അറബ് മേഖലയിലെ ആദ്യ പരിസ്ഥിതി നാനോമെട്രിക് ഉപഗ്രഹം: വിക്ഷേപണത്തിനൊരുങ്ങുന്നു
text_fieldsദുബൈ: അറബ് മേഖലയിലെ ആദ്യത്തെ പരിസ്ഥിതി നാനോ മെട്രിക് ഉപഗ്രഹമായ ഡിഎംസാറ്റ് -1 വിക്ഷേപണത്തിനൊരുങ്ങുന്നു. ദുബൈ മുനിസിപ്പാലിറ്റി, മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവുമായി (എംബിആർഎസ്‌സി) സഹകരിച്ചാണ് മേഖലയിലെ ആദ്യത്തെ പരിസ്ഥിതി നാനോമെട്രിക് ഉപഗ്രഹമായ ഡിഎംസാറ്റ് -1 തയ്യാറാക്കിയിരിക്കുന്നത്. ഇൗ മാസം 20 ന് ഖസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും. പാരിസ്ഥിതിക വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനുമായി സാങ്കേതിക പദ്ധതികളും വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നു.
അത്യാധുനിക ബഹിരാകാശ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, ഡിഎംസാറ്റ് -1 പാരിസ്ഥിതിക ഡാറ്റ നിരീക്ഷിക്കുകയും ശേഖരിക്കുകയും വിശകലനം ചെയ്യുകയും വായു മലിനീകരണവും ഹരിതഗൃഹ വാതകങ്ങളും അളക്കുകയും ചെയ്യും. നഗര മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനും പരിസ്ഥിതി പ്രവചനത്തിനുമുൾപ്പെടെ നിരവധി മേഖലകളിൽ ഉപഗ്രഹം നൽകുന്ന ഡാറ്റ ഉപയോഗിക്കും.
എംബിആർഎസ്‌സിയുടെ മേൽനോട്ടത്തിൽ പ്രാദേശിക, അന്തർദേശീയ ഗവേഷണ സംഘങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ദുബൈ മുനിസിപ്പാലിറ്റിയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി ടൊറേൻറാ സർവകലാശാലയിലെ സ്‌പേസ് ഫ്ലൈറ്റ് ലബോറട്ടറിയുമായി (എസ്‌എഫ്‌എൽ) സഹകരിച്ചാണ് എം.ബി.ആർ.എസ്.സി ഉപഗ്രഹം നിർമ്മിച്ചത്. ഡിഎംസാറ്റ് -1 ന് സമാനമായ ഉപഗ്രഹങ്ങൾ നേരത്തെയും വിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. വിക്ഷേപണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുകയും മിഷൻ സൃഷ്ടിച്ച ഡാറ്റ ഉപയോഗപ്പെടുത്തുന്നതിന് നൂതന പരിഹാരങ്ങൾ വികസിപ്പിക്കുകയും ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദുബൈയിലെ സാങ്കേതികവിദഗ്ദർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.