ഈ ഫ്രെയിമുകളിലുണ്ട് നോമ്പിന്റെ ഹൃദയം
text_fieldsവിഭവ സമൃദ്ധമായൊരു ഇഫ്താറിന് ക്ഷണിക്കപ്പെട്ടാൽ എന്തു ചെയ്യും? ഇൗ ചോദ്യം ദുബൈ കറാമയിൽ താമസിക്കുന്ന കണ്ണൂരുകാരൻ സുരേഷ് കുമാറിനോടാണെന്നിരിക്കട്ട, അപ്പോൾ തന്നെ അതിെൻറ ഫോട്ടോയെടുക്കും എന്നായിരിക്കും ഉത്തരം. ഓ, ഇങ്ങൾക്ക് നോമ്പുണ്ടാവില്ലല്ലോ എന്ന കമൻറ് വന്നാലും ഉത്തരമുണ്ട്; റമദാനിൽ നോമ്പ് പിടിക്കാതൊരു കളിക്കുമില്ല മാഷേ.... ഏതാനും വർഷങ്ങളായി കാമറയുമെടുത്ത് റമദാൻ സഞ്ചാരത്തിലാണ് ഇൗ മലയാളി ഫോട്ടോഗ്രാഫർ. ഉയർത്തികെട്ടിയ ഇഫ്താർ കൂടാരങ്ങൾ, ഭാഷകളുടെ അതിർവരമ്പ് മായ്ച്ചുകളഞ്ഞ മനുഷ്യരുടെ നീണ്ട നിരകൾ, പള്ളിമുറ്റത്തേക്ക് നീളുന്ന നിസ്കാരവരികൾ, കിട്ടിയത് പകുത്തുകൊടുക്കുന്ന ലേബർ കാമ്പുകൾ.... ലെൻസിലൂടെ സുരേഷ് കുമാർ പകർത്തിയ പ്രവാസലോകത്തെ റമദാൻ കാഴ്ചകൾക്ക് അവസാനവുമുണ്ടാകില്ല.
പക്ഷേ, മനസ്സ് നിറക്കുന്ന സ്നേഹത്തിെൻറയും സൗഹാർദ്ദത്തിെൻറയും റമദാൻ ഫ്രെയിമുകളെല്ലാം കോവിഡ് കവരാത്ത നോമ്പുകാലത്തിലേതാണ്. ഭാഷയറിയാത്ത, ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത ദേശത്തുള്ളവർക്കൊപ്പം ഒറ്റ മനസ്സോടെ ഒന്നിരിച്ചിരുന്ന് നോമ്പ് തുറന്ന നാളുകളിലേത്. വിശാലമായ റമദാൻ ടെൻറിൽ പ്രാർഥനയോടെ ഒത്തുചേർന്ന് നിർവൃതി നേടിയ സന്തോഷ നിമിഷങ്ങൾ. കോവിഡ് എന്ന കുഞ്ഞൻ വൈറസ് എല്ലാത്തിനുമൊപ്പം നോമ്പുകാലത്ത് മാത്രം വിരിയുന്ന വല്ലാത്തൊരു സന്തോഷവും ഉൗർജ്ജസ്വലതയും കൂടിയാണ് കെടുത്തിക്കളഞ്ഞതെന്ന് സുരേഷ്.
എന്തുകൊണ്ടു റമദാൻ?
