അറിഞ്ഞും സംവദിച്ചും എജു കഫേയുടെ ആദ്യദിനം
text_fieldsദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ പ്രദർശനമായ 'ഗൾഫ് മാധ്യമം' എജുകഫേ ഏഴാം സീസണിലേക്ക് ആദ്യദിനത്തിൽ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഒഴുകിയെത്തി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റു സംവിധാനങ്ങളുടെയും പ്രദർശനങ്ങൾ കാണാനും പ്രശസ്തരായ പ്രചോദക പ്രഭാഷകരുടെ സംസാരങ്ങൾ ശ്രവിക്കാനും രാവിലെ മുതൽ പ്രതിനിധികൾ എത്തിച്ചേർന്നു. കോവിഡ് ഭീതി മാറിനിന്ന അന്തരീക്ഷത്തിൽ ദുബൈ മുഹൈസിന ഇത്തിലാസ് അക്കാദമിയിൽ ആരംഭിച്ച മേളയിൽ ആവേശകരമായ പ്രതികരണമാണ് ആദ്യദിനം പ്രതിനിധികളിൽനിന്നുണ്ടായത്.
പ്രഭാഷണങ്ങളും സംവാദങ്ങളും അരങ്ങേറിയ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സുതന്നെയുണ്ടായിരുന്നു. അവധിദിനമായിട്ടും വിദ്യാർഥികൾ കൂട്ടുകാരോടൊപ്പമാണ് അറിവിന്റെ മേളയിലേക്ക് എത്തിച്ചേർന്നത്. മിക്ക സെഷനുകളും സദസ്സിനുകൂടി പങ്കാളിത്തമുള്ളതായതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ആസ്വാദ്യകരമായിരുന്നു. വൈകീട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ ഇന്ത്യൻ ദേശീയ ടീം കോച്ച് പുല്ലേല ഗോപീചന്ദും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പനും അടക്കമുള്ള അതിഥികളുടെ സംസാരങ്ങളും ഭാവിയിലേക്ക് ശുഭപ്രതീക്ഷ പകരുന്നതായിരുന്നു. ആദ്യദിനത്തിലെ പരിപാടികൾ അവസാനിച്ചത് മജീഷ്യൻ ദായായുടെ മാജിക്കോടെയാണ്.
പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ' അവാർഡ് മത്സരത്തിന്റെ ആദ്യ റൗണ്ട് അവതരണവും വേദിയിൽ നടന്നു. ടെക് സംരംഭകനും നിക്ഷേപകനും ടി.വി അവതാരകനുമായ അവെലോ റോയ്, ഇഹ്തിഷാം അടക്കമുള്ള ജഡ്ജസിന്റെ സാന്നിധ്യത്തിലാണിത് അവതരിപ്പിച്ചത്. എജുകഫേയിലെ പ്രദർശനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂനിവേഴ്സിറ്റികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.
പ്രചോദനത്തിന്റെ 'ഫ്ലിക്കുമായി' ഗോപിചന്ദ്
ദുബൈ: ബാഡ്മിൻറൺ കോർട്ടിലെ ആക്രമണകാരിയായ ഗോപിചന്ദിനെയായിരുന്നില്ല ദുബൈ ഇത്തിസാലാത്ത് അക്കാദമിയിലെ നിറസദസ്സ് കണ്ടത്. കുട്ടികൾക്കു മുന്നിൽ ശാന്തസുന്ദരമായ വാക്കുകൾ എയ്തായിരുന്നു മോട്ടിവേഷൻ സ്പീക്കർ കൂടിയായ ഗോപിചന്ദ് സദസ്സിനെ കൈയിലെടുത്തത്. കുട്ടികളും മുതിർന്നവരും അധ്യാപകരും ഉന്നയിച്ച ചോദ്യങ്ങൾക്ക് സ്മാഷിനേക്കാൾ കരുത്തുള്ള മറുപടി.
പുതിയ തലമുറക്ക് കൊടുക്കാനുള്ള ഉപദേശം എന്താണെന്നായിരുന്നു ഒരു മിടുക്കിയുടെ ചോദ്യം. വെറുതെയിരുന്ന് ബിസിയാവരുെതന്നായിരുന്നു മറുപടി. നമുക്ക് ഇൻസ്റ്റഗ്രാമും ഫേസ്ബുക്കുമെല്ലാമുണ്ട്. ഇതിൽ അധിക സമയം ചെലവഴിച്ച് സമയം കളയരുത്. അങ്ങനെ ബിസിയാവരുതെന്നുമായിരുന്നു ഗോപിചന്ദിെൻറ പുതുതലമുറക്കുള്ള ഉപദേശം.
