ദുബൈ വിമാനത്താവളത്തിൽ കൂറ്റൻ കോവിഡ് ലാബ് തുറന്നു
text_fieldsദിവസം ലക്ഷം സാമ്പിളുകൾ പരിശോധിക്കാം
ദുബൈ: യാത്രക്കാരുടെ കോവിഡ് പരിശോധന സുഗമമാക്കാൻ ദുബൈ വിമാനത്താവളത്തിൽ കൂറ്റൻ കോവിഡ് ലാബ് തുറന്നു. ദിവസം ഒരുലക്ഷം പേരുടെ സാമ്പിൾ ശേഖരിക്കാനുള്ള സംവിധാനമാണ് ഇവിടെ. വിമാനത്താവളത്തിനകത്തെ, ലോകത്തെ ഏറ്റവും വലിയ കോവിഡ് പരിശോധന കേന്ദ്രമാണിത്.
20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വിപുല സൗകര്യങ്ങളുള്ള കോവിഡ് പരിശോധന കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. നാല് മുതൽ ആറ് മണിക്കൂർ വരെ സമയത്തിനുള്ളിൽ പരിശോധനഫലം ലഭ്യമാക്കാനും ഈ ലാബിന് കഴിയും. ഓരോ അരമണിക്കൂറിലും ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധനക്കയക്കും.
ദുബൈ എയർപോർട്ട് വൈസ് പ്രസിഡൻറ് ഈസ അൽ ശംസിയാണ് ലാബ് തുറന്നുകൊടുത്തത്. ദുബൈ ഹെൽത്ത് അതോറിറ്റി, പ്യുവർ ഹെൽത്ത് എന്നിവയുമായി സഹകരിച്ചാണ് ലാബിലെ പരിശോധന സജ്ജീകരിച്ചിരിക്കുന്നത്.
എക്സ്പോ 2020യുമായി ബന്ധപ്പെട്ട് ദുബൈയിലേക്ക് വൻതോതിൽ യാത്രക്കാർ എത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് വിപുലമായ കോവിഡ് പരിശോധന സൗകര്യം.
കഴിഞ്ഞ ദിവസം ഒന്നാം നമ്പർ ടെർമിനൽ തുറന്നിരുന്നു. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ കൂടി എത്താൻ തുടങ്ങിയാൽ എയർപോർട്ടിലെ തിരക്ക് ഉയരും.
ദുബൈയിലെത്തുന്ന എല്ലാവർക്കും വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർബന്ധമാണ്. കാത്തുനിൽപ് ഒഴിവാക്കാൻ ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.