നാട്ടിലുള്ളപ്പോൾ കേട്ടുകേൾവി മാത്രമായിരുന്നു സുരേഷിന് നോമ്പും പെരുന്നാളുമെല്ലാം. ഫോട്ടോഗ്രാഫറായി ദുബൈയിലെത്തിയതോടെയാണ് റമദാനും അത് തീർക്കുന്ന സന്തോഷവും പറഞ്ഞറിയിക്കാനാവാത്തൊരു അതിശയം തീർക്കുന്നത് നേരിൽ കണ്ടുതുടങ്ങിയത്. പണത്തിെൻറയോ പ്രതാപത്തിെൻറയോ നിറത്തിെൻറയോ ഭാഷയുടെയോ ദേശത്തിെൻറയോ അതിരുകളൊന്നുമില്ലാതെ, നീളുമുള്ള വരിയിൽ മനുഷ്യരെല്ലാം ഒന്നിച്ചിരിക്കുന്ന വിസ്മയകരമായ കാഴ്ചയായിരുന്നു റമദാൻ പകരുന്ന ഏറ്റവും വലിയ മനോഹാരിത. നിരനിരയായി സ്ഥാനം പിടിക്കുന്ന മജ്ലിസിൽ എല്ലാവർക്കും ഒരേ വികാരം, ഒരേ ചിന്ത മാത്രം. മാനവികതയുടെ ഏറ്റവും സുന്ദരമായ മുഖമായ റമദാൻ കാലങ്ങളെ സൂക്ഷിച്ചുവെക്കണമെന്ന് തോന്നിയത് അന്നുമുതലാണ്. മതങ്ങൾക്കതീതമായ മാനവികത ഉയർത്തിപ്പിടിക്കുന്ന സന്ദേശം പകരുന്ന പുണ്യകാലം തന്നെ തെരെഞ്ഞെടുക്കാൻ കാരണമായതും ആരെയും ആകർഷിക്കുന്ന തരത്തിൽ റമദാൻ പകരുന്ന ഉദാത്തമായ മനുഷ്യത്വബോധം തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാണ് -കഴിഞ്ഞ എട്ടു വർഷമായി ദുബൈയിൽ കഴിയുന്ന സുരേഷ് കുമാർ പറയുന്നു.
സൗഹൃദങ്ങളുടെയും പൂക്കാലം
മനസ്സിൽ സന്തോഷം നിറക്കുന്ന ഓർമകൾ മാത്രമല്ല, സൗഹൃദങ്ങളുടെയും പൂക്കാലമാണ് റമദാൻ. ഉള്ളിൽപിടിച്ചു പോയ ഒട്ടേറെ സൗഹൃദങ്ങൾ ലഭിച്ചതും നോമ്പുകാലങ്ങളിലാണ്. എല്ലാത്തിനോടും തികഞ്ഞ ശാന്തത പുലർത്തുന്ന വിശ്വാസികൾ, ഒരു പാത്രത്തിൽ നിന്ന് പങ്കിട്ടെടുത്ത് കഴിക്കുന്ന പല രാജ്യക്കാർ. ഇൗ സ്നേഹവും കരുതലും തന്നെയാമ് സുരേഷ് കണ്ട ഓരോ റമദാനും.
ഇവയെല്ലാം സചിത്രരേഖകളായി മാറിയ ആയിരക്കണക്കിന് ചിത്രങ്ങളാണ് ഇതുവരെയായി പകർത്തിയിട്ടുള്ളത്. റമദാൻ കടന്നുവരും മുമ്പ് അണിഞ്ഞൊരുങ്ങി, പുണ്യമാസത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന നഗരത്തിെൻറ സൗന്ദര്യവും ഗൾഫ് രാജ്യങ്ങളുടെ മാത്രം പ്രത്യേകതയാണ്. ഓരോ വീഥികളും അലങ്കരിച്ച് വർണവിളക്കുകളാൽ നിറയും. നമ്മുടെ നാട്ടിൻപുറങ്ങളിലെ ഉത്സവങ്ങൾക്ക് കാത്തിരിക്കുന്ന നാടു പോലെ പുതുമോടിയണിഞ്ഞു നിൽക്കുന്ന കാഴ്ചകളും ഫോട്ടോഗ്രാഫറെന്ന നിലയിൽ തെല്ലൊന്നുമല്ല ഇദ്ദേഹത്തെ അമ്പരപ്പിച്ചിട്ടുള്ളതും.
