ചൂട് കനക്കുന്നു; ജുമുഅ 10 മിനിറ്റിൽ തീർക്കാൻ നിർദേശം
text_fieldsദുബൈ: രാജ്യമെങ്ങും ചൂട് കനത്ത സാഹചര്യത്തിൽ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളിയാഴ്ചയിലെ ജുമുഅ 10 മിനിറ്റിൽ തീർക്കാൻ നിർദേശം. ജൂൺ 28 മുതൽ എല്ലാ പള്ളികളിലും നിർദേശം നടപ്പാക്കാനാണ് ഇസ്ലാമിക-വഖ്ഫ് കാര്യ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. താപനില വർധിച്ച സാഹചര്യത്തിൽ പള്ളിക്ക് പുറത്ത് നിൽക്കേണ്ടിവരുന്നവരുടേതടക്കം സുരക്ഷ പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്. ഒക്ടോബർ തുടങ്ങുന്നതുവരെ ഉത്തരവ് നിലനിൽക്കും.
ജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളാണ് എളുപ്പം നൽകലെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. യു.എ.ഇയുടെയും അതിന്റെ നേതൃത്വത്തിന്റെയും കാഴ്ചപ്പാടിന് അനുസൃതമാണ് ഈ തീരുമാനമെന്നും പൗരന്മാരുടെ ക്ഷേമം മുൻനിർത്തിയാണ് നിയമങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. വിശ്വാസികൾക്ക് ആത്മീയമായും ശാന്തതയോടും കൂടി ആരാധനകൾ നിർവഹിക്കാൻ സഹായിക്കുന്നതിന് സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നൽകുന്ന പിന്തുണക്ക് അതോറിറ്റി കൃതജ്ഞത അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ ദിവസം 50 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു. അൽ ഐനിലെ ഉമ്മുഅസിമുൽ എന്ന സ്ഥലത്ത് ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്കാണ് 50.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് ചൂട് പാരമ്യതയിലേക്ക് കടന്നിരിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് ശക്തമായത് വളരെ നേരത്തെയാണ്. കഴിഞ്ഞ വർഷം ജൂലൈ 16നാണ് 50 ഡിഗ്രി എന്ന പരിധിയിൽ എത്തിയത്. എന്നാൽ, ഇത്തവണ ജൂലൈ പിറക്കുന്നതിന് മുമ്പുതന്നെ ചൂട് പാരമ്യതയിലേക്ക് നീങ്ങിയിരിക്കുകയാണ്. രാജ്യത്ത് ജൂലൈ പകുതിയോടെ തുടങ്ങി ആഗസ്റ്റ് അവസാനം വരെയാണ് ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെടാറുള്ളത്. കനത്ത ചൂട് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും കൂടുതൽ വെള്ളം കുടിക്കാനും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.