വൈവിധ്യങ്ങളുടെ മഹാമേള; സജീവമായി ഇന്ത്യൻ സ്ഥാപനങ്ങൾ
text_fieldsദുബൈ: ഒലിവും ഒലിവെണ്ണയും നിരത്തിവെച്ച സ്റ്റാളിലേക്ക് കയറിയതും ക്ഷണിച്ചു ‘ഹയ്യാകും..അഖീ’. സ്വാഗതം പറയുകയായിരുന്നു അയാൾ. ഭൂകമ്പവും യുദ്ധവും തകർത്ത സിറിയയിൽ നിന്നുള്ള കമ്പനിയാണ് അദ്ദേഹത്തിന്റേത്.
ഏറ്റവും മികച്ച ഒലിവുൽപന്നങ്ങളുമായാണ് ‘ഗൾഫുഡി’ന് എത്തിച്ചേർന്നതെന്ന് അവകാശപ്പെട്ട് തന്റെ അതിജീവന കഥ പറയാൻ തുടങ്ങി. കഴിഞ്ഞ പത്തുവർഷമായി രാജ്യത്തിന് പുറത്തേക്കുപോകാൻ കഴിയാതെ കമ്പനി പ്രതിസന്ധിയിലായിരുന്നു. ഇപ്പോൾ ലോകത്തിന് മുന്നിലേക്ക് അതിജീവനത്തിന് വഴി തിരഞ്ഞാണ് ഭക്ഷ്യോൽപന്നങ്ങളുടെ വിശ്വമേളയിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. അലപ്പോയിലെ കമ്പനിപോലെ അതിജീവനവും മുന്നേറ്റവും കൊതിച്ചാണ് ലോകത്തിന്റെ നാലുദിക്കിൽ നിന്നും നിരവധി കമ്പനികൾ ഗൾഫുഡിൽ എത്തിച്ചേർന്നിട്ടുള്ളത്. തായ്ലൻഡിലെ കുപ്പിയിലാക്കിയ ഇളനീർ വെള്ളവും സൗദിയിലെ ഈത്തപ്പഴ ഉൽപന്നങ്ങളും വിയറ്റ്നാമിലെ കുരുമുളകും ഇന്ത്യയുടെ വിശ്വവിഖ്യാതമായ ബസ്മതി അരിയും മുതൽ ബ്രിട്ടനിൽനിന്നുള്ള ഹലാൽ ഇറച്ചിവരെ ആയിരക്കണക്കിന് ഉൽപന്നങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ബ്രസീലിലെയും മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും ഉൽപന്നങ്ങളും ഇത്തവണ വളരെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യയുടെയും സൗദിയുടെയും ഉൽപന്നങ്ങളുടെ സാന്നിധ്യം തന്നെയാണ് ഏറ്റവും സജീവമായിട്ടുള്ളത്. ഇന്ത്യൻ ഉൽപന്നങ്ങൾ അന്വേഷിച്ച് വിവിധ രാജ്യക്കാർ സ്റ്റാളുകളിൽ വരുന്നുമുണ്ട്. ഇന്ത്യൻ പവിലിയനുകളുടെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യോൽപാദന വ്യവസായ വകുപ്പ് മന്ത്രി പശുപതി കുമാർ പറസാണ് നിർവഹിച്ചത്. സുഗന്ധവ്യഞ്ജന ഉൽപന്നങ്ങളും അരിയും തന്നെയാണ് ഇന്ത്യയുടെ പവിലിയനിൽ പ്രധാനമായും കാണാവുന്നത്. വിവിധ കമ്പനികൾ പരസ്പരം ചർച്ചചെയ്യാനും സഹകരണ കരാറുകളിലെത്താനും മേളയെ ഉപയോഗപ്പെടുത്തുന്നതിന് കൂടിക്കാഴ്ചകൾ ആരംഭിച്ചിട്ടുണ്ട്. മേള തുടങ്ങുന്നതിനുമുമ്പുതന്നെ പതിനായിരത്തിലേറെ കൂടിക്കാഴ്ചകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ മിക്ക ബ്രാൻഡുകളും എത്തിച്ചേർന്ന മേളയിൽ സന്ദർശകരിൽ വലിയ വിഭാഗം പേരും തങ്ങൾക്ക് പരിചയമില്ലാത്ത രാജ്യങ്ങളിലെ ഉൽപന്നങ്ങൾ കാണാനും അവയെക്കുറിച്ച് അറിയാനുമാണ് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.