന്‍റെ പ്രവാസലോകത്തെ പതിപ്പിന് ആരവംമുഴക്കാൻ നൂറുകണക്കിനാളുകളാണ് സഫീർ മാർക്കറ്റിലേക്ക് ഒഴുകിയെത്തിയത്. അവസാന ദിനമായ ഇന്ന് നടക്കുന്ന കലാശപ്പോരിന്‍റെയും മത്സരങ്ങളുടെയും ട്രയൽ മാത്രമായിരുന്നു ശനിയാഴ്ച അരങ്ങേറിയത്. ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.

'ഗൾഫ് മാധ്യമം ഓണോത്സവ'ത്തിന്‍റെ ഭാഗമായി നടന്ന പായസം മത്സരത്തിന്‍റെ പ്രാഥമിക റൗണ്ട്

കുഞ്ഞുകുട്ടികൾക്കുള്ള ചിത്രരചന മുതൽ ദമ്പതികൾക്കുള്ള കപ്പ്ൾ കോണ്ടസ്റ്റ് വരെ രസകരമായ മത്സരങ്ങളാണ് ആദ്യദിനം നടന്നത്. ചിത്രരചന മത്സരത്തിൽ 500ഓളം കുട്ടികൾ പങ്കെടുത്തു. ഇവരുടെ രക്ഷിതാക്കൾ കൂടി എത്തിയതോടെ സഫീർ മാർക്കറ്റിലെ ഓണോത്സവ വേദി അക്ഷരാർഥത്തിൽ ഉത്സവാന്തരീക്ഷത്തിലായി. മാവേലിയുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയോടെയാണ് ആഘോഷം തുടങ്ങിയത്.

സഫീർ മാർക്കറ്റിന്‍റെ മുകളിലെ നിലയിൽനിന്ന് ഓണോത്സവ വേദിയിലേക്ക് ശിങ്കാരി മേളത്തിന്‍റെ അകമ്പടിയോടെയാണ് മാവേലിയുടെ നേതൃത്വത്തിൽ ഘോഷയാത്ര എത്തിയത്. പായസ മത്സരത്തിന്‍റെ പ്രാഥമിക റൗണ്ടിൽ 40ഓളം ടീമുകൾ പങ്കെടുത്തു. ഈത്തപ്പഴപ്പായസം മുതൽ മത്തങ്ങപ്പായസം വരെ വ്യത്യസ്തമായ രുചികളുടെ സംഗമമായിരുന്നു പായസ മത്സരം. ആദ്യ റൗണ്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ ഇന്ന് നടക്കുന്ന ഫൈനലിൽ മാറ്റുരക്കും. ഒന്നര മണിക്കൂർ നീണ്ടുനിന്ന കുട്ടികളുടെ ചിത്രരചനക്കുശേഷം 'കപ്പ്ൾ കോണ്ടസ്റ്റിന്‍റെ' പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടന്നു. കുസൃതിചോദ്യങ്ങളും ഉഗ്രൻ മറുപടികളും നിറഞ്ഞതായിരുന്നു 'കപ്പ്ൾ കോണ്ടസ്റ്റ്'. രസകരമായി മുന്നേറിയ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ മാറ്റുരക്കും.

ഘോഷയാത്രയുമായി മാവേലിയും സംഘവും എത്തുന്നു

കുട്ടികൾക്ക് കൈനിറയെ സമ്മാനം വാരിക്കൂട്ടാൻ നിരവധി മത്സരങ്ങളും ആദ്യ ദിവസം നടന്നിരുന്നു. ഡാൻസും പാട്ടുമായി കുട്ടികളും ആഘോഷത്തിമിർപ്പിലായി. ഇന്നാണ് 'ഓണോത്സവ'ത്തിലെ ഏറ്റവും വാശിയേറിയ മത്സരങ്ങൾ നടക്കുന്നത്. യു.എ.ഇയിലെ പ്രമുഖ എട്ട് ടീമുകൾ മാറ്റുരക്കുന്ന വടംവലി, തിരഞ്ഞെടുക്കപ്പെട്ട ടീമുകളുടെ പൂക്കള മത്സരം, കപ്പ്ൾ കോണ്ടസ്റ്റ് ഫൈനൽ, കുടുംബപാചകം, പായസ മത്സരം ഫൈനൽ എന്നിവ ഇന്ന് നടക്കും. ഇതിനുപുറമെ കുട്ടികൾക്ക് ആടാനും പാടാനുമുള്ള വേദിയും ഒരുങ്ങിയിട്ടുണ്ട്. നേരിട്ടെത്തി തത്സമയം രജിസ്റ്റർ ചെയ്യുന്നവർക്ക് പാട്ട്, ഡാൻസ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുക്കാം. ഇവരെക്കാത്ത് മികച്ച സമ്മാനങ്ങളാണുള്ളത്. ഉദ്ഘാടന ചടങ്ങിൽ 'ഗൾഫ് മാധ്യമം' മാർക്കറ്റിങ് മാനേജർ ഹാഷിം ജെ.ആർ, സഫീർ മാർക്കറ്റ് മാർക്കറ്റിങ് മാനേജർ ഓം പ്രകാശ്, അക്കാഫ് ഇവന്‍റ്സ് മുഖ്യരക്ഷാധികാരി ഐസക് ജോൺ പട്ടാണിപറമ്പിൽ, പ്രസിഡന്‍റ് ചാൾസ് പോൾ, രഞ്ജിത് കോടോത്ത് എന്നിവർ പങ്കെടുത്തു.

