യു.എ.ഇക്ക് ഇന്ത്യൻ അഭിവാദനം; കമോൺ കേരള നാലാം എഡിഷൻ ജൂൺ 24 മുതൽ
text_fieldsഷാർജ: സുവർണവർഷം പുൽകിയ യു.എ.ഇക്ക് അഭിവാദനമർപ്പിച്ച് 'ഗൾഫ് മാധ്യമം' കമോൺ കേരള നാലാം എഡിഷൻ ജൂൺ 24, 25, 26 തീയതികളിൽ ഷാർജ എക്സ്പോ സെന്‍ററിൽ അരങ്ങേറും. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സഹകരണത്തോടെ നടക്കുന്ന വാണിജ്യ, സാംസ്കാരിക, വിനോദ, വൈജ്ഞാനിക മേളയിൽ പ്രമുഖ സിനിമാ താരങ്ങളായ കമൽ ഹാസൻ, മഞ്ജു വാര്യർ എന്നിവർ മുഖ്യാതിഥികളാവും.
യു.എ.ഇയുടെ വളർച്ചയിൽ വ്യക്തിമുദ്ര പതിപ്പിച്ച 50 ഇമാറാത്തി പൗരന്മാർക്ക് ആദരമർപ്പിക്കുന്ന 'ശുക്റൻ ഇമാറാത്താണ്' നാലാം എഡിഷനിലെ ശ്രദ്ധേയ പരിപാടി. മേളയിൽ വ്യവസായ പ്രമുഖരും നയതന്ത്ര പ്രതിനിധികളും ധനകാര്യ വിദഗ്ധരും പങ്കെടുക്കും. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ മൂന്ന് എഡിഷൻ പിന്നിട്ട കമോൺ കേരള മഹാമാരിക്കു ശേഷം ഷാർജ ആതിഥ്യംവഹിക്കുന്ന ഏറ്റവും വലിയ വാണിജ്യ, വിനോദ, സാംസ്കാരിക മേളയാകും.
മഞ്ജു വാര്യരുടെ ചലച്ചിത്ര യാത്രകളിലൂടെ സഞ്ചരിക്കുന്ന 'മഞ്ജുവസന്തം', പ്രവാസി സംരംഭകർ വിജയമന്ത്രങ്ങൾ പങ്കുവെക്കുന്ന 'ബോസസ് ഡേ ഔട്ട്', ബിസിനസ് കോൺക്ലേവ്, ബിസിനസ് സെഷനുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ നാലാം എഡിഷനു മിഴിവേകും. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വാണിജ്യ ഇടപാട് 100 ബില്യൺ ഡോളറിലെത്തിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ മാസം ഒപ്പുവെച്ച കരാറിന് കരുത്തും ദിശാബോധവും പകരുന്നതായിരിക്കും നാലാം എഡിഷൻ കമോൺ കേരളയെന്ന് 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യവസായ-സാംസ്കാരിക മുന്നേറ്റത്തിന് കമോൺ കേരള വഴിയൊരുക്കുമെന്ന് ഷാർജ ചേംബർ മാധ്യമമേധാവി അമൽ ഇബ്രാഹീം അൽ ഹുസനി പറഞ്ഞു. 'ശുക്റൻ ഇമാറാത്തിന്‍റെ' വിഡിയോ ലോഞ്ചിങ് അവർ നിർവഹിച്ചു. നാലാം എഡിഷന്‍ ലോഗോ പ്രകാശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.