ചൂടു കൂടുന്നു; ആരോഗ്യ സംരക്ഷണം പ്രധാനം
text_fieldsഗൾഫ് നാടുകളിൽ ഇത് ചൂടുകാലമാണ്. യു.എ.ഇയിലും ഒമാനിലും താപനില 50 ഡിഗ്രി കവിഞ്ഞു. ഖത്തറിലും കുവൈത്തിലും 50ലേക്ക് അടുക്കുന്നു. ബഹ്റൈനിലും സൗദിയിലും 40 കടന്നു. ഈ സാഹചര്യത്തിൽ ചൂടിൽനിന്ന് സുരക്ഷ നേടാനുള്ള ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം.
എ.സി മുറിയിൽ മാത്രം ഇരുന്ന് ജോലി ചെയ്യുന്നവരല്ല ഭൂരിപക്ഷ പ്രവാസികളും. ജോലിയുടെ ഭാഗമായി നട്ടുച്ചക്ക് പോലും പുറത്തിറങ്ങുന്നവരാണ് ഏറെയും. ചൂടുള്ളതും വളരെ അധികം ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ആശങ്കയുള്ളതിനാലാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ഉച്ചക്ക് വിശ്രമ സമയം പ്രഖ്യാപിക്കുന്നത്. അത്രയേറെ സൂക്ഷിക്കേണ്ടതാണ് ഈ ചൂടുകാലം. അന്തരീക്ഷ ഊഷ്മാവ് ഉയർന്ന രാജ്യങ്ങളിലുള്ളവർക്ക് നിർജലീകരണം, സൂര്യാതപം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
എന്താണ് നിർജലീകരണം?
ചൂടുകാലത്ത് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം നിർജലീകരണം ആണ്. മുൻകരുതലിലൂടെ ഈ പ്രശ്നം എളുപ്പത്തിൽ തടയാനാകും.
അന്തരീക്ഷത്തിലെ ഉയർന്ന ഊഷ്മാവ് മൂലം നമ്മുടെ ശരീരം അതിനുള്ളിലെ ഊർജം ഉപയോഗിച്ച് ശരീര താപനില സുസ്ഥിരമാക്കാൻ ശ്രമിക്കും. ഇത് നമുക്ക് ക്ഷീണമുണ്ടാക്കുകയും നിർജലീകരണത്തിലേക്കും നയിക്കും. അതുകൊണ്ട്, ഉയർന്ന ഊഷ്മാവ് രേഖപ്പെടുത്തുന്ന രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ വീട്ടിനുള്ളിലും ഓഫിസുകളിലും കഴിയുന്നതാണ് നല്ലത്. വിറ്റമിൻ ഡിയുടെ കുറവ് ഉള്ളവർക്ക് അതിരാവിലെ സൂര്യപ്രകാശം ലഭിക്കുന്നത് നല്ലതാണ്. ശരീരത്തിൽ നിന്നും ഗണ്യമായ അളവിൽ ജലാംശം നഷ്ടപ്പെടുമ്പോൾ അതിനോടൊപ്പം അവശ്യ ലവണ-ധാതുക്കൾ നഷ്ടപ്പെടുകയും നിർജലീകരണം സംഭവിക്കുകയും ചെയ്യുന്നു. സാധാരണ കഠിന വ്യായാമം, ജോലി, ഛർദ്ദി, വയറിളക്കം എന്നിവ മൂലവും ഇങ്ങനെ സംഭവിക്കാം.
