അവധിക്കാലം അടുത്തു, വിമാന നിരക്ക് ഉയർന്നു
text_fieldsഷാർജ: വിദ്യാലയങ്ങളിൽ മധ്യവേനലവധി അടുത്തതോടെ യു.എ.ഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു. ബലി പെരുന്നാൾ അവധികൂടി വന്നതോടെ ഈ മാസം ആദ്യം മുതൽ ജൂലൈ രണ്ടാം വാരം വരെ ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കിയിരുന്നത്. വേനലവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കുന്ന ആഗസ്റ്റ് അവസാനം കേരളത്തിൽനിന്ന് യു.എ.ഇയിലേക്കും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.
മധ്യവേനൽ അവധി ആരംഭിക്കുന്ന ജൂൺ 29 മുതൽ യു.എ.ഇയിൽനിന്ന് കൊച്ചിയിലേക്ക് 1250 മുതൽ 2600 ദിർഹം വരെയാണ് നിരക്ക്. തിരുവനന്തപുരത്തേക്ക് 1500 മുതൽ 3400 ദിർഹം വരെയും കോഴിക്കോട്ടേക്ക് 1250 മുതൽ 2150 ദിർഹം വരെയും കണ്ണൂരിലേക്ക് 1150 മുതൽ 1525 ദിർഹം വരെയുമാണ് ടിക്കറ്റ് നിരക്ക്. ഇതുമൂലം മൂന്നും നാലും അംഗങ്ങളുള്ള ഒരു കുടുംബത്തിന് വലിയ തുക ഓരോ വർഷവും ടിക്കറ്റിനായി നീക്കിവെക്കേണ്ടിവരുന്നുണ്ട്. ചെറിയ ശമ്പളക്കാരായ സ്വകാര്യ സ്കൂളിലെ ജീവനക്കാർക്ക് രണ്ടോ മൂന്നോ മാസത്തെ ശമ്പളം ടിക്കറ്റിനു മാറ്റിവെക്കേണ്ടിവരികയാണ്.
അവധിക്കാലങ്ങളിൽ കേരളത്തിലേക്ക് നേരിട്ടുള്ള വിമാന ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വർധിക്കുന്നതിനാൽ സമീപരാജ്യങ്ങളിലെ വിസിറ്റ് വിസയെടുത്ത് ആ രാജ്യങ്ങളിലെ എയർപോർട്ടുകൾ വഴി യാത്ര ചെയ്യുകയാണ് പലരും. ഒമാനിലെ മസ്കത്തിൽനിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് 550 ദിർഹം മുതൽ 750 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. ഒമാനിലേക്കുള്ള വിസിറ്റ് വിസക്കും റോഡ് മാർഗമുള്ള യാത്രക്കും വരുന്ന ചെലവ് കൂട്ടിയാലും ഇതാണ് ലാഭമെന്നാണ് അൽഐനിലെ സ്വകാര്യ സ്കൂളിലെ അധ്യാപകർ പറയുന്നത്.
കേരളത്തിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റുകൾ വഴിയും യാത്ര ചെയ്യുന്നവരുണ്ട്. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങി കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലേക്ക് താരതമ്യേന കുറഞ്ഞ നിരക്കാണ്. എന്നാൽ, ഇവിടെനിന്ന് നാട്ടിലെത്താൻ നീണ്ട മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരും. ചെറിയ കുട്ടികളുള്ള കുടുംബങ്ങളും പ്രായം ചെന്നവരുമാണ് ഇത്തരം യാത്രയിൽ ഏറെ പ്രയാസപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.