ആശുപത്രിയും കോൺസുലേറ്റും സഹായിച്ചു; സന്തോഷ് നാടണഞ്ഞു
text_fieldsദുബൈ: ആശുപത്രിയും ഇന്ത്യൻ കോൺസുേലറ്റും സാമൂഹിക പ്രവർത്തകരും സഹായിച്ചതോടെ കൊല്ലം ഒാച്ചിറ സ്വദേശി സന്തോഷ് ബാബു (36) രോഗക്കിടക്കയിൽനിന്ന് നാടണഞ്ഞു. ആശുപത്രി അധികൃതർ ബിൽ എഴുതിത്തള്ളുകയും നാട്ടിലെത്തിക്കാനുള്ള സംവിധാനം കോൺസുലേറ്റ് ഏർപ്പെടുത്തുകയും ചെയ്തതോടെയാണ് സന്തോഷിന് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്. എന്നാൽ, സ്ട്രെച്ചറിൽ നാട്ടിലെത്തിച്ച സന്തോഷിന് സുമനസ്സുകളുടെ സഹായമില്ലാതെ തുടർ ചികിത്സ സാധ്യമാകില്ല. ദുബൈയിൽനിന്ന് നേരെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലേക്കാണ് എത്തിക്കുന്നത്. എഴുന്നേൽക്കാനോ ചലിക്കാനോ കഴിയാത്ത അവസ്ഥയിലാണ്.
സി.സി ടി.വി കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് സന്തോഷിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ക്ലിനിക്കിൽ എത്തിയപ്പോൾ കുഴഞ്ഞുവീണ സന്തോഷിനെ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളായി കോമയിലായിരുന്നു. ഇന്ത്യക്കാരെൻറ ഉടമസ്ഥതയിലുള്ള കമ്പനി കൈയൊഴിഞ്ഞതോടെ സന്തോഷിെന ഏറ്റെടുക്കാൻ ആളില്ലാതായി. ഇതോടെയാണ് സാമൂഹിക പ്രവർത്തകരായ നസീർ വാടാനപ്പള്ളി, കരീം വലപ്പാട് എന്നിവരുടെ നേതൃത്വത്തിൽ സഹായവുമായി എത്തിയത്. ഇന്ത്യൻ കോൺസുലേറ്റിലും വിദേശകാര്യ മന്ത്രാലയത്തിലും വിവരം അറിയിച്ചു.
സ്ട്രക്ചറിൽ നാട്ടിലെത്തിക്കാനുള്ള വിമാന ചെലവ്, ഡോക്ടർ, നഴ്സ്, ഓക്സിജൻ എന്നിവക്കാവശ്യമായ 45,000 ദിർഹം കോൺസുലേറ്റ് നൽകി. രണ്ടര ലക്ഷം ദിർഹമായിരുന്നു ആശുപത്രി ബിൽ. ഒന്നര ലക്ഷം ദിർഹം ഇൻഷുറൻസ് ലഭിച്ചു. ബാക്കി ഒരു ലക്ഷം ദിർഹം ആസ്റ്റർ ഹോസ്പിറ്റൽ എഴുതിത്തള്ളി. വ്യാഴാഴ്ച രാത്രിയിലുള്ള വിമാനത്തിലാണ് സന്തോഷിനെ നാട്ടിലേക്ക് അയച്ചത്. കൂലിപ്പണിയെടുക്കുന്ന അച്ഛെൻറ വരുമാനമാണ് ഏക ആശ്രയം. വീട്ടിൽ രണ്ടു സഹോദരിമാരാണുള്ളത്. വീട് പണിക്കായി ആധാരം പണയം വെച്ച് 10 ലക്ഷം രൂപ എടുത്തിരുന്നു. ഇതു തിരിച്ചടക്കാനും തുടർചികിത്സക്കും വകയില്ലാത്ത അവസ്ഥയിലാണ് നാട്ടിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.