പ്രവാസ ലോകത്ത് അനുശോചന പ്രവാഹം
text_fieldsദുബൈ: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പ്രവാസലോകത്ത് അനുശോചന പ്രവാഹം. വിവിധ പരിപാടികൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുമായി ഗൾഫിലെ നിത്യസന്ദർശകനായിരുന്ന തങ്ങളുടെ വിയോഗത്തിൽ രാഷ്ട്രീയ ഭേദമന്യേ അനുശോചനങ്ങൾ ഒഴുകി.
ഐ.എം.സി.സി
ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ സൗമ്യശീലനും മതസൗഹാർദം കെട്ടിപ്പടുക്കുന്നതിൽ എന്നും മുൻപന്തിയിൽനിന്ന നേതാവുമാണ് ഹൈദരലി തങ്ങളെന്ന് പ്രസിഡന്റ് കുഞ്ഞാവുട്ടി കാദർ, ജനറൽ സെക്രട്ടറി പി.എം. ഫാറൂഖ് അതിഞ്ഞാൽ, ട്രഷറർ അനീഷ് നീർവേലി എന്നിവർ പറഞ്ഞു. തങ്ങളുടെ വിയോഗത്തിൽ ഐ.എം.സി.സി ഷാർജ കമ്മിറ്റി പ്രസിഡന്റ് താഹിർ അലി പൊറോപ്പാട് അനുശോചിച്ചു.
റീജൻസി ഗ്രൂപ്
ജാതിമത ഭേദമന്യേ എല്ലാവർക്കും തണലായിരുന്ന, സൗമ്യതയുടെ ആൾരൂപമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി റീജൻസി ഗ്രൂപ് അറിയിച്ചു. നാട്ടിൽ പോകുന്ന സമയത്ത് എത്ര തിരക്കുണ്ടെങ്കിലും പാണക്കാട് സന്ദർശിച്ച് സുഖവിവരങ്ങൾ അന്വേഷിക്കാതെ മടങ്ങാറില്ലെന്ന് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ പറഞ്ഞു. ജീവിതയാത്രയിലെ വഴികാട്ടിയായിരുന്ന ദീർഘകാലത്തെ ആത്മബന്ധമുള്ള ജ്യേഷ്ഠസഹോദരനെയാണ് നഷ്ടമായതെന്ന് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ പറഞ്ഞു.
വിദഗ്ധ ചികിത്സക്കായി അമേരിക്കയിൽ പോയ സമയത്തു കൂടെ യാത്രചെയ്യാനും ദിവസങ്ങളോളം അടുത്ത് ഇടപഴകാനുമായത് ജീവിതഭാഗ്യമായി കരുതുന്നുവെന്ന് ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ. സമൂഹത്തിന് വലിയ നഷ്ടമാണെന്നും ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ പറഞ്ഞു. നിരവധി തവണ അടുത്തിടപഴകിയപ്പോഴും യാത്രകളിലും കൊച്ചുകുട്ടിയുടെ നിഷ്കളങ്കഥയാണ് കാണാനായതെന്ന് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അബൂബക്കർ പറഞ്ഞു.
പ്രവാസി ഇന്ത്യ
മതസൗഹാർദത്തിലൂന്നിയ സമീപനവും കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും മതസൗഹാർദത്തിന്റെ വക്താവുമായിരുന്നു ഹൈദരലി തങ്ങളെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്റ് അബ്ദുല്ല സവാദ്, ജനറൽ സെക്രട്ടറി അരുൺ സുന്ദർരാജ് എന്നിവർ അനുസ്മരിച്ചു.