കളിക്കാരനായ ഗോപിചന്ദിനെയാണോ പരിശീകനായ ഗോപിചന്ദിനെയാണോ ഇഷ്ടം എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. 'രണ്ടും രണ്ടാണ്. പല കാലഘട്ടത്തിൽ സംഭവിച്ചതാണ്. രണ്ടിനോടും ഇഷ്ടംതന്നെ. കോച്ചിങ് കുറച്ചുകൂടി കഠിനമാണ്. റിസൽറ്റ് കൊണ്ടുവരുക എന്നത് കോച്ചിെൻറ കടമയാണ്. അതു വലിയൊരു ഉത്തരവാദിത്തമാണ്'-ഗോപിചന്ദ് പറഞ്ഞു.
രക്ഷിതാക്കൾക്കുള്ള ഉപദേശവും ഉണ്ടായിരുന്നു. കഴിവുള്ള കുട്ടികളെ കണ്ടെത്തുക എന്നതാണ് എെൻറ ജോലി. ഞാൻ അതു ചെയ്യുന്നുണ്ട്. നിങ്ങൾ അതു ചെയ്യാറുണ്ടോ. നിങ്ങളുടെ കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നുണ്ടോ എന്നായിരുന്നു രക്ഷിതാക്കളോടുള്ള ചോദ്യം. മുെമ്പാക്കെ കുട്ടികളുടെ പഠനകാര്യത്തിൽ മാത്രമായിരുന്നു രക്ഷിതാക്കൾക്ക് താൽപര്യം. കൂടിവന്നാൽ ഒരു ഡോക്ടറാക്കണം, ഐ.എ.എസ് ഓഫിസറാക്കണം.
പക്ഷേ, ഇന്ന് അതല്ല അവസ്ഥ. രാജ്യത്തെതന്നെ പ്രതിനിധാനം ചെയ്യാനുള്ള അവസരമാണ് കായിക മേഖല ഒരുക്കുന്നത്. അതിനോട് മുഖംതിരിഞ്ഞ് നിൽക്കരുതെന്നും അദ്ദേഹം ഉപദേശം നൽകി. ഈ കാലത്തും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിനെ പറ്റി ചോദിച്ചപ്പോൾ അച്ചടക്കമുള്ള ജീവിതമാണ് തെൻറ ആരോഗ്യ രഹസ്യം എന്ന് അദ്ദേഹം വെളിപ്പെടുത്തി.
സൈബർ അവബോധം അനിവാര്യം –ഡോ. ധന്യ മേനോൻ
ദുബൈ: സൈബർ കുറ്റകൃത്യങ്ങളിൽ കൂടുതലായും കുട്ടികൾ പ്രതികളാകുന്ന സാഹചര്യമുണ്ടെന്നും അതിനാൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ശരിയായ അവബോധം അനിവാര്യമാണെന്നും ഇന്ത്യയിലെ ആദ്യ വനിത സൈബർ ക്രൈം വിദഗ്ധയായ ഡോ. പട്ടത്തിൽ ധന്യ മേനോൻ. എജുകഫേയിൽ 'സൈബർ സുരക്ഷ' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സംവാദത്തിലാണ് ഇക്കാര്യം അവർ ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ വർഷം ചെറുപ്രായക്കാരുടെ ആത്മഹത്യകൾ വർധിച്ചിട്ടുണ്ട്. ഇവയിൽ പലതും സൈബറിടത്തെ കെണികളിൽ പെട്ടുകൊണ്ടാണ്.
അതിനാൽ കുട്ടികളുമായി മനസ്സുതുറന്ന് സംസാരിക്കാനും അവരെ അറിയാനും രക്ഷിതാക്കൾ സമയം കണ്ടെത്തണം. ഡിജിറ്റൽ രംഗത്തെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ കുട്ടികളെ പരിശീലിപ്പിക്കണം. അപകടങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടമാണത് വിളിച്ചുവരുത്തുക -അവർ ചൂണ്ടിക്കാട്ടി. രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കാളികളായി. സദസ്സിന്റെ സംശയങ്ങൾക്കും മറുപടി നൽകി.ഇന്ത്യ ഗവൺമെന്റിന് കീഴിലെ സൈബർ ക്രൈം അന്വേഷണ വിഭാഗവുമായി സഹകരിക്കുന്ന ധന്യ മേനോൻ പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുന്നതിൽ ഭാഗമായിട്ടുണ്ട്. ഈ അനുഭവങ്ങൾകൂടി പങ്കുവെച്ചായിരുന്നു വിഷയാവതരണം.
സുആൽ-2021 സമ്മാനം വിതരണം ചെയ്തു
ദുബൈ: സുആൽ-2021 വിജയികൾക്കുള്ള സമ്മാന വിതരണം ഗൾഫ് മാധ്യമം എജുകഫേ വേദിയിൽ നടന്നു. ടീൻസ്റ്റാറിന്റെ കീഴിൽ റമദാനിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിവരുന്ന പരീക്ഷയാണ് സുആൽ. വ്യത്യസ്ത പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ വർഷത്തെയും സുആൽ സംഘടിപ്പിക്കുന്നത്. 2021 എഡിഷൻ പ്രഥമ ഇന്റർനാഷനൽ എഡിഷനായിരുന്നു.
