അവധിയാഘോഷം പരിധിവിട്ടു; 94 വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsദുബൈ: രാജ്യത്തിന്റെ 52ാം ദേശീയ ദിനാഘോഷത്തിനിടെ നിയമലംഘനം നടത്തിയ 94 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബൈ പൊലീസ് അറിയിച്ചു. കാറുകളും മോട്ടോർ ബൈക്കുകളും അടക്കമുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. വിവിധ സംഭവങ്ങളിലായി 4,420 ഗുരുതരമായ തെറ്റുകൾ കണ്ടെത്തി. അൽ റുവയ്യ, ജുമൈറ, മറ്റു റഡിഡൻഷ്യൽ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങളുണ്ടായതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപകടകരമായ രീതിയിൽ വാഹനമോടിക്കുക, റോഡിൽ സാഹസിക ഡ്രൈവിങ് നടത്തുക, അലോസരം സൃഷ്ടിക്കുക, അംഗീകാരമില്ലാതെ പരേഡുകളും ഒത്തുചേരലുകളും നടത്തുക, ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുക, പൊലീസ് നിർദേശം അവഗണിക്കുക എന്നീ കുറ്റങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ചില വാഹനങ്ങൾ വളരെ അപകടകരമായ രീതിയിൽ റോഡിൽ അഭ്യാസ പ്രകടനങ്ങൾ കാണിച്ചതായും പ്രധാന റോഡുകളിലും ഇടറോഡുകളിലും ഇത് ഗതാഗതത്തിന് പ്രയാസം സൃഷ്ടിച്ചതായും അധികൃതർ പറഞ്ഞു. ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ സ്ഥാപിച്ച് വാഹനങ്ങൾ നിരത്തിലിറക്കിയവരും നിയമവിരുദ്ധമായി എൻജിനിൽ മോഡിഫിക്കേഷൻ വരുത്തിയവരും പിടിയിലായവരിൽ ഉൾപ്പെടും.
വാഹനങ്ങളിൽ അധികമാളുകളെ കയറ്റുക, വാതിലുകൾക്കും സൺറൂഫുകൾക്കും പുറത്ത് തടയിടുക, പാർട്ടി സ്പ്രേ ഉപയോഗിക്കുക, നമ്പർ പ്ലേറ്റുകൾ മറച്ചുപിടിക്കുക, വാഹനങ്ങളുടെ നിറം മാറ്റുക, മുൻഭാഗത്തെ ഗ്ലാസിൽ കളർ നൽകുക എന്നിങ്ങനെ കുറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്. മരുഭൂമിയിലെ ക്യാമ്പുകളിൽ അലോസരം സൃഷ്ടിച്ചവരും ശബ്ദ കോലാഹലങ്ങളുണ്ടാക്കിയവരും നടപടി നേരിട്ടിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചുകിട്ടാൻ 50,000 ദിർഹം വരെ പിഴ അടക്കേണ്ടതായി വരും.
രക്ഷിതാക്കൾ കുട്ടികളെയും കൗമാരക്കാരെയും അപകടകരമായ ഡ്രൈവിങ്ങിൽ നിന്ന് പിന്തിരിപ്പിക്കുകയും ഗുരുതരമായ അപകടങ്ങൾ ഒഴിവാക്കാൻ നിർദേശങ്ങൾ നൽകുകയും ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. ദേശീയദിനാഘോഷത്തിനുമുമ്പ് ദുബൈ പൊലീസ് റോഡിൽ പാലിക്കേണ്ട നിയമം സംബന്ധിച്ച് കൃത്യമായ നിർദേശം പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.