കേരള മുസ്ലിം ജമാഅത്ത്
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി അനുശോചനം അറിയിച്ചു. ഉന്നതമായ സ്വഭാവഗുണങ്ങളും ബന്ധങ്ങളും കാത്തുസൂക്ഷിക്കാൻ കാണിച്ച ജാഗ്രത അദ്ദേഹത്തെ അവിസ്മരണീയനാക്കും. തിരുകുടുംബത്തിന്റെ അഭിമാനവും ബഹുമാനവും ഉയർത്തിപ്പിടിക്കാൻ ഹൈദരലി തങ്ങൾ എന്നും ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനാളൂർ യൂത്ത് ഫോറം
ഹൈദരലി തങ്ങളുടെ വിയോഗത്തിൽ താനാളൂർ യൂത്ത് സോഷ്യൽ ആൻഡ് കൾചറൽ ഫോറം ഭാരവാഹികളായ ഷഫീഖ് താനാളൂർ, ഷമീം, സലീം തടത്തിൽ, സലിം പച് കൊ, ഗഫൂർ സി.സി, അസ്ലം, സി.എം. ഷംസു എന്നിവർ അനുശോചിച്ചു.
പുന്നക്കൻ മുഹമ്മദലി
കക്ഷിരാഷ്ട്രീയത്തിനതീതമായി സർവരാലും അംഗീകരിക്കപ്പെട്ട സമുന്നത വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് സാമൂഹിക പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി പറഞ്ഞു. മനുഷ്യനന്മയെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് എക്കാലവും നേതൃത്വം നൽകിയ തങ്ങളുടെ വേർപാട് കേരളീയ പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീതി സാഹിബ് ഫൗണ്ടേഷൻ
ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ സീതി സാഹിബ് ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് സീതി പടിയത്ത്, ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ, ഓർഗനൈസിങ് സെക്രട്ടറി നാസർ കുറുമ്പത്തൂർ, ട്രഷറർ സലാം തിരുനെല്ലൂർ എന്നിവർ അനുശോചിച്ചു.
പി.സി.എഫ്
മത-രാഷ്ട്രീയ രംഗത്തെ ശ്രദ്ധേയമായ വ്യക്തിത്വവും സാമുദായിക മതേതര കേരളത്തിന് എന്നും സ്വീകാര്യനുമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് പി.സി.എഫ് യു.എ.ഇ നാഷനൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഐ.സി.എഫ് ഗൾഫ് കൗൺസിൽ
ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഐ.സി.എഫ് ഗൾഫ് കൗൺസിൽ അനുശോചിച്ചു. സമുദായ പുരോഗതിക്കുവേണ്ടി സജീവമായി പ്രവർത്തിക്കുകയും സമൂഹത്തിനും സമുദായത്തിനും സേവനം നൽകുകയും ചെയ്ത വ്യക്തിത്വവുമായിരുന്നു തങ്ങളെന്ന് ഐ.സി.എഫ് ഗൾഫ് കൗൺസിൽ പറഞ്ഞു.
ഇന്ത്യന്‍ ഇസ്ലാഹി സെന്റർ
കേരള രാഷ്ട്രീയത്തിലെ സൗമ്യനും മത സാമുദായിക സൗഹാര്‍ദത്തിന് മാതൃകയുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റർ പ്രവര്‍ത്തക സമിതി യോഗം അനുസ്മരിച്ചു. കേരളത്തിലെ രാഷ്ട്രീയരംഗത്ത് എന്നും മാതൃകയായിരുന്നു. രാഷ്ട്രീയരംഗത്തും മതരംഗത്തും സജീവമായി പ്രവര്‍ത്തിക്കുമ്പോഴും നീതിയും കരുണയും സൗഹാർദവും ഒരുപോലെ കാത്തുസൂക്ഷിച്ചുപോകാന് അദ്ദേഹത്തിന് സാധിച്ചു എന്ന് യോഗം വിലയിരുത്തി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് അധ്യക്ഷനായിരുന്നു. ഹുസൈന് സാഹിബ് ഫുജൈറ, വി.കെ. സകരിയ, അബ്ദുല്‍ വാഹിദ് മയ്യേരി, ജാഫര്‍ സാദിഖ്, അബ്ദുല്‍ റഹ്മാന് ചീക്കുന്ന്, മുഹമ്മദലി പാറക്കപടവ്, റഫീഖ്, മുജീബ്, അഷ്റഫ്, സൈഫുദ്ദീന്, ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.