വലിയ വരകളുമായി കൊച്ചുകലാകാരൻമാർ

ഷാർജ: വരകളുടെ ലോകത്തേക്ക് കാലെടുത്തുവെക്കുന്ന കുഞ്ഞു കലാകാരൻമാരുടെയും കലാകാരികളുടെയും ചിത്രരചന വൈദഗ്ദ്യം പ്രകടമാക്കി 'ഓണോത്സവത്തി'ലെ 'ലിറ്റിൽ ആർട്ടിസ്റ്റ്' മത്സരം. വർണാഭമായ ഉദഘാടന ദിനത്തിൽ 500ഓളം കുട്ടികളാണ് സഫീർ മാർക്കറ്റിൽ ചിത്രരചനക്കായി അണിനിരന്നത്. ഇവരുടെയെല്ലാം രക്ഷിതാക്കളും എത്തിയതോടെ ഓണോത്സവ വേദി ആഘോഷത്തിമിർപ്പിലായി.

'ഓണോത്സവ'ത്തിന്‍റെ ഭാഗമായി നടന്ന ചിത്രരചന മത്സരം

പൂക്കളം മുതൽ ബുർജ് ഖലീഫ വരെ നിറഞ്ഞുനിന്നതായിരുന്നു കുട്ടികളുടെ വരകൾ. യു.എ.ഇയിലെ ശൈഖുമാർ, ഇന്ത്യയിലെ ഭരണാധികാരികൾ, ഓണാഘോഷം, ദുബൈയിലെ വലിയ കെട്ടിടങ്ങൾ, എക്സ്പോ 2020, കായിക താരങ്ങൾ, വിമാനം, പ്രകൃതി ഭംഗി, വീടുകൾ, വാഹനങ്ങൾ തുടങ്ങിയവയെല്ലാം കുട്ടികളുടെ കൈകളിൽ വിരിഞ്ഞു. 300ഓളം കുട്ടികൾ ജൂനിയർ വിഭാഗത്തിലും 200ഓളം കുട്ടികൾ സീനിയർ വിഭാഗത്തിലും പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും സമ്മാനവും സർട്ടിഫിക്കറ്റുകളും നൽകിയാണ് മടക്കി അയച്ചത്. വിദഗ്ദ ജഡ്ജജിമാരുടെ മേൽനോട്ടത്തിൽ നടക്കുന്ന പരിശോധനക്ക് ശേഷം വിധിനിർണയം നടക്കും.

പാട്ടുപാടാം, നൃത്തം ചെയ്യാം; സമ്മാനം ഇവിടെയുണ്ട്

ഷാർജ: ഉത്സവച്ഛായയിൽ നടക്കുന്ന 'ഗൾഫ് മാധ്യമം' ഓണോത്സവത്തിൽ ഞായറാഴ്ചയെത്തുന്നവരെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങൾ. നേരത്തെ രജിസ്റ്റർ ചെയ്തവർക്കായി നടക്കുന്ന മത്സരങ്ങൾക്കുപുറമെ ഇവിടെയെത്തി തത്സമയ മത്സരങ്ങളിൽ പങ്കെടുത്തും സമ്മാനം വാരിക്കൂട്ടാം. പാട്ട്, ഡാൻസ്, വാദ്യോപകരണ വായന, ഒപ്പന തുടങ്ങിയ കലാപരിപാടികൾ ഇന്ന് നടക്കും. ഇവിടെയെത്തി രജിസ്റ്റർ ചെയ്യുന്നവർക്ക് മത്സരങ്ങളുടെ ഭാഗമാകാം. ടെലിവിഷൻ മുതൽ സ്വർണനാണയം വരെ വ്യത്യസ്ത മത്സരങ്ങളിൽ സമ്മാനം നൽകുന്നുണ്ട്.