വിവിധ രാജ്യങ്ങളിൽനിന്നായി രണ്ടായിരത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതി. ഒന്നാം സമ്മാനം ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥി അബ്ദുൽ മജീദിനും രണ്ടാം സമ്മാനം ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ അൽഐൻ വിദ്യാർഥി ശുക്രിയ മുഹമ്മദ് ഹാഫിസിനും മൂന്നാം സമ്മാനം റാസൽ ഖൈമ ഇന്ത്യൻ സ്കൂൾ വിദ്യാർഥി സുമയ്യ അറഫാത്തിനും ലഭിച്ചു. സ്വർണനാണയങ്ങളും പുസ്തകങ്ങളും കാഷ് വൗച്ചറുകളും മെമന്റോയും അടങ്ങുന്നതായിരുന്നു സമ്മാനങ്ങൾ.
ഫൈഹ അഷ്റഫ്, സൈനബ് ഹാക്കിമി, ആമിറ മുഹമ്മദ് ഹാഫിസ്, റിയ ആസിഫ് ഗനി, ഫാത്തിമ ഹസർ, തൈബ ഹാക്കിമി, അബ്ബാസ് അബ്ദുൽ ഖദീർ, ഹിമ ഷിറാസ്, സയ്യിദ് ഫർഹാൻ, മുഹമ്മദ് സുഹൈൽ, മൻസൂർ അലി എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി. പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് ഗൾഫ് മാധ്യമം എജുകഫേ വേദിയിൽ ലഭിക്കുന്നതാണെന്ന് സുആൽ എക്സാം കോഓഡിനേറ്റർ അജ്മൽ മുഹമ്മദ് അറിയിച്ചു.
ടീൻസ്സ്റ്റാർ ചീഫ് പാട്രൺ മുബാറക് റസാഖ്, ടീൻസ്റ്റാർ ഡയറക്ടർ തൗഫീഖ് മമ്പാട്, സുആൽ-2021 എക്സാം ഡയറക്ടർ സി.പി. ശഫീഖ്, സുആൽ-2021ചീഫ് എക്സാമിനർ സൈനുൽ ആബിദ്, എക്സാം കോഓഡിനേറ്റർ അജ്മൽ മുഹമ്മദ്, ടീൻസ്റ്റാർ ആൻഡ് സുആൽ ഗവേണിങ് ബോഡി അംഗങ്ങളായ ജുനൈദ് ഇജാസ്, അബ്ദുറഹ്മാൻ, മുഹമ്മദ് ഫർഹാൻ, ഇംതിയാസ് മെഹ്ദി, സുഹൈൽ അറക്കൽ, അനീസ് അലിയാർ, ഷിയാസ് മുഹമ്മദ് എന്നിവർ സമ്മാന വിതരണം നിർവഹിച്ചു.
2022ലെ സുആൽ ലോഗോ പ്രകാശനം എജുകഫേ വേദിയിൽ ടീൻസ്റ്റാർ ചീഫ് പാട്രൺ മുബാറക് റസാഖ്, സുആൽ-2022 ഡയറക്ടർ കെ.പി. തൗഫീഖ് എന്നിവർ ചേർന്ന് നിർവഹിച്ചു. 2022 ഏപ്രിൽ 10 നായിരിക്കും പരീക്ഷ. രജിസ്ട്രേഷന് 971551215056 എന്ന നമ്പറിൽ ബന്ധപ്പെടുക.
എജുകഫേയിൽ ഇന്ന്
09:00 AM - 10.00 AM REGISTRATION 10:00 AM–11:00 AM
Session for Students
Topic: Cyber crime pitfalls
Dr. DANYA MENON (Cyber crime Investigator) 11:00 AM–11:45 AM
Session for Students
Topic :You Can Be An Entrepreneur
AVELO ROY (Tech Entrepreneur, Investor, TV host, TedX Speaker) 12:00 PM–12:20 PM
Session for Students
An APP is APT - NEET GURU
Introduction of APP 02:30 PM – 03:15 PM
Session for Students
Topic: Predict Your Future
with Passion & Skill
Ramkumar Krishna Moorthy
(Business Consultant) 03:15 PM – 04:15 PM
Session for Students
APJ Innovation Award presentation
Second Round
JUDGES – AVELO ROY, ETISHAM. 4:15 PM – 5:15 PM
Session for Students and family
Topic: Moulding Minds Magically
GOPINATH MUTHUKAD 5:15 PM – 5:30 PM
Winner Announcement
APJ Abdulkalam Innovation award
(3 Winners, 7 Finalist)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.