എ.ബി.സി കാർഗോ
മതേതരകേരളത്തിന് വലിയ നഷ്ടമാണെന്ന് എ.ബി.സി കാർഗോ മാനേജിങ് ഡയറക്ടർ ഡോ. ശരീഫ് അബ്ദുൽഖാദർ പറഞ്ഞു. മതരാഷ്ട്രീയ നേതൃരംഗത്തിരിക്കുമ്പോഴും ജാതിമത ഭേദമെന്യേ പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമായിരുന്നു. ആർക്കുമുന്നിലും അടച്ചിടാത്ത ഹൃദയവാതിലായിരുന്നു തങ്ങൾ. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കംനൽകിയുള്ള സാമൂഹിക ഇടപെടലുകൾക്ക് മാതൃകയായിരുന്നു ഹൈദരലി തങ്ങളെന്നും ഡോ. ശരീഫ് അബ്ദുൽ ഖാദർ അനുസ്മരിച്ചു.
എസ്.കെ.എസ്.എസ്.എഫ് അനുശോചിച്ചു
എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷനൽ കമ്മിറ്റി അനുശോചിച്ചു. ഗൾഫ് സത്യധാരയുടെ പിറവിയിലും വളർച്ചയിലും അദ്ദേഹം നൽകിയ വിലപ്പെട്ട പിന്തുണയും പ്രാർഥനയും നേതാക്കളായ ശുഐബ് തങ്ങൾ, മൻസൂർ മൂപ്പൻ, ശറഫുദ്ദീൻ ഹുദവി എന്നിവർ അനുസ്മരിച്ചു. ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ദേശീയ പ്രസിഡന്റ് ശുഐബ് തങ്ങൾ, ഗൾഫ് സത്യധാര പബ്ലിഷർ ശിഹാസ് സുൽത്താൻ, സെക്രട്ടേറിയറ്റ് അംഗം റാഷിദ് കുറ്റിപ്പാല എന്നിവർ നാട്ടിലെത്തി.
ഇന്ത്യൻ അസോ. ഷാർജ
ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ അനുശോചനം രേഖപ്പെടുത്തി. മതേതരകേരളത്തിന് നികത്താനാവാത്ത നഷ്ടമാണിതെന്ന് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ജനറൽ സെക്രട്ടറി ടി.വി. നസീർ, ആക്ടിങ് ട്രഷറർ ബാബു വർഗീസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ജനത കൾചറൽ സെന്റർ
ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ജനതാ കൾചറൽ സെന്റർ യു.എ.ഇ അനുശോചനം രേഖപ്പെടുത്തി. എന്നും മതേതരത്വ നിലപാട് ഉയർത്തിപ്പിടിച്ചയാളായിരുന്നു തങ്ങളെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ്
ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം കേരളരാഷ്ട്രീയത്തിനും മുസ്ലിം ലീഗിനും യു.ഡി.എഫിനും കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് പ്രസിഡന്റ് കെ.സി. അബൂബക്കർ പറഞ്ഞു. മതേതരത്വത്തിന്റെ പ്രതീകമായ തങ്ങളുടെ വേര്‍പാടില്‍ യു.ഡി.എഫിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
മുട്ടനൂർ മുസ്ലിം ജമാഅത്ത്
ആഡംബരജീവിതത്തോട് അകലം പാലിച്ച പകരംവെക്കാനില്ലാത്ത സാത്വികനെയാണ് നഷ്ടമായതെന്ന് യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി). 13 വർഷത്തോളമായി മുട്ടനൂർ മഹല്ലിന്റെ ഖാദി സ്ഥാനം കൂടി അദ്ദേഹം വഹിക്കുന്നുണ്ട്. പ്രസിഡന്റ് കെ.പി. കുഞ്ഞിബാവ, സെക്രട്ടറി എൻ.പി. ഫൈസൽ ജമാൽ, രക്ഷാധികാരി സി.പി. കുഞ്ഞിമൂസ തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ
സമൂഹത്തിനും സമുദായത്തിനും ഹൈദരലി തങ്ങള്‍ ചെയ്ത സേവനം വിലമതിക്കാനാവാത്തതാണെന്ന് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അറിയിച്ചു. സെന്റര്‍ നിരവധി തവണ സന്ദര്‍ശിക്കുകയും അടുത്തബന്ധം പുലര്‍ത്തുകയും ചെയ്ത വ്യക്തിയാണ്. പ്രസിഡന്റ് പി. ബാവഹാജി, ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, ട്രഷറര്‍ ബി.സി. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇൻകാസ്