സ്വർണ സമ്മാനങ്ങളുമായി അസ്യാൻ ഗോൾഡ്

ഓണോത്സവത്തിനെത്തുന്നവരെ കാത്ത് ഷാർജ സഫീർ മാർക്കറ്റിൽ സ്വർണനാണയങ്ങൾ സമ്മാനമായി ഒരുക്കിയിരിക്കുകയാണ് അസ്യാൻ ഗോൾഡ്. സഫീർ മാർക്കറ്റിലെ ഓണോത്സവ വേദിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന അസ്യാൻ ഗോൾഡിന്‍റെ ബൂത്ത് സന്ദർശിച്ച് നറുക്കെടുപ്പിൽ പങ്കാളിയാവാം. ബൂത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ കൂപ്പൺ പൂരിപ്പിച്ചിടുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറ് സ്വർണനാണയങ്ങളാണ് സമ്മാനമായി കാത്തിരിക്കുന്നത്. ഓണോത്സവത്തിന്‍റെ രണ്ടാം ദിവസമായ ഞായറാഴ്ച വൈകീട്ട് നടക്കുന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തുക. ഓണോത്സവ വേദിയിൽ വെച്ചുതന്നെ സ്വർണസമ്മാനങ്ങൾ നൽകും.

ടി.വിയുമായി അൽ അൻസാരി എക്സ്ചേഞ്ച്

സഫീർ മാർക്കറ്റിലെ ഓണോത്സവ വേദിക്കുസമീപം സ്ഥാപിച്ചിരിക്കുന്ന അൽ അൻസാരി എക്സ്ചേഞ്ചിന്‍റെ ബൂത്ത് സന്ദർശിച്ച് നറുക്കെടുപ്പിൽ പങ്കാളിയാവാം. രണ്ടുദിവസം ബൂത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ കൂപ്പൺ പൂരിപ്പിച്ചിടുന്നവർക്കും ആപ് ഡൗൺലോഡ് ചെയ്യുന്നവർക്കും സമ്മാനം. ഇന്ന് രാത്രി നടക്കുന്ന നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന വിജയിയെ കാത്തിരിക്കുന്നത് എൽ.ജിയുടെ 55 ഇഞ്ച് അൾട്രാ എച്ച്.ഡി ടി.വിയാണ്.

പൂക്കളുടെ ആഘോഷം

സഫീർ മാർക്കറ്റിലെ ഓണോത്സവ വേദി ഇന്ന് പൂക്കളാൽ നിറയും. ഓണത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത മത്സരമായ പൂക്കളമിടൽ ഇന്ന് നടക്കും. തെരഞ്ഞെടുക്കപ്പെട്ട ടീമുകളാണ് മത്സരിക്കുന്നത്. വ്യത്യസ്തമായ ഓണപ്പൂക്കളവുമായി എത്തുന്നവർ സമ്മാനവുമായി മടങ്ങും. ഒരു മണിക്കൂറാണ് സമയം അനുവദിക്കുക.

ദമ്പതികളേ, ഇതിലേ

പെർഫെക്ട് മാച്ച് ദമ്പതികളുടെ മനപ്പൊരുത്തം അളക്കാനുള്ള മത്സരമായിരിക്കും കപ്പ്ൾ കോണ്ടസ്റ്റ്. കുസൃതി ചോദ്യങ്ങളും രസകരമായ മത്സരങ്ങളുമാണ് ഈ കോണ്ടസ്റ്റിന്‍റെ പ്രത്യേകത. യു.എ.ഇയിലെ പ്രശസ്തരായ ആർ.ജെമാർ അവതരിപ്പിക്കുന്ന കപ്പ്ൾ കോണ്ടസ്റ്റിൽ ഉരുളക്കുപ്പേരി എന്ന രീതിയിൽ ദമ്പതികളുടെ മറുപാടികളും കാണാം. ശനിയാഴ്ച നടന്ന പ്രാഥമിക റൗണ്ടിലെ വിജയികളാണ് ഞായറാഴ്ച മത്സരിക്കുന്നത്. രസകരമായി മുന്നേറുന്ന മത്സരത്തിൽ ജയിക്കുന്നവരെ മനപ്പൊരുത്തമുള്ള ദമ്പതികളായി തെരഞ്ഞെടുക്കും. സമ്മാനങ്ങളും നൽകും. ഓണോത്സവത്തിലെ ഏറ്റവും ശ്രദ്ധേയ മത്സരങ്ങളിൽ ഒന്നാണിത്.