വളരെ ശാരീരിക അധ്വാനം വേണ്ടിവരുന്ന ജോലികളിൽ ഏർപ്പെടുന്നവർക്കാണ് പ്രധാനമായും നിർജലീകരണം അനുഭവപ്പെടുന്നത്. പ്രത്യേകിച്ചും പുറത്ത് ജോലി ചെയ്യുന്നവർക്ക്. മുതിർന്ന ആളുടെ ശരീരത്തിൽ നിന്ന് ശരാശരി ഒരു ദിവസം 2-3 ലിറ്റർ വെള്ളം നഷ്ടപ്പെടുന്നു. മനുഷ്യശരീരം വെള്ളം സംഭരിക്കുന്നില്ല. അതിനാൽ ഒരു ദിവസം നിരവധി ലിറ്റർ വെള്ളം കുടിക്കുകയും മറ്റൊരു ദിവസം വെള്ളം കുടിക്കാതെയും ഇരുന്നാൽ, ശരീരത്തെ ഇത് ദോഷമായി ബാധിക്കും. ശരീരത്തിന് കൂടുതൽ വെള്ളം ആവശ്യമുണ്ട് എന്നതിെൻറ ആദ്യ ലക്ഷണമാണ് ദാഹം. ദാഹം നിങ്ങൾ മനസ്സിലാകുേമ്പാഴേക്കും ശരീരത്തിൽ നിന്നും രണ്ട് ശതമാനം ജലാംശം നഷ്ടപ്പെട്ടിരിക്കും. വരണ്ട വായയും നാവും, തലവേദന, മൂത്രത്തിെൻറ അളവിലെ കുറവ്, ഇരുണ്ട നിറമുള്ള മൂത്രം എന്നിവയാണ് മറ്റു ചില ലക്ഷണങ്ങൾ. നിർജലീകരണം ബലഹീനത, ക്ഷീണം, പേശിവലിവ് എന്നിവക്കും കാരണമാകും.
വെള്ളം എത്ര കുടിക്കണം?
ദിവസവും കുടിക്കേണ്ട വെള്ളത്തിെൻറ അളവ് ഓരോരുത്തരുടെയും ശരീരപ്രകൃതി, ആരോഗ്യസ്ഥിതി, ഉപയോഗിക്കുന്ന മരുന്നുകൾ, മറ്റ് പല ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. പ്രത്യേകിച്ച് വൃക്ക രോഗികൾ, ഹൃദ്രോഗമുള്ളവർ, ചില നിർദിഷ്ട മരുന്നുകൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് കുടിക്കേണ്ട വെള്ളത്തിെൻറ അളവ് കൂടുതലോ കുറവോ ആകാം. ചികിത്സിക്കുന്ന ഡോക്ടർമാരുമായി ചർച്ച ചെയ്ത ശേഷം വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ.
മുതിർന്നവരും കുട്ടികളും ദിവസവും എത്രത്തോളം വെള്ളം കുടിക്കണം എന്നതിന് പൊതുവായ മാനദണ്ഡവുമില്ലെങ്കിലും കുട്ടികൾക്ക് പ്രതിദിനം 1.5 ലിറ്ററും സ്ത്രീകളും പുരുഷന്മാരും ദിവസവും ഏകദേശം 2.5 ലിറ്റർ, 3.5 ലിറ്റർ വീതവും വെള്ളം കുടിക്കണം. വേനൽക്കാലത്ത് സ്വയം തയാറെടുക്കുന്നതിനും നിർജലീകരണം തടയാനും ഡോക്ടറുമായി കൂടിയാലോചിക്കുന്നത് ഉചിതമായിരിക്കും.
നിർജലീകരണം അകറ്റാൻ ചില നുറുങ്ങുകൾ
1. ധാരാളം വെള്ളം കുടിക്കുക:
നിർജലീകരണം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം ശരീരത്തിൽ ജലാംശം നിലനിർത്തുകയാണ്. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കണം. തേങ്ങാവെള്ളം, നാരങ്ങവെള്ളം, മോര്, ക്ലിയർ സൂപ്പ്, ഫ്രൂട്ട് ജ്യൂസുകൾ എന്നിവ കുടിക്കുന്നതിലൂടെ ശരീരത്തിലെ ധാതു-ലവണങ്ങളുടെ അളവും നിയന്ത്രിക്കാം. എന്നാൽ, പഞ്ചസാര ചേർത്ത ഫ്രൂട്ട് ജ്യൂസുകളും ശീതളപാനീയങ്ങളും ഒഴിവാക്കണം.
2. ഉചിതമായ വസ്ത്രം ധരിക്കുക:
ഇരുണ്ട നിറങ്ങളുള്ള വസ്ത്രങ്ങൾ കൂടുതൽ ചൂട് ആഗിരണം ചെയ്യുന്നതിലൂടെ നമ്മൾ കൂടുതൽ വിയർക്കുന്നു. ഇറുകിയ വസ്ത്രങ്ങൾ ശരീരത്തിന് ആന്തരികമായി താപനില നിയന്ത്രിക്കാൻ അത്യാവശ്യമായ ബാഹ്യ തണുപ്പിനെ തടയുന്നു. അതിനാൽ, പുറത്തേക്ക് പോകുമ്പോൾ ഇളം നിറത്തിലുള്ള ഇറുകാത്ത വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.
