മലീഹ ഫാമിൽ ആദ്യഘട്ട ചോളം വിളവെടുത്തു
text_fieldsഷാർജ: ഔഷധ ഗുണമുള്ള പാലും തേനും ഉൽപാദിപ്പിച്ച് വിപണി കീഴടക്കിയ മലീഹ ഫാമിൽ നിന്ന് മുന്തിയ ഇനം ചോളവും വിളവെടുത്തു. ചോളകൃഷിയുടെ ആദ്യഘട്ട വിളവെടുപ്പാണ് ശനിയാഴ്ച പൂർത്തിയായത്. അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെയായിരുന്നു വിളവെടുപ്പ്. ഹെക്ടർ കണക്കിന് പാടങ്ങളിലായാണ് ചോളം കൃഷി ചെയ്തിരുന്നത്. വിളവെടുത്ത ചോളം വൈകാതെ യു.എ.ഇയിലെ വിപണിയിലെത്തിക്കാനാണ് അധികൃതരുടെ പദ്ധതി.
വിളവെടുപ്പിനുശേഷം പാടങ്ങളിലെ ജൈവ മാലിന്യങ്ങൾ മലീഹ ഡെയറി ഫാമിലെ പശുക്കൾക്ക് കാലിത്തീറ്റയായും ഉപയോഗിക്കും. കഴിഞ്ഞ മാസം തുടക്കത്തിൽ മലീഹ ഫാമിൽ നിന്ന് ഔഷധ ഗുണമുള്ള മികച്ചയിനം തേനിന്റെ വിളവെടുപ്പ് ഷാർജ കാർഷിക വികസന വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചിരുന്നു.
മലീഹ ഫാമിൽ നിന്നുള്ള പാലും പാലുൽപന്നങ്ങളും നിലവിൽ ഷാർജയിലെയും ദുബൈയിലെയും വിപണിയിൽ ലഭ്യമാണ്. എമിറേറ്റിലെ സ്കൂൾ കുട്ടികൾക്ക് മലീഹ പാൽ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്കും അധികൃതർ തുടക്കം കുറിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.