വർത്തമാനകാല മതേതര ജനാധിപത്യത്തിനുള്ള വലിയ നഷ്ടമാണെന്ന് കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ അഭിപ്രായപ്പെട്ടു. കരുണയുടെ നിറകുടമായിരുന്ന തങ്ങൾ തികഞ്ഞ മനുഷ്യസ്നേഹിയും മതസൗഹാർദത്തിന്റെ പര്യായവുമായിരുന്നു. പാണക്കാട് കുടുംബത്തിന്റെ മൂല്യങ്ങൾ കേരളജനതക്ക് കലർപ്പില്ലാതെ കാണിച്ചിച്ചുതന്ന വ്യക്തിത്വമായിരുന്നു തങ്ങളെന്ന് ഇൻകാസ് ഉമ്മുല്‍ഖുവൈന്‍ എക്സിക്യൂട്ടിവിന്റെ യോഗം അനുസ്മരിച്ചു. പ്രസിഡന്റ് സഞ്ജു പിള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുദേവൻ, പി.കെ. മൊയ്ദീൻ, പ്രസാദ്, ആഷ്ലി, ചന്ദ്രദേവ് കുന്നപ്പള്ളി, ഷാജി, രശ്മി നായർ എന്നിവർ സംസാരിച്ചു.
ഇൻകാസ് യു.എ.ഇ
ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. രാജ്യം ശിഹാബ് തങ്ങളെ പോലുള്ള നേതാക്കന്മാരെ ഏറ്റവും കൂടുതൽ ആവശ്യമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മരണം രാജ്യത്തിനുതന്നെ തീരാനഷ്ടമാണെന്ന് ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ പറഞ്ഞു.
സഫാരി ഗ്രൂപ്
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജ്മെന്റും സ്റ്റാഫുകളും ദുഃഖം രേഖപ്പെടുത്തി. മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലം തൊട്ടുതന്നെ പാണക്കാട് കുടുംബവും സഫാരി ഗ്രൂപ്പും തമ്മിൽ ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുകയും ഖത്തറിലെയും യു.എ.ഇയിലേയും സഫാരി ഗ്രൂപ്പിന്റെ പല ബിസിനസ് സ്ഥാപനങ്ങളും തങ്ങൾ പലതവണ സന്ദർശിക്കുകയും ചെയ്യുമായിരുന്നു. ഗൾഫ് നാടുകളിലേയും കേരളത്തിലേയും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു സഹായ സഹകരണങ്ങൾക്കും തങ്ങളുടെ നേതൃത്വത്തിൽ സഫാരി മാനേജ്മെന്റ് പങ്കാളികളായിരുന്നു.
വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും വളരെ സൗമ്യമായി മാത്രം ഇടപെടലുകൾ നടത്തിയിരുന്ന ഹൈദരലി തങ്ങൾ മാർഗദർശിയായിരുന്നു. തങ്ങളുടെ വേർപാട് എല്ലാവരെയും പോലെ ഞങ്ങൾക്കും തീരാനഷ്ടവും ദുഃഖവുമാണെന്ന് സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് അഭിപ്രായപ്പെട്ടു. ബഹുമാനപ്പെട്ട ഹൈദരലി തങ്ങളുമായി ഒരു ജ്യേഷ്ഠസഹോദരൻ എന്നനിലയിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പലപ്പോഴും ഞങ്ങൾക്ക് ആവശ്യമായ നിർദേശങ്ങളും പ്രോത്സാഹനങ്ങളും നൽകുകയും ചെയ്തിരുന്നെന്നും സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടറും ഗ്രൂപ് ജനറൽ മാനേജറുമായ സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു. വേദനയിൽ കുടുംബത്തോടൊപ്പം സഫാരി ഗ്രൂപ്പും പങ്കുചേരുന്നതായും സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, ഗ്രൂപ് മാനേജിങ് ഡയറക്ടർ ആൻഡ് ഗ്രൂപ് ജനറൽ മാനേജർ സൈനുൽ ആബിദീൻ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.