ചരിത്രദൗത്യത്തിന് മൂന്നാണ്ട്
text_fieldsദുബൈ: യു.എ.ഇയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് നിറംപകർന്ന ഹസ്സ അൽ മൻസൂരിയുടെ കുതിപ്പിന് മൂന്നു വയസ്സ്. 2019 സെപ്റ്റംബർ 25നായിരുന്നു ബഹിരാകാശത്ത് ആദ്യമായി യു.എ.ഇയുടെ പാദമുദ്ര പതിഞ്ഞത്. ഹസ്സ അൽ മൻസൂരി എന്ന ഇമാറാത്തിയെയും വഹിച്ച് സോയൂസ് എം.എസ് കുതിച്ചിട്ട് മൂന്നു വർഷം പിന്നിടുമ്പോൾ ചൊവ്വയും കടന്ന് ചന്ദ്രനിലേക്കുള്ള യാത്രക്കൊരുങ്ങുകയാണ് രാജ്യം.
ബഹിരാകാശത്തെത്തുന്ന 19ാമത് രാജ്യം എന്ന നേട്ടവുമായാണ് ഹസ്സ അൽ മൻസൂരി കുതികുതിച്ചത്. നാസയുടെ പര്യവേക്ഷക ജസീക മീർ, റഷ്യൻ കമാൻറർ ഒലേഗ് സ്ക്രിപോച്ച്ക എന്നിവരോടൊപ്പം ഖസാകിസ്താനിലെ ബൈകനൂർ കോസ്മോ ഡ്രോമിൽ നിന്നായിരുന്നു യാത്ര. എട്ടു ദിവസം അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിൽ ചെലവിട്ട് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയശേഷമാണ് സംഘം തിരിച്ചെത്തിയത്. പ്രഖ്യാപനത്തിനുശേഷം കേവലം രണ്ടു വർഷംകൊണ്ടാണ് യു.എ.ഇ ദൗത്യം പൂർത്തിയാക്കിയത്.
17നും 67നും ഇടയിൽ പ്രായമുള്ള 4022 അപേക്ഷകരിൽനിന്നാണ് മുൻ സൈനിക പൈലറ്റായ മേജർ ഹസ്സ അൽ മൻസുരി എന്ന 34കാരനെ തെരഞ്ഞെടുത്തത്. എണ്ണയും പണവും മാത്രമുള്ള, മറ്റൊന്നിനും കഴിവില്ലെന്ന് ലോകം മുദ്രകുത്തിയ സമൂഹത്തിന്റെ പ്രതിനിധിയാണ് ഹസ്സ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പറന്നത്.
ഹസ്സ യാത്ര പുറപ്പെട്ട നിമിഷം തന്നെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമിന്റെ പ്രഖ്യാപനം വന്നു, അടുത്ത ലക്ഷ്യം ചൊവ്വയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചൊവ്വാ ദൗത്യവും വിജയകരമായി പൂർത്തിയാക്കിയ യു.എ.ഇ നവംബറിൽ ചാന്ദ്ര ദൗത്യത്തിനൊരുങ്ങുകയാണ്.
അന്ന് യാത്രികൻ; ഇന്ന് പകരക്കാരൻ
അടിയന്തര സാഹചര്യം വന്നാൽ നിയാദിക്കു പകരം ദൗത്യം ഏറ്റെടുക്കുന്നത് ഹസ്സയായിരിക്കും
ദുബൈ: യു.എ.ഇയുടെ പുതിയ ബഹിരാകാശ ദൗത്യത്തിനൊരുങ്ങുന്ന സുൽത്താൻ അൽ നിയാദിയുടെ ബാക്ക് അപ്പ് ക്രൂ ആയി ഹസ്സ അൽ മൻസൂരിയെ തീരുമാനിച്ചു. യു.എ.ഇയുടെ ബഹിരാകാശ യാത്രക്ക് മൂന്നു വർഷം പിന്നിട്ട ദിവസമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ആദ്യ ബഹിരാകാശ യാത്രികനെന്ന പകിട്ടുമായി ഹസ്സ കുതിച്ച 2019ൽ പകരക്കാരനായിരുന്നത് നിയാദിയായിരുന്നു. മൂന്നു വർഷങ്ങൾക്കുശേഷം നിയാദി കുതിക്കുമ്പോൾ പകരക്കാരനായി ഹസ്സയെത്തുന്നത് ചരിത്രത്തിന്റെ നിയോഗം. അടിയന്തര സാഹചര്യം വന്നാൽ നിയാദിക്കു പകരം ദൗത്യം ഏറ്റെുക്കുന്നത് ഹസ്സയായിരിക്കും. അതിനാൽ, നിയാദിക്കും ഹസ്സക്കും ഒരേ രീതിയിലുള്ള പരിശീലനമായിരിക്കും നൽകുക. ഹസ്സയുടെ യാത്രാസമയത്തും സമാന പരിശീലനം നിയാദിക്ക് നൽകിയിരുന്നു. അടുത്ത വർഷമാണ് നിയാദിയുടെ യാത്ര. അറബ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ യാത്രക്കാണ് നിയാദി ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.