ഇത്തിഹാദ് റെയിൽപാതയിൽ ആദ്യ പാസഞ്ചർ യാത്ര
text_fieldsഅബൂദബി: അൽദഫ്റ മേഖലയിലെ അൽദന്നയെയും അബൂദബി നഗരത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പാതയിൽ ആദ്യ പാസഞ്ചർ യാത്ര. യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പ് മന്ത്രിയും അഡ്നോക് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഡോ. സുൽത്താൻ അൽ ജാബിറും അഡ്നോകിന്റെ മുതിർന്ന ഉദ്യോഗസ്ഥരും അടക്കമുള്ളവർ ഉദ്ഘാടന യാത്രയിൽ സംബന്ധിച്ചു.
നിർമാണം പൂർത്തിയാകുന്നതോടെ അഡ്നോക്കിന്റെ ജീവനക്കാർകും കോൺട്രാക്ടർമാർക്കും അൽദന്നയിലേക്കും തിരിച്ചും യാത്ര എളുപ്പമാക്കുന്നതാണ് പാത. ഈ റെയിൽ പാത നിർമിക്കുന്നതിന് ഇത്തിഹാദ് റെയിലും അബൂദബി നാഷനല്‍ ഓയില്‍ കമ്പനി(അഡ്നോക്)യും നേരത്തെ കരാറിൽ ഒപ്പുവച്ചിരുന്നു.
യു.എ.ഇയുടെ വികസനത്തിനും ഭാവി സമൃദ്ധിക്കും സംഭാവന ചെയ്യുന്നതിനാണ് ഗതാഗത സംവിധാനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിന് ഇത്തിഹാദ് റെയിലുമായി അഡ്നോകിന്റെ പങ്കാളിത്തമെന്ന് ഡോ. സുൽത്താൻ അൽ ജാബിർ പ്രസ്താവിച്ചു. ഇത്തിഹാദ് റെയിൽ പദ്ധതി കേവലം ഒരു റെയിൽ ശൃംഖല എന്നതിലുപരി, സാമ്പത്തിക വളർച്ചക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പ്രധാന മാർഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബൂദബിയില്‍ നിന്ന് 250 കി.മീറ്ററോളം മാറി പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അൽദന്നയില് ഏകദേശം 29,000 താമസക്കാരുണ്ട്. 1970കളിലാണ് ഗ്രാമീണ മരുഭൂ പ്രദേശമായ അൽദന്നയുടെ പുരോഗതി തുടങ്ങിയത്. അഡ്നോകിന്റെ വ്യവസായ മേഖലയിലെ ജീവനക്കാരാണ് ഇവിടുത്തെ താമസക്കാരിലധികവും. പാസഞ്ചർ സർവീസ് പ്രാവര്ത്തികമയായതോടെ അബൂദബിയിലേക്കും തിരിച്ചും അഡ്നോക് ജീവനക്കാര്‍ക്ക് ട്രെയിന്‍മാര്‍ഗം വന്നുപോകാനാവും.
രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പാതയുടെ നിർമാണം പൂർത്തിയാവുകയും ചരക്കുനീക്കം കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പാതയിൽ ആരംഭിക്കുമെണ്ണ് 2021ൽ ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയ്നുകള്‍ അബൂദബിയില്‍ നിന്ന് ദുബൈലേക്ക് 50 മിനിറ്റ് കൊണ്ടെത്തിച്ചേരാൻ വഴിയൊരുക്കും.
ഈ പാസഞ്ചർ സർവീസ് ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. 50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് പദ്ധതി പൂർത്തിയായത് രാജ്യത്തിന് വലിയ നേട്ടമാണ് സമ്മാനിച്ചത്. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. ട്രെയിൽ കുതിച്ചോടുക മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിലാണ്. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ. എന്നാൽ പാസഞ്ചർ ട്രെയിനുകൾ സ്ഥിരമായി എന്നുമുതലാണ് ഓടിത്തുടങ്ങുകയെന്ന് വ്യക്തമല്ല. പദ്ധതി യു.എ.ഇയുടെ സമ്പദ്വ്യവസ്ഥക്ക് 200 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2030ഓടെ വർഷം 3.65 കോടി യാത്രക്കാർ ഇത്തിഹാദ് റെയിൽ വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത്തിഹാദ് റെയിലിനെ ഒമാനിലെ സുഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പാത നിർമിക്കാനുള്ള മുന്നൊരുക്കങ്ങളും നടന്നു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.