ചൂട് കനക്കുന്നു; വാഹനങ്ങള്‍ക്ക് തീപിടിക്കാതെ സൂക്ഷിക്കാം
text_fieldsഅബൂദബി: രാജ്യത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അബൂദബി പൊലീസിന്‍റെ നിര്‍ദേശം. വാഹനങ്ങള്‍ക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ പ്രധാനമായും അഞ്ച് മുന്‍ കരുതലുകള്‍ സ്വീകരിക്കണം. വേനല്‍ക്കാലത്ത് വാഹനങ്ങള്‍ തീപിടിക്കുകയും ഇതുമൂലം അപകടങ്ങളുണ്ടാവുന്നതുമായ സംഭവങ്ങള്‍ നിരവധിയാണ്. വാഹനം ഉപയോഗിക്കുന്നവരുടെ അശ്രദ്ധയാണ് പ്രധാനകാരണമെന്ന് അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും ചൂണ്ടിക്കാണിക്കുന്നു.
പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള ഇന്ധനങ്ങള്‍, ദ്രാവകങ്ങള്‍, എണ്ണകള്‍, ഉരുകിയൊലിച്ച് തീപിടിക്കുന്ന റബര്‍, പ്ലാസ്റ്റിക് ഉപകരണങ്ങള്‍ തുടങ്ങിയവ വാഹനത്തിനുള്ളില്‍ സൂക്ഷിക്കുന്നത് അപകടമുണ്ടാവാനുള്ള പ്രധാന കാരണമാണ്. വാഹനം സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താത്തതും പ്രതികൂലമായി ബാധിക്കും. കൃത്യമായി സ്ഥാപിക്കാത്ത യന്ത്രഭാഗങ്ങള്‍ ഉരഞ്ഞും തീപിടുത്തമുണ്ടാവാന്‍ സാധ്യതയേറെയാണ്. അംഗീകൃത വര്‍ക്ക്‌ഷോപ്പുകളില്‍ വാഹനം അറ്റകുറ്റപ്പണി നടത്താന്‍ ശ്രദ്ധിക്കണം.
അനുമതിയില്ലാത്തതും വാഹനവുമായി യോജിക്കാത്തതുമായ ഇലക്ട്രിക് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതും ഒഴിവാക്കണം. വാഹനത്തിനുള്ളില്‍ ബാറ്ററിയുമായി ഘടിപ്പിച്ച് ഉപയോഗിക്കുന്ന ചാര്‍ജര്‍ പോലുള്ളവ ഉപയോഗിക്കാത്തപ്പോള്‍ വിച്ഛേദിക്കാതെ പോകരുത്. ചില സാനിറ്റൈസറുകളും ചൂടുപിടിച്ചാല്‍ കത്തിപ്പിടിക്കാന്‍ സാധ്യതയുണ്ടെന്നും സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ കേണല്‍ എന്‍ജിനീയര്‍ സാലിം ഹാഷിം അല്‍ ഹബാഷി, അബൂദബി പൊലീസിന്‍റെ ക്രിമിനല്‍ എവിഡന്‍സ് ഫയര്‍ വിഭാഗം മേധാവി ഡോ. എന്‍ജിനീയര്‍ ആദില്‍ നാസിബ് അല്‍ സഖ്‌റി എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.