കടലിനോട് കടങ്കഥ പറയുന്ന അൽഖാനിലെ വീടുകൾ
text_fieldsഷാർജയുടെ തീരമേഖലയായ അൽ ഖാൻ നവീനശിലായുഗം മുതൽ തന്നെ കടലുമായി ബന്ധപ്പെട്ട് ജീവിതം ചിട്ടപ്പെടുത്തിയവരുടെ താമസ മേഖലയായിരുന്നു. കടലോളം ചെന്നെത്തുന്ന കാവൽ മാളികയും പള്ളിയും പ്രാദേശിക ഭരണകൂടം പ്രവർത്തിച്ചിരുന്ന പവിഴ കോട്ടയും തനത് ശൈലിയിൽ തന്നെയുണ്ട് അൽഖാനിൽ. മുത്ത് തേടി പോകുന്ന ബോട്ടുകളുടെ കേന്ദ്രമായിരുന്നു പണ്ടു മുതൽ അൽ ഖാൻ. 75 ഓളം ബോട്ടുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
കടലാഴത്തോളം വളർന്ന ഇവരുടെ മുത്ത് വിജ്ഞാനമാണ് ആഴത്തിലെ വിസ്മയങ്ങളെ കരക്കെത്തിച്ചത്. അൽ ബുമഹൈർ, മസാരി, മനസിർ ഗോത്രങ്ങളിലെ കുടുംബങ്ങളായിരുന്നു ഈ കടൽ ഗ്രാമത്തിലെ താമസക്കാർ. മുത്തുകൾ തേടി ഇവർ സഞ്ചരിച്ച കടലാഴങ്ങൾ തിരകളായി വന്ന് തീരത്തെ തൊടുന്നു. പവിഴ പുറ്റുകളും ഈന്തപ്പന തടികളും ഉപയോഗിച്ച് നിർമ്മിച്ച വീടിെൻറ മേൽക്കൂരകളിലെ കരവിരുതുകളിൽ കാണാനുണ്ടേറെ അത്യപ്പങ്ങൾ.
ഗോത്ര കാലഘട്ടങ്ങളിൽ തന്നെ ഇന്ത്യയുമായി ബന്ധമുള്ള മേഖലയായിരുന്നു അൽ ഖാൻ. അറബികടലിലൂട ദുബൈ ലക്ഷ്യമാക്കി പോകുന്ന പണ്ടത്തെ പത്തേമാരികൾക്ക് അൽ ഖാൻ ദിശാസൂചികകൾ നൽകി. വീടുകൾക്കിടയിലെ പൗരാണിക തെരുവുകളിലെ വൈകുന്നേരങ്ങളിൽ കച്ചവടങ്ങൾ സജീവമായിരുന്നു. കടലിനോട് ഇത്രയും ചേർന്ന് ജീവിച്ച ഗോത്രങ്ങൾ യു.എ.ഇയിൽ വേറെയില്ല എന്നാണ് ചരിത്രം.
അൽഖാനിലെ പഴയ വീടുകളെ പരിക്കേൽപ്പിക്കാൻ പുതിയ കാലത്തിന് കഴിഞ്ഞിട്ടില്ല. കടൽക്കരയിലെ പള്ളി കണ്ട് പുതിയ തലമുറ വിസ്മയിച്ച് നിൽക്കുന്നു. ഷാർജ പുരോഗതിയാർജിച്ചതോടെ ഗോത്രങ്ങളെ ആധുനിക സൗകര്യങ്ങളുള്ള മേഖലകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവർ ചരിത്രം കുറിച്ച വീടുകൾ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. ടൂറിസത്തിന് ഏറെ പ്രാധാന്യം ലഭിക്കുന്ന മേഖലയാണ് അൽഖാൻ. അതു കൊണ്ട് തന്നെ പഴയ വീടുകളുടെ തനിമ തെല്ലും ഇളക്കി കളയാതെ പുതിയ അഴകുകൾ ചേർക്കുകയാണ് ഷാർജ.
ഇതിെൻറ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ വൻ കുതിപ്പു തന്നെ ഉണ്ടാകും. കടൽവിസ്മയങ്ങളുടെ കലവറയായ ഷാർജ അക്വേറിയവും മാരിടൈം മ്യൂസിയവും പ്രവർത്തിക്കുന്നത് ഇവിടെയാണ്. കടൽ ഉത്സവങ്ങൾ വർഷംതോറും ഇവിടെ നടക്കുന്നു. അക്വേറിയത്തിന് ഗുഹയുടെ പരിവേഷമാണ് നൽകിയിരിക്കുന്നത്. അതാകട്ടെ അൽഖാനിലെ പഴയ തലമുറയുടെ നിർമാണ ചാതുരിയെ അടയാളപ്പെടുത്തുന്നതാണ്.
ദുബൈയിൽ നിന്ന് ഇവിടേക്ക് ബോട്ടിലെത്താൻ സൗകര്യമുണ്ട്. ബോട്ട് സർവീസ് തുടങ്ങിയ കാലത്ത് തിരക്കോട് തിരക്കായിരുന്നു. കടൽ സൗരഭ്യം ആസ്വദിക്കുവാൻ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തു. അൽഖാനിലെ അദ്ഭുതങ്ങൾ കണ്ട് സഞ്ചാരികൾ മനസ്സിൽ പവിഴ കോട്ടകൾ പണിതു. കടലിനോട് ചേർന്ന പ്രദേശമാണെങ്കിലും പണ്ട് മുതൽ തന്നെ കൃഷി സജീവമായിരുന്നു. അൽഖാനിലെ പുതിയ ഓരോ നിർമിതിയും പച്ചപ്പിനുള്ളിലാകുന്നത് പഴയ തലമുറയോടുള്ള ആദരവ് കൊണ്ടാണ്. ദുബൈയിൽ നിന്ന് അധികദൂരമില്ല അൽ ഖാനിലേക്ക്.
എന്നാൽ, പഴയ വീടുകളുടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട്. എന്നിരുന്നാലും അടുത്ത് നിന്നു തന്നെ ഈ കടൽ ഗ്രാമത്തിെൻറ സൗന്ദര്യം ആസ്വദിക്കാം. അൽഖാനിലെ കടൽ അപകടകാരിയാണ് കുളിക്കാൻ ഇറങ്ങുന്നത് ശ്രദ്ധിച്ചു വേണം. അടിയൊഴുക്കാണ് അപകടം വിതക്കുന്നത്. പുറത്ത് ശാന്തമായ കടലിന് അകത്ത് രൗദ്രഭാവമാണ്. ഈ അശാന്തമായ കടലിെൻറ ആഴത്തിലേക്ക് മുങ്ങി ചെന്നാണ് പഴയ തലമുറ കടൽ കാവ്യങ്ങൾ രചിച്ചത് എന്നോർക്കുക, അൽ ഖാൻ ഒരു വിസ്മയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.