യു.എ.ഇയിൽ ചൂട് കുറയുന്നു
text_fieldsദുബൈ: ശരത്കാലത്തിന്റെ വരവറിയിച്ച് യു.എ.ഇയിൽ അന്തരീക്ഷ താപനില കുറഞ്ഞുതുടങ്ങി. സെപ്റ്റംബർ 22ന് വൈകുന്നേരം 4.44ഓടെ രാജ്യത്ത് വേനൽകാലം അവസാനിക്കുകയും തണുപ്പുകാലത്തിന് ആരംഭം കുറിക്കുകയും ചെയ്യുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
ഈ മാസം അവസാനത്തോടെ രാത്രിയിലെ താപനില 25 ഡിഗ്രിക്കും പകൽ 40 ഡിഗ്രിക്കും താഴേയെത്തും. തണുപ്പ് കാലത്തിന്റെ ആരംഭത്തിനു ശേഷം പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമായിരിക്കും. പൂർണമായും ശൈത്യത്തിലേക്ക് നീങ്ങുന്നതോടെ രാത്രികൾ ക്രമേണ പകലിനെക്കാൾ ദൈർഘമേറിയതായിത്തീരും.
ഒക്ടോബർ പകുതി മുതൽ ഏപ്രിൽ പകുതിവരെ രാത്രിയിൽ താപനില 20 ഡിഗ്രിക്ക് താഴേയെത്തുന്നതോടെ തണുപ്പ് കൂടും. നവംബർ പകുതി മുതൽ മാർച്ച് പകുതിവരെ പകൽ താപനില 30 ഡിഗ്രിയിലേക്ക് താഴുകയും ചെയ്യും. കൂടാതെ ശൈത്യകാലത്തോടനുബന്ധിച്ചുള്ള മഴക്കാലം നവംബർ തുടക്കത്തിൽ ആരംഭിച്ച് മാർച്ച് അവസാനം വരെ തുടരും.
ഇക്കാലയളവിൽ വർഷത്തിൽ 22 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയം ഉയർന്ന ഈർപ്പ നില രാവിലെ മൂടൽ മഞ്ഞിന് വഴിവെക്കും. പ്രത്യേകിച്ച് സെപ്റ്റംബർ പകുതി മുതൽ നവംബർ പകുതി വരെ. സെപ്റ്റംബർ മാസത്തിലെ അവസാന ദിനങ്ങളിൽ രാജ്യത്ത് ഇടിയോട് കൂടിയ മഴയും പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥകേന്ദ്രം പ്രവചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.