ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്
text_fieldsദുബൈ: നിരാലംബരായവർക്ക് അന്നമെത്തിക്കുന്ന യു.എ.ഇ ഫുഡ് ബാങ്ക് പദ്ധതി കഴിഞ്ഞ വർഷം ലോകത്താകമാനം ഉപകാരപ്പെട്ടത് 1.86 കോടി പേർക്ക്. പദ്ധതിയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവിന് കീഴിൽ രൂപംനൽകിയ സംവിധാനത്തിന് 2023ൽ 800 സ്ഥാപനങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഭക്ഷണം പാഴാകുന്നത് കുറച്ചുകൊണ്ട്, കൂടുതലായി വരുന്നത് ദരിദ്രർക്ക് എത്തിച്ചുനൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ ജീവകാരുണ്യ സ്ഥാപനങ്ങൾ ഫുഡ് ബാങ്കുമായി യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണവിതരണത്തിന് പുറമെ, ബോധവത്കരണ കാമ്പയിനുകളും സംവിധാനത്തിനു കീഴിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ 1,800 വളന്റിയർമാർ പങ്കെടുത്തു. ഏകദേശം 1.47 കോടി ദിർഹം ഫണ്ടാണ് ഫുഡ് ബാങ്കിന് വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ചത്. ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുന്നത് വഴി 6,000 ടൺ ഭക്ഷ്യമാലിന്യങ്ങൾ ഭൂമിയിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കാൻ സംരംഭത്തിന് സാധിച്ചിട്ടുണ്ട്.
2027നകം രാജ്യത്ത് 30 ശതമാനം ഭക്ഷ്യമാലിന്യങ്ങൾ കുറക്കുകയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് സംരംഭമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭക്ഷ്യമാലിന്യം കുറയുന്നത് പരിസ്ഥിതി ആഘാതം കുറക്കുകയും കാർബൺ പുറന്തള്ളൽ ലഘൂകരിക്കുകയും ചെയ്യുന്നതാണ്.
കഴിഞ്ഞ വർഷം 1.2 കോടി ജനങ്ങൾക്ക് ഭക്ഷണമെത്തിക്കാനാണ് ഫുഡ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കണക്കുകൂട്ടലുകൾക്കപ്പുറം കടന്നാണ് 1.86 കോടി പേർക്ക് ഭക്ഷണ കിറ്റുകൾ എത്തിക്കാൻ സാധിച്ചത്.
പഴങ്ങൾ, പച്ചക്കറികൾ, തയാറാക്കിയ ഭക്ഷണം, അരി, ഗോതമ്പ്, പൊടികൾ, പാസ്ത, മാംസം, പാലുൽപന്നങ്ങൾ, ചീസ് ഉൽപന്നങ്ങൾ, മറ്റ് പലചരക്ക് ഇനങ്ങൾ, ചോക്ലറ്റ്, വെള്ളം എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് വിതരണം ചെയ്തവയിൽ ഉൾപ്പെടും.
സിറിയയിലും തുർക്കിയയിലും കനത്ത നാശം വിതച്ച ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലും വിവിധ രാജ്യങ്ങളിലെ പ്രകൃതി ദുരന്തത്തിന്റെ സമയത്തും ഭക്ഷണം എത്തിച്ചിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഭാര്യയും യു.എ.ഇ ഫുഡ്ബാങ്ക് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സനുമായ ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ ആൽ മക്തൂമിന്റെ നിർദേശങ്ങൾക്കും തുടർനടപടികൾക്കും തെളിവാണ് പദ്ധതിയുടെ മികച്ച ഫലമെന്ന് ട്രസ്റ്റി ബോർഡ് ഡെപ്യൂട്ടി ചെയർമാൻ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
ജീവകാരുണ്യ സംരംഭങ്ങളിലൂടെ ഗുണഭോക്താക്കൾക്ക് ഭക്ഷണം എത്തിക്കുന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് യു.എ.ഇ ഫുഡ് ബാങ്ക് പ്രവർത്തിക്കുന്നത്. ഉയർന്ന നിലവാരമുള്ള ഭക്ഷണത്തിന്റെ വിതരണവും ഉറപ്പാക്കുന്ന പദ്ധതി, ആഗോളതലത്തിൽ അംഗീകാരം നേടിയിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.