3. സൂര്യപ്രകാശത്തിൽനിന്ന് ശരീരത്തെ സംരക്ഷിക്കുക:
സാധ്യമെങ്കിൽ ഉച്ചസമയത്ത് പുറത്ത് പോകുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് പോകേണ്ടിവന്നാൽ തണലിൽ നടക്കുക, തൊപ്പികൾ സൺഗ്ലാസുകൾ എന്നിവ ധരിക്കുക അല്ലെങ്കിൽ ഒരു കുട ഉപയോഗിക്കുക. സൂര്യാതപം ഉണ്ടാകാതിരിക്കാൻ 15ൽ കൂടുതലുള്ള എസ്.പി.എഫ് ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുക.
4. പഴങ്ങളും പച്ചക്കറികളും കഴിക്കുക:
പച്ചക്കറികളും പഴങ്ങളായ തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, വാഴപ്പഴം എന്നിവ ജലത്തിെൻറയും, അവശ്യ ധാതു-ലവണങ്ങളാലും സമ്പുഷ്ടമാണ്. ഇവ കൂടുതലായി ഉപയോഗിക്കുക. കൂടാതെ, മസാലകൾ, എണ്ണമയമുള്ളതും കടുപ്പമുള്ളതുമായ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക, കാരണം അവ അസിഡിറ്റി വർധിപ്പിക്കും.
5. കഠിന വ്യായാമങ്ങൾ ഒഴിവാക്കുക:
ഇത് ധാരാളം വിയർപ്പിന് കാരണമാവുകയും നിർജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. വ്യായാമം ചെയ്യുകയാണെങ്കിൽ, സാധ്യമെങ്കിൽ അത് വീടിനുള്ളിൽ ചെയ്യുക. വ്യായാമത്തിനു മുമ്പേ ധാരാളം വെള്ളം കുടിക്കുക. വ്യായാമത്തിന് പോകുേമ്പാൾ ഒരു വെള്ളക്കുപ്പിയിൽ വെള്ളം കൊണ്ടുപോയി പതിവായി വ്യായാമത്തിന് ഇടയിൽ ഇടവിട്ട് കുടിക്കുന്നതും നല്ലതാണ്.
6. ഡൈയൂററ്റിക്സ് പദാർഥങ്ങൾ ഒഴിവാക്കുക:
ശരീരത്തിൽനിന്നും ജലാംശം നഷ്ടപ്പെടുത്താൻ ഇടയാക്കുന്നതും മൂത്രത്തിെൻറ ഉൽപാദനം വർധിപ്പിക്കുന്നതുമായ ഭക്ഷണ പദാർഥങ്ങളാണ് ഡൈയൂററ്റിക്സ്. കോഫി, കോള, ചോക്ലറ്റ് തുടങ്ങിയ പാനീയങ്ങളിൽ അടങ്ങിയ കഫീൻ ജനപ്രിയ ഡൈയൂററ്റിക്സിൽ ഉൾപ്പെടുന്നു. ഇവ ഒഴിവാക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം സംരക്ഷിക്കാം.
7. പ്രോബയോട്ടിക് പരിഗണിക്കുക:
പ്രോബയോട്ടിക് മരുന്നുകൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും അണുബാധയിൽനിന്ന് സംരക്ഷിക്കാനും വെള്ളം ഉൾപ്പെടെ ഭക്ഷണത്തിെൻറയും പോഷകങ്ങളുടെയും ആഗിരണം മെച്ചപ്പെടുത്താനും സഹായിക്കും. വയറിളക്കം ഉൾപ്പെടെ നിർജലീകരണവുമായി ബന്ധപ്പെട്ട നിരവധി അവസ്ഥകളിൽനിന്നും സുഖം പ്രാപിക്കുന്നതിന് പ്രോബയോട്ടിക്സ് സഹായിക്കുന്നു. ഇത് ഡോക്ടറുമായി കൂടിയാലോചിച്ച് ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.