ആദ്യ ചാന്ദ്രദൗത്യം 'റാശിദ് റോവർ' വിക്ഷേപണം നവംബറിൽ
text_fieldsദുബൈ: യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യമായ 'റാശിദ് റോവർ' ഈ വർഷം നവംബറിൽ വിക്ഷേപിക്കും.പേടകം ചന്ദ്രോപരിതലത്തിൽ എത്തിക്കുന്ന ജപ്പാൻ ആസ്ഥാനമായ ഐസ്പേസ് കമ്പനിയാണ് ഇക്കാര്യമറിയിച്ചത്. യു.എസിലെ ഫ്ലോറിഡ കേപ് കനാവറലിൽനിന്ന് സ്പേസ് എക്സ് ഫാൽക്കൺ-9 റോക്കറ്റിലാണ് പേടകം കുതിച്ചുയരുക. ഇതിന് മുന്നോടിയായി 'റാശിദ്' വഹിക്കുന്ന മിഷൻ-1 ലാൻഡറിന്‍റെ അന്തിമ പരീക്ഷണം നടക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. ജർമനിയിൽ നിർമിക്കുന്ന ലാൻഡർ പരീക്ഷണം പൂർത്തിയായാൽ യു.എസിലേക്ക് കൊണ്ടുപോകും.
വാണിജ്യ ബഹിരാകാശ പര്യവേക്ഷണത്തിലെ വഴിത്തിരിവായിരിക്കും മിഷൻ-1 എന്ന് വിശ്വസിക്കുന്നതായി ഐസ്പേസ് സ്ഥാപകനും സി.ഇ.ഒയുമായ തകേഷി ഹകമാഡ പറഞ്ഞു.ലോകമെമ്പാടുമുള്ള ഭാവി ചാന്ദ്രദൗത്യങ്ങൾക്ക് മിഷൻ-1ൽനിന്ന് ലഭിച്ച സാങ്കേതിക ഡേറ്റയും അനുഭവവും വളരെ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏപ്രിലിൽ ലാൻഡർ നിർമാണം ഷെഡ്യൂൾ പ്രകാരം പുരോഗമിക്കുന്നതായും പിന്നീട് ലോഞ്ച് സൈറ്റിൽ എത്തിക്കുമെന്നും ഐസ്പേസ് അറിയിച്ചിരുന്നു. ലാൻഡറിന്‍റെ എല്ലാ പരീക്ഷണവും സെപ്റ്റംബറോടെ പൂർത്തിയാകും.
ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്‍ററിൽ വികസിപ്പിക്കുന്ന റോവർ അടുത്ത മാസങ്ങളിൽ ഐസ്‌പേസിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്‍റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും. രാജ്യത്തിന്‍റെ ദീർഘകാല ചാന്ദ്ര പര്യവേക്ഷണ പദ്ധതിക്ക് കീഴിലെ ആദ്യ ദൗത്യമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.