കുടുംബത്തോടൊപ്പം പാചകം

വീടകങ്ങളിലെ പാചകരംഗത്തെ പുലികളെ കണ്ടെത്തുന്നതായിരിക്കും 'കുക്ക് വിത്ത് കുടുംബം'. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. കുടുംബാംഗങ്ങളോടൊപ്പമുള്ള പാചക പരീക്ഷണങ്ങളും പുതിയ ഡിഷുകളുമെല്ലാം ഇവിടെ പിറവിയെടുക്കും. തത്സമയ മത്സരങ്ങൾ തത്സമയം കാണാനും ആസ്വദിക്കാനുമുള്ള സൗകര്യവും ഇവിടെ ഏർപെടുത്തിയിട്ടുണ്ട്.

വടം റെഡി; വലിക്കാൻ തയാറാണോ..?

അരയിൽ കച്ചമുറുക്കി, വടമെടുത്ത് തോളിലിട്ട്, പാദങ്ങൾ ചേർത്തണച്ച്, കയറിനാൽ കോർത്തിണക്കി, ഒരേമനസോടെ, ഒരേ കരുത്തോടെ, കാലിടറാതെ, കൈയഴയാതെ 16 പടയാളികൾ കൊമ്പുകോർക്കുന്ന വടംവലിയുടെ ആവേശപ്പോരാട്ടം കാണാനും പങ്കെടുക്കാനും ഇന്ന് ഷാർജ സഫീർ മാർക്കറ്റിലെത്തിയാൽ മതി. യു.എ.ഇയിലെ കരുത്തരായ എട്ട് ടീമുകളാണ് യോഗ്യത നേടിയിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും വടംവലിയിൽ നടക്കുക.

അരങ്ങുതകർക്കാൻ മിഥുനും സംഘവും

'ഓണോത്സവ'ത്തിൽ കാണികളെ ആവേശത്തേരിലേറ്റാൻ യു.എ.ഇയിലെ സെലിബ്രിറ്റി ആർ.ജെമാരായ മിഥുൻ രമേശും സംഘവുമെത്തുന്നു. വൈകീട്ട് 3.30ന് ആർ.ജെ നിമ്മി, അഞ്ചിന് അർഫാസ് ഇഖ്ബാൽ, 6.30ന് ആർ.ജെ ദമ്പതികളായ മായയും ജോണും 7.30ന് മിഥുൻ രമേശ് എന്നിവരാണ് എത്തുന്നത്. കുസൃതിചോദ്യങ്ങളും രസകരമായ മത്സരങ്ങളുമായി കാണികൾക്കിടയിലേക്ക് ഇറങ്ങുന്ന ഇവർ കൈനിറയെ സമ്മാനം നേടാനുള്ള വേദിയാണ് തുറന്നിടുന്നത്. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കുമെല്ലാം പങ്കെടുക്കാം. കുടുംബസമേതം ആസ്വദിക്കാനുള്ള വേദിയായിരിക്കും ഇത്.

പായസപ്പെരുമയുടെ കലാശപ്പോര്

ശനിയാഴ്ച നടന്നത് പായസ മത്സരത്തിന്‍റെ പ്രാഥമിക റൗണ്ടായിരുന്നെങ്കിലും വിധികർത്താക്കളെ ആശയക്കുഴപ്പത്തിലാക്കുംവിധം ഒന്നിനൊന്ന് മികച്ചതായിരുന്നു ഓരോ പായസവും. ഇതിലെ വിജയികളാണ് ഇന്ന് നടക്കുന്ന ഫൈനലിൽ മാറ്റുരക്കുക. സഫീർ മാർക്കറ്റിലെ വേദിയിൽ തത്സമയമാണ് പാചക ഫൈനൽ അരങ്ങേറുന്നത്. പായസത്തിലെ പാചക റാണിയെ കണ്ടെത്തുന്ന മത്സരത്തിൽ പുതിയ പായസങ്ങളെ അടുത്തറിയാനും അവസരമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamUAE Newsonamuaesafeer market
News Summary - The first day in the celebration
Next Story