മാഞ്ഞുപോകില്ല ആ ലൈലത്തുൽഖദ്ർ രാവ്
രണ്ടു വർഷം മുമ്പ് റമദാൻ കാഴ്ചകൾ തേടി നടക്കുന്നതിനിടെയുള്ള നോമ്പുകാലം. ആയിരം രാത്രികളെക്കാൾ പവിത്രമായ ലൈലത്തുൽ ഖദ്ർ രാവിലെ പള്ളിയിലെ കാഴ്ചകൾ പകർത്താനൊരു അവസരം കിട്ടി. പള്ളി നിറഞ്ഞുകവിയുന്നതിനു മുമ്പ് തന്നെ സ്ഥലത്തെത്തി. സൗദി അറേബ്യയിൽ നിന്നുള്ള പണ്ഡിതനാണ് നിസ്കാരത്തിന് നേതൃത്വം നൽകുന്നത്. താനൊരു അമുസ് ലിം ആണല്ലോ എന്ന ചിന്ത മനസ്സിലുണ്ട്. രാത്രി 11 മണിയോടെ പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി, കൂടുതൽ അറബികൾ തന്നെ. രാത്രി നമസ്കാരത്തിന് തുടക്കമായി. ഓടിനിടന്ന് പടങ്ങൾ പിടിക്കേണ്ട സമയത്ത് ഭയം കൊണ്ടു കാലുകൾ നീങ്ങാത്തതു പോലെ. ഇതുകണ്ടു ഓടി വന്ന സംഘാടകനായ അറബി തിരക്കിയപ്പോൾ ജാള്യതയോടെ കാര്യം പറഞ്ഞു. പെട്ടെന്ന് തന്നെ അദ്ദേഹം കയ്യും പിടിച്ച് ഖുത്തുബ നടത്തുന്ന മിമ്പറിലേക്ക് കയറാൻ പറഞ്ഞു, ഒരു നിമിഷം ഒന്നും മനസ്സിലായില്ല. അപ്പോഴും ശങ്കിച്ചുനിന്ന സുരേഷിെൻറ കാമറ സ്റ്റാൻഡ് അദ്ദേഹം തന്നെ അവിടേക്ക് കൊണ്ടുവെച്ച് ഷൂട്ടിംഗ് തുടരാൻആവശ്യപ്പെട്ടു.
നിങ്ങൾ ആരോ ആകട്ടെ, ഇസ്ലാമിൽ വർഗവർണ വ്യത്യാസമില്ല. അല്ലാഹുവിന് മുന്നിൽ എല്ലാവർക്കും തുല്യപരിഗണനയാണ്. ഇത്രയും പറഞ്ഞ് പുറത്ത് തട്ടിയ ശേഷം അദ്ദേഹം നടന്നകന്നു. സ്വയം വിശ്വസിക്കാനായില്ല- ഇമാം ഖുത്തുബ നടത്തുന്ന മിമ്പറിൽ അന്യമതക്കാരനായ സുരേഷ് കുമാർ.
ഇമാമും വിശ്വാസിസഞ്ചയവും അതിന് താഴെയും. ഇസ്ലാം മുന്നോട്ട് വെക്കുന്ന തുല്യതയുടെയും മാനവികതയുടെയും സമത്വത്തിെൻറയും മഹത്തായ സന്ദേശം മനസിൽ വേരുറച്ചുപോയി. മുടക്കമില്ലാതെ നന്മകൾ ചെയ്യുന്നവർ പോലും പാപമോചനത്തിനായി മുസല്ലയിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞ് പ്രാർഥിക്കുന്ന ആ ഫ്രെയിമുകൾ പിന്നീട് ഓരോ തവണ കാണുമ്പോഴും, ഓരോ നിമിഷവും മനുഷ്യരെ നവീകരിച്ചുകൊണ്ടിരിക്കുന്ന ഇൗ മതം എത്രമാത്രം മഹത്വരമാമെന്ന് ഓർമപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.