ദുബൈ ഗ്ലോബൽ വില്ലേജിന് നാളെ കൊടിയിറക്കം
text_fieldsദുബൈ: ഏഴുമാസത്തെ ആഘോഷത്തിനൊടുവിൽ ദുബൈ ഗ്ലോബൽ വില്ലേജിന് ശനിയാഴ്ച കൊടിയിറക്കം. 26 രാജ്യങ്ങൾ സംഗമിച്ച ആഗോള ഗ്രാമത്തിന്‍റെ ഏറ്റവും ദൈർഘ്യമേറിയ മേളക്കാണ് കൊടിയിറങ്ങുന്നത്.
പതിവുതെറ്റിച്ച് ഇക്കുറി റമദാനിൽ പൂർണമായും വില്ലേജ് തുറന്നിരുന്നു. ആദ്യമായി പെരുന്നാൾ ദിനത്തിലും ഗ്ലോബൽ വില്ലേജ് ആഘോഷങ്ങൾക്കായി തുറന്നുകൊടുത്തു. എക്സ്പോ മഹാമേളക്കിടയിലും തിളക്കമൊട്ടും ചോരാതെ, കൂടുതൽ പ്രൗഢിയോടെയായിരുന്നു ഈ സീസൺ കടന്നുപോയത്.
കഴിഞ്ഞവർഷം ഒക്ടോബർ അവസാനവാരമാണ് ഗ്ലോബൽ വില്ലേജ് തുറന്നത്. എക്സ്പോ നടക്കുന്നതിനാൽ ഗ്ലോബൽ വില്ലേജിൽ ആളെത്തുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, എക്സ്പോയിലെ ജനം കൂടി ഗ്ലോബൽ വില്ലേജിലേക്കൊഴുകിയപ്പോൾ മുൻ സീസണുകളേക്കാൾ തിരക്കായിരുന്നു ഇക്കുറി. എക്സ്പോയേയും വില്ലേജിനെയും ബന്ധിപ്പിക്കുന്ന ബസ് സർവിസും ഏർപ്പെടുത്തിയിരുന്നു. വിവിധ രാജ്യങ്ങളിലെ പുതുവത്സരാഘോഷ സമയങ്ങളിൽ വെടിക്കെട്ട് നടത്തിയും ഇക്കുറി വ്യത്യസ്തത കാണിച്ചു. പുൽത്തകിടികളിൽ ഇക്കുറി മജ്ലിസ് ഒരുക്കിയിരുന്നു. വാടക നൽകി ഉപയോഗിക്കാവുന്ന തരത്തിൽ തയാറാക്കിയ താൽക്കാലിക മജ്ലിസുകൾ നിരവധി കുടുംബങ്ങളാണ് ഉപയോഗിച്ചത്.
തണുപ്പുള്ള ആറുമാസം തുറക്കുകയും ചൂടുകാലത്ത് അടച്ചിടുകയും ചെയ്യുന്നതാണ് ഗ്ലോബൽ വില്ലേജിന്‍റെ പതിവ്.
റമദാൻ പകുതിയാകുന്നതോടെ കഴിഞ്ഞവർഷങ്ങളിൽ അടച്ചിരുന്നു. എന്നാൽ, ഇക്കുറി ആദ്യമായി റമദാനിൽ പൂർണമായും തുറന്നിരിക്കാൻ തീരുമാനിക്കുകയായിരുന്നു. അറേബ്യൻ സാംസ്കാരിക പരിപാടികളും പെരുന്നാൾ സ്പെഷൽ ഭക്ഷണങ്ങളും അണിനിരന്നിരുന്നു. ഈദ് ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പും ഇക്കുറി നടത്തുന്നുണ്ട്.
മേയ് ആറിന് മുമ്പ് ടിക്കറ്റെടുക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ഫോഡ് ബ്രോൺകോ എസ്.യു.വി കാറാണ്. വിജയിയെ മേയ് ഏഴിന് പ്രഖ്യാപിക്കും.
ഇന്നും നാളെയും പുലർച്ച രണ്ട് വരെ വില്ലേജ് തുറന്നിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.