പ്രളയം അപ്രതീക്ഷിതം; മലയാളികൾക്കും നഷ്ടം
text_fieldsഫുജൈറ: മഴയിലും മലവെള്ളപ്പാച്ചിലിലും മലയാളികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ, ഫ്ലാറ്റുകൾ, കടകൾ എന്നിവക്കും നാശനഷ്ടം. എന്നാൽ ചെറിയ നഷ്ടമാണ് എല്ലായിടത്തും റിപ്പോർട്ട് ചെയ്തത്. അധികൃതരുടെ അതിവേഗത്തിലുള്ള ഇടപെടലാണ് അപകടങ്ങളും നഷ്ടവും കുറച്ചത്. ഫുജൈറയും സമീപപ്രദേശങ്ങളും വെള്ളക്കെട്ടിൽ മുങ്ങിയതോടെ ആദ്യം ഗതാഗത തടസ്സമാണുണ്ടായത്.
മഴ ചോരുമെന്ന് പ്രതീക്ഷിച്ച് നിർത്തിയിട്ട വാഹനത്തിൽ തന്നെ പലരും കാത്തിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി മല വെള്ളം ഒഴുകിയെത്തിയതോടെ ഭീതി ഉയർന്നു. യാത്രക്കാരുടെ കഴുത്തുവരെ വെള്ളം ഉയർന്നതോടെ ആളുകൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള ശ്രമമായി. പലരും സഹായത്തിനായി നിലവിളിച്ചു. കൈക്കുഞ്ഞുങ്ങളുമായി വന്നവരെ സഹയാത്രികർ തൊട്ടടുത്ത ഫ്ലാറ്റുകളിൽ എത്തിച്ച് രക്ഷപ്പെടുത്തി.
വെള്ളത്തിൽ കുടുങ്ങിയവരിൽ തദ്ദേശവാസികളും ഏറെയുണ്ടായിരുന്നു. തൊട്ടടുത്ത ലുതാ ബിൽഡിങ്, പോർട്ട് ടവർ, യു.എ.എസ്.സി ബിൽഡിങ്ങിലും തദ്ദേശീയർക്കായി ഫ്ലാറ്റുകളിൽ സൗകര്യം ഒരുക്കിക്കൊടുത്തു. ഇവരെ വാഹനത്തിൽനിന്നും പുറത്തുകടക്കാൻ മലയാളികൾ സഹായിച്ചു.
റോഡ് വിപുലീകരണവും റെയിൽ പാലം നിർമാണവും നടക്കുന്നതിനാൽ റോഡിന്റെ യഥാർഥ സ്ഥാനം മനസ്സിലാക്കാനാവാതെ വാഹനം പലയിടങ്ങളിലും ഉപേക്ഷിച്ചാണ് ആളുകൾ രക്ഷപ്പെട്ടത്. നൂറുകണക്കിന് വാഹനങ്ങളാണ് പോർട്ടിനു സമീപം വെള്ളത്തിൽ മുങ്ങിക്കിടന്നത്. ഇതിൽ കൂടുതലും വെള്ളം കയറി നശിച്ചിട്ടുണ്ട്. റോഡിനിരുവശത്തും സ്ഥാപിച്ച ബാരിക്കേഡുകളും മറ്റും പോർട്ടിന്റെ മതിലിൽ അടിഞ്ഞുകൂടി.
ഭക്ഷ്യസാധനങ്ങൾ, പാചക ഗ്യാസ് കുറ്റികൾ തുടങ്ങിയവ വെള്ളത്തിൽ ഒഴുകി. വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷാ പ്രവർത്തകർ ട്രക്കുകളിൽ രക്ഷപ്പെടുത്തി. ഇവർക്കുള്ള ഭക്ഷണവും മറ്റും എത്തിച്ചുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.